'പുളിക്കൽകവല ∙ അക കണ്ണിന്റെ വെളിച്ചത്തിൽ ബെന്നി ആന്റണി സർബത്ത് കുലുക്കുകയാണ്. ആ രുചിക്കൂട്ട് അറിഞ്ഞവർ അനേകം. ചങ്ങനാശേരി –വാഴൂർ റോഡിൽ ഉദയപുരത്തിനു സമീപം ബെന്നിയുടെ ഉന്തുവണ്ടി കട കാണാം. കുലുക്കി സർബത്താണ് ഇവിടെ പ്രധാനം. കാഴ്ചയില്ലാത്ത ഒരു കണ്ണും, പാതി കാഴ്ചയുള്ള ഒരു കണ്ണുമായി ബെന്നി യാത്രക്കാരുടെ ദാഹം അകറ്റുന്നു. 7 വർഷമായി ഇതു വഴി യാത്ര ചെയ്യുന്നവർ ബെന്നിയുടെ പരിചയക്കാരാണ്. ഹോട്ടൽ തൊഴിലാളിയായിരുന്ന ബെന്നിക്ക് 20 വർഷം മുൻപാണ് കണ്ണിൽ രോഗത്തെ തുടർന്നു കാഴ്ച നഷ്ടപ്പെടുന്നത്.
തുടർച്ചയായ ചികിത്സയിൽ ഒരു കണ്ണിനു പാതി കാഴ്ച തിരികെ കിട്ടി. വാടകവീട്ടിലാണ് താമസം. വരുമാന മാർഗത്തിന് ഉന്തുവണ്ടിയുമായി വീടിനു സമീപം റോഡരികിലേക്ക് കുലുക്കി സർബത്തുമായി ഇറങ്ങി. കോവിഡ് കാലത്തിനു മുൻപ് മികച്ച കച്ചവടം ഉണ്ടായിരുന്നുവെന്നു ബെന്നി പറഞ്ഞു. ഇപ്പോൾ വരുമാനം കുറവാണ്. എങ്കിലും കാഴ്ചപരിമിതിയെ അതിജീവിച്ചു ജീവിത ചെലവു കണ്ടെത്താൻ ബെന്നി ദിനവും കുലുക്കി സർബത്തുമായി ഈ വഴിയോരത്ത് ഉണ്ടാകും. ജോളിയാണു ഭാര്യ.