കുമരകം ∙ ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിന് എത്തുന്ന പ്രതിനിധികൾക്കു സഞ്ചരിക്കാൻ വേമ്പനാട്ട് കായലിൽ ജലപാതയും തയാർ. പ്രതിനിധികൾ താമസിക്കുന്ന ഹോട്ടൽ– റിസോർട്ട് കായൽ ഭാഗത്തു നിന്ന് 7 കിലോമീറ്റർ നീളത്തിലാണു ജലപാത തയാറായിരിക്കുന്നത്. പാതയ്ക്ക് ഇരുവശവും റിഫ്ലക്ടറുകൾ സ്ഥാപിക്കും. ജല പാത ഒരുക്കുന്നതിനായി ഇവിടത്തെ പോള നീക്കുകയും ആഴം കൂട്ടുകയും ചെയ്തു. കായലിൽ നിന്നു വീണ്ടും ഇവിടേക്കു പോള കയറാതിരിക്കാനും ക്രമീകരണമായി.
ഹോട്ടൽ– റിസോർട്ട് കായൽ ഭാഗത്ത് വലിയ ഹൗസ് ബോട്ട് അടുക്കാനുള്ള സൗകര്യം സംബന്ധിച്ചും പരിശോധന നടത്തി. ഇറിഗേഷൻ, പൊലീസ്, തുറമുഖ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണു പരിശോധന നടന്നത്. പ്രതിനിധികളെ റോഡിലൂടെ കെടിഡിസിയിലെ കൺവൻഷൻ സെന്ററിലേക്കു കൊണ്ടു പോകുന്നതു ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നതിനാലാണു കായലിലൂടെ കൊണ്ടു പോകാൻ തീരുമാനിച്ചത്.
കൺവൻഷൻ സെന്ററിനു മുന്നിൽ കായൽ ഭാഗത്ത് ഫ്ലോട്ടിങ് ജെട്ടി സ്ഥാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഓഫിസുകളുടെ പരിസരവും പുൽത്തകിടി ഒരുക്കി മനോഹരമാക്കി. വഴികളുടെ വശങ്ങളിൽ ചെടികൾ നട്ടു. പ്രതിനിധികൾക്കു കെടിഡിസിക്കുള്ളിലൂടെ പോകുന്നതിനായി ബഗ്ഗി വാഹനങ്ങളും എത്തി. കെടിഡിസിയുടെ കവാടത്തിൽ നിന്നു ജലമാർഗം പോകുന്നതിനായി 8 ശിക്കാര വള്ളങ്ങളും തയാറാക്കും.
സൂരി ഹോട്ടലിൽ താമസിക്കുന്ന പ്രതിനിധികളാണു കായൽ മാർഗം ഏറെ ദൂരം സഞ്ചരിച്ചു കൺവൻഷൻ സെന്ററിൽ എത്തുന്നത്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്നു കൊണ്ടു പൂർത്തിയാക്കണമെന്നാണു നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം 30 മുതൽ ഏപ്രിൽ 2 വരെയാണു സമ്മേളനം.