കോട്ടയം ∙ ഭക്‌തിയുടെ തെളിനീരിൽ തിരുനക്കരയപ്പന് ആറാട്ട്. കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടുകടവിൽ തന്ത്രിയുടെ പ്രതിനിധി കുഴിപ്പള്ളിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഇന്നലെ രാവിലെ കൊടിമരച്ചുവട്ടിലെ പറയെടുപ്പിനു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനപ്പുറത്ത് ആറാട്ടുകടവിലേക്കു പുറപ്പെട്ട ഭഗവാനു ടെംപിൾ റോഡ്, പുത്തനങ്ങാടി, തിരുവാതുക്കൽ, ഭീമൻ പടി എന്നിവിടങ്ങളിൽ ഭക്‌ത ജനങ്ങൾ വരവേൽപു നൽകി.
സന്ധ്യയ്‌ക്കു അമ്പലക്കടവ് ക്ഷേത്രത്തിൽ നടന്ന ദീപാരാധനയ്‌ക്കു ശേഷം തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചു. മാളികപ്പീടിക കവലയിലായിരുന്നു ആദ്യ സ്വീകരണം. തുടർന്നു കാരാപ്പുഴ പാലത്തിന്റെ രണ്ടു കവലകളിലും വരവേൽപു നൽകി. ടാക്‌സി, ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയനുകളും വരവേൽപ് നൽകി. ഗണപതി കോവിലിന്റെ സമീപത്ത് എഴുന്നള്ളത്ത് എത്തിയതോടെ ഗജവീരന്മാർ അണിനിരന്നു. പഞ്ചവാദ്യവും നാഗസ്വരവും മയൂര നൃത്തവും വരവേൽപിന്റെ അവസാന മണിക്കൂറുകൾക്കു മിഴിവേകി.
ഉത്സവത്തിന്റെ സമാപന സമ്മേളനം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ് അധ്യക്ഷത വഹിച്ചു. അച്യുത ഭാരതി സ്വാമിയാർ ദീപം തെളിയിച്ചു. പ്രദീപ് മന്നക്കുന്നം, എ.എം.രാധാകൃഷ്ണൻ നായർ, ഹരീഷ്, ബിനു പുള്ളുവേലിക്കൽ, കെ.ഗോപാലകൃഷ്ണൻ, സി.എൻ.സുഭാഷ്, ടി.എൻ.ഹരികുമാർ, ടി.സി.രാമാനുജം തുടങ്ങിയവർ പ്രസംഗിച്ചു.