ADVERTISEMENT

കോട്ടയം ∙ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ ഒന്നിനു വൈക്കത്തു നടക്കുമെന്നു മന്ത്രിമാരായ സജി ചെറിയാനും വി.എൻ. വാസവനും അറിയിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് ആഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിക്കും. വൈക്കം സത്യഗ്രഹത്തിന്റെ ഓർമപുതുക്കൽ പരിപാടികൾ സംസ്ഥാന സർക്കാർ 603 ദിവസങ്ങളിലായിട്ടാണു സംഘടിപ്പിക്കുക.

സജി ചെറിയാൻ, വി.എൻ.വാസവൻ
സജി ചെറിയാൻ, വി.എൻ.വാസവൻ

ഒന്നിന് വൈകിട്ട് 3നു വൈക്കത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങ് വൈക്കം പെരിയാർ സ്മാരകത്തിൽ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ നടത്തുന്ന പുഷ്പാർച്ചനയ്ക്ക് ശേഷമാണു ആരംഭിക്കുക. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് അവതരിപ്പിക്കും. ശതാബ്ദിയുടെ ലോഗോ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വൈക്കം സത്യഗ്രഹ കൈപ്പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശനം ചെയ്യും.

സെമിനാറുകൾ, അനുസ്മരണ പരമ്പര, വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് നടന്ന ജാഥയുടെ പുനരാവിഷ്ക്കാരം, മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും വൈക്കം സന്ദർശനം സംബന്ധിച്ച ഓർമ പുതുക്കൽ, പൗരാവകാശങ്ങൾ. ആചാരങ്ങൾ തുടങ്ങിയവ മുൻനിർത്തിയുള്ള സംവാദങ്ങൾ, നവോത്ഥാന സംവാദങ്ങൾ, സത്യഗ്രഹ സ്മാരക പദയാത്ര, വിളംബര ജാഥകൾ, ചിത്ര, ശിൽപ, സിനിമ പ്രദർശനങ്ങൾ, പുസ്തക പ്രദർശനം, കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവയും സംഘടിപ്പിക്കുമെന്നു മന്ത്രിമാർ അറിയിച്ചു.

പ്രത്യേക പൊലീസ് സംഘം, സ്കൂബാ ടീം, ഡോക്ടർമാർ...ഉദ്ഘാടനത്തിന് വൈക്കത്ത് വിപുലമായ സന്നാഹങ്ങൾ

വൈക്കം ∙ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കം മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവർ വിലയിരുത്തി. പൊലീസ് പ്രത്യേക സുരക്ഷാ പ്ലാൻ തയാറാക്കിയതായും 1460 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘത്തെ വിവിധ സ്ഥലങ്ങളിലായി വിന്യസിക്കും.

കായലിൽ ഉൾപ്പെടെ സുരക്ഷയ്ക്കായി 10 സ്കൂബ ടീമിനെ അഗ്നിരക്ഷാസേന നിയോഗിക്കും. പ്രധാന പന്തലിൽ 15000 പേർക്ക് ഇരിപ്പിട സൗകര്യമൊരുക്കും. ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാൻ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ എൽഇഡി വാളുകൾ സ്ഥാപിക്കും. ശുചിത്വ മിഷനും നഗരസഭയും ഹരിത കർമ സേനയും ചേർന്ന് ശുചീകരണ നടപടികൾ സ്വീകരിക്കും. സർക്കാർ - സ്വകാര്യ ആംബുലൻസ് സേവനമുണ്ടാകും. മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘവുമുണ്ട്. ജില്ലയിൽ നിന്ന് 50,000 കുടുംബശ്രീ പ്രവർത്തകർ പങ്കാളികളാകും.

ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, സി.കെ.ആശ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, നഗരസഭാധ്യക്ഷ രാധിക ശ്യാം, മുൻ എംഎൽഎ വൈക്കം വിശ്വൻ, സാംസ്കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി, ജില്ലാ കലക്ടർ ഡോ. പി.കെ.ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, വൈക്കം എസിപി നകുൽ ദേശ്മുഖ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ആർഡിഒ പി.ജി.രാജേന്ദ്ര ബാബു, തഹസിൽദാർ ടി.എൻ.വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ആരെയും അവഗണിച്ചിട്ടില്ല: മന്ത്രി വാസവൻ

വൈക്കം ∙ സംസ്ഥാന സർക്കാർ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ ആരെയും അവഗണിച്ചിട്ടില്ലെന്നു മന്ത്രി വി.എൻ.വാസവൻ. 603 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സത്യഗ്രഹത്തിൽ പങ്കെടുത്ത എല്ലാവരെയും അർഹമായ പ്രാതിനിധ്യം നൽകും. ടി.കെ.മാധവനും മന്നത്തു പത്മനാഭനും ഉൾപ്പെടെയുള്ളവർ സാമൂഹിക നവോത്ഥാനത്തിന്റെ മൂല്യം ഉയർത്തിപ്പിടിച്ചാണു സത്യഗ്രഹത്തിൽ പങ്കെടുത്തത്. സർക്കാരിന്റെ ആഘോഷ പരിപാടിയിൽ എൻഎസ്എസിന് ഇപ്പോൾ പങ്കെടുക്കാൻ സാഹചര്യമില്ല എന്നാണ് അറിയിച്ചത്. എന്നാൽ, പരിപാടികൾ നടത്തുന്നതിൽ ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല. മന്ത്രി സജി ചെറിയാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി നേരിട്ടു സംസാരിച്ചിരുന്നെന്നും മന്ത്രി വാസവൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com