അഞ്ചുമന∙ ജി 20 ഉച്ചകോടിയുടെ ഭാഗമായി കൊച്ചിയിൽ നിന്നു കുമരകത്തേക്കു ചേർത്തല വഴിയും വൈക്കം വഴിയുമുള്ള സകല റോഡുകളും ടാർ ചെയ്തു സുക്ഷിതവും വൃത്തിയുമാക്കിയെങ്കിലും വൈക്കം– വെച്ചൂർ റോഡിൽ അഞ്ചുമന പാലത്തിനു മാത്രം ശാപമോക്ഷം കിട്ടിയില്ല. പക്ഷേ അതിഥികൾ പാലത്തിന്റെ അവസ്ഥ കണ്ടാൽ മൂക്കത്തു വിരൽ വയ്ക്കുമെന്നു സംഘാടകർക്ക് ഉറപ്പാണ്. പിന്നെ ഒന്നും നോക്കിയില്ല.

പാലം മറച്ചു വലിയ ബോർഡ് വച്ചു. ഉള്ളിൽ പൊള്ളയാണെങ്കിലും പുറമേ ചിരിച്ചു നിന്നാൽ മതിയല്ലോ!! ഉച്ചകോടിക്കു സ്വാഗതം ആശംസിച്ച് ഏകദേശം 10 അടി ഉയരമുള്ള ഫ്ലെക്സ് ബോർഡ് ഉപയോഗിച്ചാണ് പാലം മറയ്ക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞ് 2020 ഒക്ടോബറിലാണു പഴയ അഞ്ചുമന പാലം പൊളിച്ചു നീക്കിയത്. ബോർഡ് വച്ചു പാലം മറയ്ക്കുന്ന ജോലി പുരോഗമിക്കുന്നതാണ് ആദ്യ ചിത്രത്തിൽ.
