കോട്ടയം∙ ശ്യാമള രാമകൃഷ്ണന്റെ ഹൃദയം ഇനി രാജേഷിന്റെ ജീവനുവേണ്ടി തുടിക്കും. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ മസ്തിഷ്കമരണം സംഭവിച്ച ഹൈദരാബാദ് സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ (52) ഹൃദയമാണ് കോട്ടയം മെഡിക്കൽ കോളജിൽ ചങ്ങനാശേരി പായിപ്പാട് മുട്ടത്തേട്ട് എം.ആർ. രാജേഷിന്റെ (35) ശരീരത്തിൽ തുന്നിച്ചേർത്തത്. 4 വർഷമായി ഹൃദയസംബന്ധമായ രോഗത്തെത്തുടർന്നുമെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു രാജേഷ്. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു ഡോക്ടർമാർ പറഞ്ഞതോടെ സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ ഒരു വർഷം മുൻപ് അപേക്ഷ നൽകി. ശ്യാമളയുടെ മസ്തിഷ്കമരണം വെള്ളിയാഴ്ച രാത്രി 7.40നാണു സ്ഥിരീകരിച്ചത്. തുടർന്നു ശ്യാമളയുടെ മകൻ സുബ്രഹ്മണ്യൻ രാമകൃഷ്ണൻ അവയവദാനത്തിനു സന്നദ്ധത അറിയിച്ചു.
പരിശോധനയിൽ രാജേഷിന് ശ്യാമളയുടെ ഹൃദയം അനുയോജ്യമാണെന്നു റിപ്പോർട്ട് ലഭിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെ രാജേഷ് ആശുപത്രിയിലെത്തി തുടർപരിശോധനയ്ക്കു ശേഷം ശസ്ത്രക്രിയയ്ക്കു തയാറായി. തുടർന്നു ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം എറണാകുളത്തേക്കു പുറപ്പെട്ടു. അവിടെ നിന്നു രാവിലെ 11.45നു ഹൃദയവുമായി മെഡിക്കൽ സംഘം കോട്ടയം മെഡിക്കൽ കോളജിലേക്കു തിരിച്ചു.
പൊലീസ് അകമ്പടിയോടെയായിരുന്നു യാത്ര. 12.47നു ഹൃദയം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. ഡോ. ടി.കെ. ജയകുമാറിനൊപ്പം ഡോ. എൻ.സി. രതീഷ്, ഡോ.പ്രവീൺ, ഡോ.വിനീത, ഡോ. ശിവപ്രസാദ്, ഡോ. രതി കൃഷ്ണൻ, അനസ്തീസിയ വിഭാഗത്തിലെ ഡോ. തോമസ്, ഡോ. മഞ്ജുഷ, ഡോ. സഞ്ജീവ് തമ്പി, നഴ്സുമാരായ ടിറ്റോ, മനു, ലിനു, ടെക്നിക്കൽ വിഭാഗത്തിലെ അശ്വതി പ്രസീത, രാഹുൽ, പെർഫ്യൂഷനിസ്റ്റുമാരായ രാജേഷ് മുള്ളൻ കുഴി, അശ്വതി, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ പൂർത്തിയാക്കിയത്. രാജേഷിനെ കാർഡിയോളജി ഐസിയുവിൽ നിരീക്ഷണത്തിനായി മാറ്റി. 48 മണിക്കൂർ നിരീക്ഷണത്തിനു ശേഷമേ ശസ്ത്രക്രിയ വിജയിച്ചോ എന്നുറപ്പിക്കാൻ കഴിയൂ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ എട്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്.മേസ്തിരി ജോലിക്കാരനായ രാജേഷിനു കാർഡിയോ മയോപ്പതി എന്ന അസുഖമാണെന്നു കണ്ടെത്തിയിരുന്നു. ഹൃദയത്തിന്റെ പേശികൾ ചുരുങ്ങുകയും രക്തം പമ്പ് ചെയ്യുന്നതിന്റെ സമ്മർദം കുറയുകയും ഹൃദയം വികസിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. രോഗിയുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഇതുമൂലം രക്തപ്രവാഹം ഉണ്ടാവില്ല. തുടർന്ന് ശരീരത്തിൽ നീരു വന്നു വീർക്കുകയും ചെയ്യും. ഹൃദയധമനികളിലെ വാൽവുകൾക്കു പ്രവർത്തനശേഷി ഇല്ലാത്ത അവസ്ഥയിലെത്തും. ഈ സ്ഥിതിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമാണു പോംവഴിയെന്നു ഡോക്ടർമാർ വിധിയെഴുതി. തുടർന്നാണ് രാജേഷ് മൃതസഞ്ജീവനിയിൽ പേര് റജിസ്റ്റർ ചെയ്ത്.