കുമരകം ∙ ജി 20 ഉച്ചകോടി കഴിഞ്ഞാലും കുമരകം ക്ലീൻ ആയിത്തന്നെ കിടക്കും. ക്ലീൻ ഗ്രീൻ കുമരകം എന്ന മുദ്രാവാക്യവുമായി ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് എന്ന സംഘടന രംഗത്തിറങ്ങുകയാണ്. പഞ്ചായത്തുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. കുമരകത്തെ 22 ഹോട്ടൽ, റിസോർട്ട് എന്നിവയുടെ റോഡുവശങ്ങളും സമീപ പ്രദേശങ്ങളും തുടർച്ചയായി വൃത്തിയാക്കി സംരക്ഷിക്കുന്ന ജോലി ഏറ്റെടുക്കുകയാണ് സംഘടന. വഴിയോരങ്ങൾ അതത് പ്രദേശത്തെ ഹോട്ടൽ – റിസോർട്ട് ജീവനക്കാരും സംഘടനാ ഭാരവാഹികളും ചേർന്നു വൃത്തിയാക്കും.വഴിയോരങ്ങളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംഘടന ശേഖരിച്ചു വയ്ക്കും.
പഞ്ചായത്ത് ഇത് ഇവിടെ നിന്ന് എടുത്തു കൊണ്ടുപോകും.പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ പഞ്ചായത്തിന്റെ അതിർത്തിയായ രണ്ടാം കലുങ്ക് മുതൽ ചീപ്പുങ്കൽ വരെയുള്ള വഴിയോരം ചെടികൾ വച്ചു സുന്ദരമാക്കുന്നതിനുള്ള ജോലി തുടങ്ങി.കഴിഞ്ഞ ദിവസം രണ്ടാം കലുങ്ക് ഭാഗത്ത് ചെടികൾ നടുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു നിർവഹിച്ചു. ഇതിന്റെ തുടർച്ചയായാണ് വഴിയോരങ്ങളിലെ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കുന്ന പ്രവർത്തനത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.
ഈ ജോലി ഇനി തുടർച്ചയായി നടത്താനാണു സംഘടനയുടെ തീരുമാനമെന്ന് ഭാരവാഹികളായ സഞ്ജയ് വർമ, കെ.അരുൺകുമാർ എന്നിവർ പറഞ്ഞു. ജി 20 സമ്മേളനത്തിന്റെ ഭാഗമായി റോഡ് വശങ്ങളിലെ കുറ്റിക്കാടുകളും മറ്റും നീക്കി വൃത്തിയാക്കിയിരുന്നു. ഇത് കുമരകത്തിന്റെ മുഖഛായ തന്നെ മാറ്റുന്നതായി മാറി. റോഡ് വശം വൃത്തിയോടെ കിടക്കുന്നതു കുമരകത്ത് എത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കും. രണ്ടാം ഘട്ടമെന്ന നിലയിൽ വേമ്പനാട്ട് കായൽ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി അതിനു പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
കായലിന്റെ ആഴം കുറയുന്നതും പോള നിറയുന്നതും മാലിന്യം എത്തുന്നതും ജൈവവൈവിധ്യത്തെ ഗുരുതരമായി ബാധിക്കുകയാണ്. കുമരകത്തെ ടൂറിസത്തിന്റെ വളർച്ചയും മത്സ്യ – കക്കാ തൊഴിലാളികളുടെ ഉപജീവനമാർഗവും വേമ്പനാട്ട് കായലിന്റെ നിലനിൽപിനെ ആശ്രയിച്ചിരിക്കുന്നു. അതിനാലാണു രണ്ടാം ഘട്ടമായി കായൽ സംരക്ഷണത്തിന് ഒരുങ്ങുന്നതെന്നും ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഭാരവാഹികൾ പറയുന്നു.