എരുമേലി ∙ പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു. പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി (സിപിഎം), വൈസ് പ്രസിഡന്റ് അനിശ്രീ സാബു (സിപിഐ) എന്നിവർ പുറത്ത്. സ്വതന്ത്രഅംഗത്തെ ഒപ്പം നിർത്തിയാണ് യുഡിഎഫ് അവിശ്വാസം പാസാക്കിയത്. 23 അംഗ പഞ്ചായത്തിൽ കോൺഗ്രസ് (11), എൽഡിഎഫ് –11 (സിപിഎം–10, സിപിഐ –1), സ്വതന്ത്രൻ –1 എന്നിങ്ങനെയാണ് കക്ഷി നില. മുൻപ് 2 തവണയും യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം കോൺഗ്രസ് അംഗങ്ങളുടെ കാലുമാറ്റം മൂലം പരാജയപ്പെട്ടിരുന്നു. ഇത്തവണ പഴുതടച്ചാണ് യുഡിഎഫ് അവിശ്വാസത്തിൽ പങ്കെടുത്തത്.
യുഡിഎഫ് അംഗങ്ങളും സ്വതന്ത്രനും അടക്കം 12 അംഗങ്ങൾ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. എൽഡിഎഫ് വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. സ്ഥിരസമിതി അധ്യക്ഷ മറിയാമ്മ ജോസഫിനാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല. 15 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നാണ് ചട്ടം. വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. കോൺഗ്രസിൽ നിന്ന് 4 പേരാണു പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനം അവിശ്വാസത്തിൽ യുഡിഎഫിന് ഒപ്പം നിന്ന ബിനോയി ഇലവുങ്കലിനാണ്.
ഭരണം നഷ്ടപ്പെട്ടത് സിപിഐ കാരണമെന്ന് സിപിഎം
എരുമേലി ∙ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതോടെ സിപിഎം –സിപിഐ പോരു മുറുകി.ഭരണം നഷ്ടപ്പെടുത്തിയതിനു സിപിഐയെ കുറ്റപ്പെടുത്തുകയാണ് സിപിഎം.സിപിഐ ഭരിക്കുന്ന പാറത്തോട് അടക്കം പഞ്ചായത്തുകളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കും.സിപിഐ ലോക്കൽ സെക്രട്ടറി അനിശ്രി സാബു ആയിരുന്നു എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ്. സിപിഎമ്മിന് 10 അംഗങ്ങളും സിപിഐക്ക് ഒരു അംഗവുമാണുള്ളത്. എൽഡിഎഫ് ഭരണം നിലനിർത്താൻ സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ഉറപ്പാക്കണമായിരുന്നു. അതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്ര അംഗമായ ബിനോയി ഇലവുങ്കലിന് വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. എൽഡിഎഫ് ഏരിയ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുകയും അനിശ്രീ രാജി വയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെടുകയും ചെയ്തു.
ആദ്യം എതിർത്തെങ്കിലും പിന്നീട് സിപിഐ ജില്ലാ കമ്മിറ്റി ഇടപെട്ടതോടെ രാജിവയ്ക്കാമെന്ന് അനിശ്രീ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപ് രാജിവയ്ക്കുമെന്നായിരുന്നു ഉറപ്പ്. എന്നാൽ തിങ്കളാഴ്ച വൈകിയും രാജിവയ്ക്കാൻ അനിശ്രീ തയാറായില്ല. രാജി വയ്ക്കില്ലെന്നു സ്വതന്ത്ര അംഗം ബിനോയിയെ അനിശ്രി അറിയിച്ചെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെങ്കിൽ തനിക്ക് 6 മാസം പ്രസിഡന്റ് സ്ഥാനം േവണമെന്ന് അനിശ്രി ആവശ്യപ്പെട്ടു. ഈ ആവശ്യം മുൻപ് ഉന്നയിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തില്ലെന്ന് സിപിഎം നേതൃത്വം പറയുന്നു.
ആദ്യ ടേമിൽ തന്നെ 6 മാസം പ്രസിഡന്റ് സ്ഥാനം വേണമെന്ന് അനിശ്രീ ആവശ്യം ഉന്നയിച്ചതോടെ എൽഡിഎഫ് ഏരിയ കമ്മിറ്റി ചർച്ച അവസാനിപ്പിക്കുകയായിരുന്നു. സ്വതന്ത്ര അംഗം ബിനോയി യുഡിഎഫിന് ഒപ്പം പോയെന്ന് ഉറപ്പിച്ചശേഷം രാത്രി വൈകി അനിശ്രീ രാജി സന്നദ്ധ അറിയിച്ചത് ബോധപൂർവമാണെന്നും സിപിഎം ആരോപിക്കുന്നു.
എരുമേലി അവിശ്വാസ വോട്ടെടുപ്പ് വിജയിച്ചത് പഴുതടച്ച നീക്കം
എരുമേലി ∙ എൽഡിഎഫ് ഭരണ സമിതിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം വിജയിച്ചതിനു പിന്നിൽ കോൺഗ്രസിന്റെ പഴുതടച്ച നീക്കം. മുൻപ് 2 തവണയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ യുഡിഎഫിന് കാലിടറിയത്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ഇത്തവണ ഓരോ ചുവടും സൂക്ഷിച്ചാണു യുഡിഎഫ് മുന്നോട്ടുവച്ചത്. മുൻപ് ചാഞ്ചാട്ടം ഉണ്ടായവരിൽ പ്രകാശ് പള്ളിക്കൂടത്തിന് എതിരെ അയോഗ്യതാ ഭീഷണിയുടെ മുനമ്പിൽ എത്തിച്ച ശേഷം ആണ് പരാതി പിൻവലിച്ച് കൈപിടിച്ച് തിരികെ കയറ്റിയത്. സ്വതന്ത്ര അംഗമായ ബിനോയി ഇലവുങ്കലുമായി പല തവണ ചർച്ച നടത്തി.
കോൺഗ്രസിന് അനുകൂലമായി നിൽക്കും എന്ന ഉറപ്പ് ലഭിച്ച ശേഷമാണ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. പ്രകാശ് പള്ളിക്കൂടം ഒപ്പം നിൽക്കുമ്പോഴും മുൻപ് സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇടപെട്ട് ജാഗ്രത പാലിച്ചിരുന്നു. മറ്റ് പഞ്ചായത്ത് അംഗങ്ങളും നേതാക്കളുടെ നിരീക്ഷണത്തിലായിരുന്നു. പാർട്ടി ഇടപെട്ട് മേഖല തിരിച്ചാണ് അംഗങ്ങളെ വാഹനങ്ങളിൽ അവിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാൻ പഞ്ചായത്ത് ഓഫിസിൽ എത്തിച്ചത്.
മുൻപ് വിനയായത് അമിത ആത്മവിശ്വാസം
2 തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഭരണം തരിച്ചു പിടിക്കാൻ കോൺഗ്രസ് കരുതലോടെയാണ് കാത്തിരുന്നത്. ഒഴക്കനാട് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 280 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയത് ആത്മവിശ്വാസമായി. ഇതോടെയാണ് ഭരണം പിടിക്കണം എന്ന വിധത്തിൽ ചർച്ചകൾ ഉണ്ടായത്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നാട്ടകം സുരേഷും കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിമും ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കനും മണ്ഡലം പ്രസിഡന്റ് ടി.വി. ജോസഫും ചേർന്നാണ് കരുക്കൾ നീക്കിയത്.
എൽഡിഎഫ് അവിശ്വാസത്തിലൂടെ പുറത്തായാൽ കോൺഗ്രസിലെ വനിതാ അംഗങ്ങൾക്കിടയിൽ സ്ഥാനത്തിനായി പിടിവലി നടക്കാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു നീക്കം. അവിശ്വാസ പ്രമേയം വിജയിച്ച ശേഷം മാത്രം പുതിയ പ്രസിഡന്റ് ആരാണെന്ന് തീരുമാനിക്കുകയുള്ളുവെന്നു നേതാക്കൾ നിലപാട് സ്വീകരിച്ചു. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉണ്ടാകാനിടയുള്ള ചർച്ചകൾ ഒഴിവാക്കി.
എൽഡിഎഫ് തന്ത്രങ്ങൾ പാളി
സ്വതന്ത്ര അംഗം ബിനോയി ഇലവുങ്കലിന്റെ പിന്തുണയോടെ ഭൂരിപക്ഷം ഉറപ്പാക്കി യിട്ടും മുൻപ് 2 തവണ കോൺഗ്രസിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടി വന്നത് എൽഡിഎഫ് തന്ത്രത്തിന്റെ വിജയമായിരുന്നു. ആദ്യ തവണ ഒഴക്കനാട് വാർഡ് കോൺഗ്രസ് അംഗം സുനിമോൾ പ്രസിഡന്റ് വോട്ടെടുപ്പിൽ വരുത്തിയ കൈപ്പിഴയാണ് കോൺഗ്രസിനെ ഭരണത്തിൽ നിന്ന് അകറ്റിയത്. സുനിമോളുടെ വോട്ട് അസാധുവാകുകയും 11 വീതം ഇരു മുന്നണികളും നേടുകയും നറുക്കെടുപ്പിൽ എൽഡിഫിലെ തങ്കമ്മ ജോർജ് കുട്ടി വിജയിക്കുകയും ചെയ്തു. കൈപ്പിഴയല്ലെന്നും മനഃപൂർവം തെറ്റ് വരുത്തിയതാണെന്നും അന്ന് ആരോപണം ഉയർന്നിരുന്നു.
ഏതാനും മാസം മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക ശുചീകരണ ജോലി ലഭിച്ചതോടെ സുനിമോൾ രാജിവച്ചു . എൽഡിഎഫ് ഭരണ പ്രതിസന്ധി മറികടക്കുന്നതിനു വേണ്ടി സുമിമോൾക്ക് ജോലി വാഗ്ദാനം ചെയ്തതാണെന്നും ആരോപണം ഉയർന്നിരുന്നു. സുനിമോൾ രാജിവച്ചതോടെ ഇവിടെ നടന്ന് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. ഇതിനു ശേഷം അവിശ്വാസ വോട്ടെടുപ്പ് മുന്നിൽ കണ്ട് സ്വതന്ത്ര അംഗത്തിന്റെ പിന്തുണ തേടാനും ചർച്ചകൾ നടത്തി. വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്രനു നൽകി ഭരണം നിലനിർത്താനായിരുന്നു ശ്രമം. എന്നാൽ, വൈസ് പ്രസിഡന്റ് സ്ഥാനം വിട്ടുനൽകാൻ സിപിഐ തയാറാകാതെ വന്നതോടെ എൽഡിഎഫിന്റെ സാധ്യതകൾ അസ്തമിച്ചു.
പ്രസിഡന്റ് സ്ഥാനം: ചർച്ചകൾ തുടരുന്നു
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആർക്കെന്നു ധാരണയായിട്ടില്ല. 4 അംഗങ്ങളെ ആണ് നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രസിഡന്റ് സ്ഥാനം ആറ് മാസം വീതം പങ്കിടുന്നതിനുള്ള ഫോർമുലയും ചർച്ച ചെയ്യുന്നുണ്ട്. ഒന്നിലധികം തവണ പഞ്ചായത്ത് അംഗങ്ങൾ ആയവരെ വേണം പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ എന്ന് ആവശ്യം ചില നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലുള്ള അംഗങ്ങളെ തഴയുന്ന നിലപാട് തിരുത്തണമെന്നും ഇത്തവണ ആദ്യം കിഴക്കൻ മേഖലയിൽ നിന്നുളള അംഗങ്ങളെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ചില നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനറൽ വിഭാഗത്തിനു ലഭിച്ച പ്രസിഡന്റ് സ്ഥാനത്തേക്ക് സംവരണ വിഭാഗത്തിൽ നിന്നുള്ളവരെ പരിഗണിക്കുന്നതിനെതിരെയും നേതാക്കൾ രംഗത്തുണ്ട്. മുൻപ് അവസരം ലഭിച്ചവർക്ക് വീണ്ടും അവസരം നൽകരുതെന്നും പുതിയവർക്കു അവസരം നൽകണം എന്നും ചിലർ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് ഭരണത്തിൽ മുൻപരിചയം ഉള്ളവർ വേണമെന്നും അല്ലാത്ത പക്ഷം വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഒരുവിഭാഗം പറയുന്നു. അതേസമയം പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് വേണ്ടെന്ന നിലപാട് എടുത്ത അംഗങ്ങളും ഈ കൂട്ടത്തിലുണ്ട്.