മുണ്ടക്കയം ∙ ‘കാതടപ്പിക്കുന്ന ഭയാനകമായ ശബ്ദമായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായില്ല. നിലവിളി കേട്ട് ഓടി എത്തിയപ്പോഴാണ് ഇടിമിന്നൽ ഏറ്റത് അറിയുന്നത്’ – കപ്പിലാമൂട് സ്വദേശികൾ ഭീതിയോടെ പറയുന്നു. മഴ ഇല്ലാതെ ഉണ്ടായ ഇടിമിന്നലേറ്റ് തടത്തേൽ സുനിലും സഹോദരീഭർത്താവ് രമേശുമാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. 4 മണി മുതൽ മഴയ്ക്ക് സാധ്യതയുള്ള അന്തരീക്ഷമായിരുന്നു. എന്നാൽ പിന്നീട് വെയിൽ തെളിയുകയും ചെയ്തു. വീണ്ടും മഴക്കാർ മൂടിയതിനു പിന്നാലെയാണ് ഇടിമിന്നൽ ഉണ്ടായത്. സ്ഥലം അളക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന സുനിലിനും രമേശിനും മിന്നലേറ്റു.
ഒപ്പം സമീപമുള്ള കുടുംബവീടിന്റെ മുകൾ നിലയിലെ കോൺക്രീറ്റ് പാളി തകർന്ന് തെറിച്ചുവീണു. രമേശിന് അൽപം ജീവൻ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കുടുംബവീട്ടിൽ സുനിലിന്റെ അമ്മ ലക്ഷ്മി ഉണ്ടായിരുന്നു. ഇതിനു പിന്നിലാണ് സുനിലിന്റെ വീട്. സംഭവ സമയത്ത് ഇവിടെ സുനിലിന്റെ ഭാര്യ സിന്ധു ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ഇടിമിന്നൽ ഏറ്റിരുന്നു. ഇവർക്ക് മിന്നലേറ്റ സ്ഥലത്തിന്റെ തൊട്ടടുത്ത് നിന്ന തെങ്ങ് അന്ന് കരിഞ്ഞുണങ്ങിപ്പോയി. ഒരു കൊക്കോ മരവും ഉണങ്ങി. ഇതിനു സമീപം മരങ്ങൾ ഇല്ലാത്തതിനാൽ ഇനിയും ഇടിമിന്നൽ സാധ്യത നിലനിൽക്കുന്നുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.