വൈക്കം ∙ തമിഴ്നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന്റെ ഭാര്യയുമായ ജാനകി രാമചന്ദ്രന്റെ ജന്മശതാബ്ദി വൈക്കത്തും ആഘോഷിക്കും. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ ശനിയാഴ്ചയെത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ജാനകിയുടെ വലിയ കവലയിലെ വീട്ടിലെത്തും. ജാനകിയുടെ സഹോദരൻ നാരായണന്റെ (മണി) മകൻ രാമചന്ദ്രനും കുടുംബവും മുഖ്യമന്ത്രിയെ സ്വീകരിക്കും. ഇതോടെ നാട്ടിലെ ആഘോഷങ്ങൾക്കു തുടക്കമാകുമെന്നു രാമചന്ദ്രൻ ‘മനോരമ’യോടു പറഞ്ഞു. പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കറുടെ സ്മാരകത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷമായിരിക്കും സ്റ്റാലിൻ ജാനകിയുടെ കുടുംബവീടായ മണിമന്ദിരത്തിൽ എത്തുന്നത്.

തമിഴ്നാട്ടിലെ ആഘോഷം ചെന്നൈയിൽ സ്റ്റാലിനാണ് ഉദ്ഘാടനം ചെയ്തത്. വൈക്കത്തും വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണു രാമചന്ദ്രൻ. വീടിനോടു ചേർന്നു വലിയ കവലയിൽ സ്ഥാപിച്ചിട്ടുള്ള എംജിആറിന്റെയും ജാനകി രാമചന്ദ്രന്റെയും പ്രതിമ അലങ്കരിക്കാൻ തുടങ്ങി. വീടും പരിസരവും മോടിപിടിപ്പിക്കുന്നുണ്ട്.
വൈക്കത്തിന്റെ പ്രിയ ജാനകി
സംഗീതജ്ഞൻ തമിഴ്നാട് സ്വദേശി രാജഗോപാൽ അയ്യരുടെയും വൈക്കം സ്വദേശിനി നാരായണിയമ്മയുടെയും മകളായി 1923 നവംബർ 30നു ജാനകി വൈക്കത്തു ജനിച്ചു. വൈക്കത്തെ പെൺപള്ളിക്കൂടത്തിൽ പ്രാഥമിക വിദ്യാഭ്യാസം. ഗണപതി ഭട്ടുമായി ആദ്യവിവാഹം. ഈ ബന്ധത്തിൽ സുരേന്ദ്രൻ എന്നൊരു മകനുണ്ട്. ബന്ധം വേർപിരിഞ്ഞ് അച്ഛനൊപ്പം മദ്രാസിലെത്തിയ ജാനകി 1948ൽ എം.ജി. രാമചന്ദ്രന്റെ നായികയായി ‘മോഹിനി’ എന്ന സിനിമയിൽ അഭിനയിച്ചു. 1963 ഡിസംബർ 24ന് എംജിആറുമായി വിവാഹം. 1987 ഡിസംബർ 24ന് എംജിആറിന്റെ മരണം. തുടർന്ന് ജാനകി രാഷ്ട്രീയത്തിൽ. 1988 ജനുവരി ഏഴിനു തമിഴ്നാട് മുഖ്യമന്ത്രിയായി. 24 ദിവസം മാത്രമേ അധികാരത്തിലിരുന്നുള്ളൂ. 1996 മേയ് 5ന് അന്തരിച്ചു.