ADVERTISEMENT

വടവാതൂർ ∙ മാലിന്യസംസ്കരണം ഏപ്രിൽ പകുതിയോടെ പൂർത്തിയാകും.ഡംപിങ് യാഡിൽ കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ നിന്ന് 8,000 ക്യുബിക് മീറ്റർ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. കലക്ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുമായി ചേർന്ന യോഗത്തിൽ 31നകം മാലിന്യം നീക്കുമെന്ന് കമ്പനി പറഞ്ഞിരുന്നെങ്കിലും പൂർത്തിയാകില്ല. യന്ത്രങ്ങൾ  വിദഗ്ധരെത്തി സജ്ജമാക്കാൻ താമസമുണ്ടായി.

 പ്ലാസ്റ്റിക് വേർതിരിച്ചെടുക്കുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്. രണ്ട് ലോഡ് പ്ലാസ്റ്റിക്കാണ് ലഭിച്ചത്. വർഷങ്ങളോളം പഴക്കമുള്ള മാലിന്യത്തിൽ നിന്ന് ലഭിക്കുന്നത് മണ്ണ്, കല്ല്, കുപ്പിച്ചില്ല് എന്നിവയാണ്. 2 ലോഡിനടുത്ത് മണ്ണ് ലഭിച്ചു. ജൈവമാലിന്യം ജീർണിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം അതിനടിയിലാണ്. ഇതു വേർതിരിച്ചെടുക്കുന്നതും ശ്രമകരമാണ്. ഇടയ്ക്ക് പെയ്ത വേനൽമഴയും തടസ്സമായി. ഷെഡിന് വെളിയിൽ മഴയത്ത് കിടന്ന മാലിന്യം യന്ത്രത്തിലൂടെ കടത്തിവിടാനും പ്രയാസമാണ്.

soil-kottayam
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നു നീക്കിയ മണ്ണ്.

 5 തൊഴിലാളികൾ, 2 ഡ്രൈവർമാർ, സൈറ്റ് എൻജിനീയർ എന്നിവരടങ്ങുന്ന സംഘമാണ് രാവിലെ 9 മുതൽ രാത്രി 12 വരെ രണ്ട് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്. ഏപ്രിൽ 15ന് മുൻപായി മാലിന്യം നീക്കുമെന്ന് എം.സി.കെ കുട്ടി എൻജിനീയറിങ് പ്രോജക്ട് കമ്പനി പറയുന്നു. ശുചിത്വമിഷന്റെയും നഗരസഭയുടെയും വിഹിതത്തിൽ നിന്നുള്ള തുകയാണ് കമ്പനിക്കു നൽകുന്നത്. ഫെബ്രുവരിയിലാണു കരാർ നൽകിയത്.3 മാസത്തിനകം പൂർത്തിയാക്കണമെന്നാണ് കരാറെന്ന് നഗരസഭാ ഉപാധ്യക്ഷൻ ബി.ഗോപകുമാർ പറഞ്ഞു. നഗരത്തിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ ലോകബാങ്കിന്റെ ഫണ്ട് ലഭിക്കാനുള്ള പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ തുടങ്ങിയെന്നും അറിയിച്ചു.

 മാലിന്യ നീക്കം എങ്ങോട്ട്?

വേർതിരിച്ചെടുത്ത പ്ലാസ്റ്റിക് മാലിന്യം യാഡിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയിട്ടില്ല. പ്ലാസ്റ്റിക് മാലിന്യം ബെയ്‌ലിങ് മെഷീനിലൂടെ ക്യൂബുകളുടെ രൂപത്തിലാക്കി മാറ്റും. ഈ പ്രവർത്തനം ഉടൻ ആരംഭിക്കും. ക്യൂബുകളാക്കിയ പ്ലാസ്റ്റിക് മാലിന്യത്തെ കണ്ടെയ്നർ ലോറിയിൽ തമിഴ്നാട്ടിലെ അരിയല്ലൂരിലെ നിർമാർജന കേന്ദ്രത്തിൽ എത്തിച്ച് നശിപ്പിക്കും. എന്നാൽ കണ്ടെയ്നർ ലോറി നിറയാനുള്ള പ്ലാസ്റ്റിക് ലഭിച്ചിട്ടില്ലെന്ന് കമ്പനി അധികൃതർ പറയുന്നു. ലോഡ് തികയാനുള്ള മാലിന്യം ലഭിക്കുന്ന മുറയ്ക്ക് നീക്കം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com