ADVERTISEMENT

കുമരകം ∙ ഡിജിറ്റൽ രംഗത്തെ വികസനക്കുതിപ്പ് സാധാരണക്കാരിലേക്കു വേഗം എത്തിക്കണമെന്നും സുസ്ഥിര വികസന നടപടികളിലൂടെ ഭൂമി വാസയോഗ്യമായി സംരക്ഷിക്കണമെന്നും ജി20 ഷെർപ്പ ഉപസമ്മേളനങ്ങളിലെ ചർച്ചകൾ. ഹരിത വികസനവും കാലാവസ്ഥാ വ്യതിയാനവും രണ്ടായിക്കാണുന്നതു തെറ്റാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പ്രവർത്തനാധിഷ്ഠിത നടപടികളാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഷെർപ്പ അമിതാഭ് കാന്ത് വ്യക്തമാക്കി.

ജി 20 രാജ്യങ്ങൾ ഹരിതവികസനം ചർച്ച ചെയ്യുമ്പോൾ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം പ്രത്യേകം മനസ്സിൽ ഉണ്ടാകണമെന്ന് ഇന്ത്യയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം ഷാമിക രവി ചൂണ്ടിക്കാട്ടി. ലോകത്തെ ദരിദ്ര രാജ്യങ്ങൾക്കായി ഒരു ലക്ഷം കോടി ഡോളറെങ്കിലും വർഷംതോറും ലഭ്യമാക്കേണ്ടതുണ്ടെന്ന് കൊളംബിയ സർവകലാശാലയിലെ സുസ്ഥിര വികസനകേന്ദ്ര ഡയറക്ടർ ജെഫ്രി സാക്സ് പറഞ്ഞു. കോവിഡിന് ശേഷം വികസന നിക്ഷേപങ്ങളിൽ ഗണ്യമായ കുറവുണ്ട്.

അതിനാൽ കൂടുതൽ പ്രാധാന്യം നൽകി വേണം ഈ വിഷയത്തെ സമീപിക്കേണ്ടതെന്നു യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് പ്രതിനിധി നൈന ഫെന്റൺ പറഞ്ഞു. ജനകേന്ദ്രീകൃത സമീപനമാണ് ആഗോള താപനം പരിഹരിക്കാൻ വേണ്ടതെന്നും അതിലൂടെ വേണം ജി 20 ലക്ഷ്യത്തിലേക്ക് എത്തേണ്ടതെന്നുമായിരുന്നു യുഎൻഎഫ്‌സിസിസി പ്രതിനിധി ഒവായിസ് സമദിന്റെ അഭിപ്രായം.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാത്തരം മൂലധനത്തിലും നിക്ഷേപം ഗണ്യമായി വർധിപ്പിക്കുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ദുർബല രാജ്യങ്ങൾക്കു കടത്തി‌ൽ ഇളവിനും ധനസഹായത്തിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, കൂടുതൽ ദീർഘകാല നിക്ഷേപങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സുസ്ഥിര-ഹരിത പരിവർത്തനങ്ങൾക്കായി മെച്ചപ്പെട്ട രാഷ്ട്രീയ - സാമ്പത്തിക സഹകരണം  ഉറപ്പുവരുത്തുക എന്നീ നിർദേശങ്ങളും ചർച്ചയിൽ ഉയർന്നു.

റോക്‌ഫെല്ലർ ഫൗണ്ടേഷൻ ഇന്നവേറ്റീവ് ഫിനാൻസ് ഡയറക്ടർ ലില്ലി ഹാൻ,ഐക്യരാഷ്ട്ര സംഘടന കാലാവസ്ഥാ വ്യതിയാന ഉപദേഷ്ടാവ് ബൊഗോളോ കെനെവെൻഡോ, സെന്റർ ഫോർ സസ്റ്റെയിനബിൾ ഡവലപ്മെന്റ് സീനിയർ ഫെലോ അമർ ഭട്ടാചാര്യ, ലോക റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയും പ്രസിഡന്റുമായ അനിരുദ്ധ ദാസ് ഗുപ്ത, ഇന്ത്യ ക്ലൈമറ്റ് കൊളാബറേറ്റിവ് സിഇഒ ശ്ലോക നാഥ്, സാമ്പത്തിക വിദഗ്ധൻ ജോർജ് ഗ്രേ മൊളീന, അവീവ ചീഫ് റെസ്പോൺസിബിൾ ഇൻവെസ്റ്റ്‌മെന്റ് ഓഫിസർ സ്റ്റീഫൻ വേഗുഡ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com