ADVERTISEMENT

കോട്ടയം ∙ വർഷങ്ങളായി നഗരസഭയുടെ കൈവശമുള്ള തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന് അവകാശവാദം ഉന്നയിച്ച് റവന്യു വകുപ്പ്. മൈതാനത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ നോട്ടിസ് നൽകി. ഇതേസമയം ആസ്തികളിൽ സർക്കാർ അവകാശവാദം ഉന്നയിക്കുന്നത് ശരിയല്ലെന്നു നഗരസഭാ അധികൃതർ വ്യക്തമാക്കി. 

നഗരസഭയുടെ പൗരാവകാശ രേഖയിൽ ആസ്തി വകകളുടെ പട്ടികയിൽ മൈതാനവും ഉണ്ട്. മൈതാനം നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ളതല്ലെന്ന വാദവുമായി റവന്യു വകുപ്പ്. സർക്കാരിന്റെ സ്ഥലം കയ്യേറിയതാണ്. താലൂക്കിന്റെ പരിധിയിൽ അന്യാധീനപ്പെട്ട സ്ഥലങ്ങൾ മുഴുവനും തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നും റവന്യു അധികൃതർ വിശദീകരിച്ചു.

കലക്ടറുടെ അധ്യക്ഷതയിൽ രണ്ട് തവണ വിഷയം ചർച്ച ചെയ്തു. മൈതാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള ആദ്യ നടപടിയാണ് നോട്ടിസ് നൽകൽ. കരാറോ മറ്റു തരത്തിലുള്ള ഉടമ്പടിയോ ഉണ്ടെങ്കിൽ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പഴയ രേഖകളിൽ നിന്ന് 

രാജഭരണകാലത്ത് താലൂക്ക് കച്ചേരി ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടം പണിയാൻ വയസ്കര മൂസാണ് സ്ഥലം നൽകിയത്. ഭരണഡിവിഷന്റെ തലസ്ഥാനം കോട്ടയത്തായപ്പോൾ ദിവാൻ പേഷ്കാറായിരുന്ന ടി.രാമറാവുവിനായിരുന്നു ചുമതല. പേഷ്കാർ കച്ചേരിയെന്നറിയപ്പെട്ടിരുന്ന താലൂക്ക് കച്ചേരി കെട്ടിടവും അനുബന്ധ കെട്ടിടവുമാണ് ഉണ്ടായിരുന്നത്. 

പഴയ പൊലീസ് സ്റ്റേഷൻ മൈതാനം സംബന്ധിച്ച് വർഷങ്ങളായി തർക്കം ഉണ്ടായിരുന്നില്ല. അവിടെ സ്റ്റേജും ചുറ്റുമതിലും നഗരസഭയാണ് പണിതത്. ഒരു പ്രകോപനവും ഇല്ലാതെയാണ് സർക്കാരിന്റെ നോട്ടിസ്. ഫയലുകൾ പരിശോധിച്ചു മറുപടി നൽകും.

കെട്ടിടം ജീർണിച്ചപ്പോൾ താലൂക്ക് കച്ചേരി ഇവിടെ നിന്നു മാറ്റാൻ യൂണിയൻ ക്ലബ്ബിനു സമീപം നഗരസഭ സ്ഥലം വാങ്ങി റവന്യു വകുപ്പിനു നൽകി. പകരം തിരുനക്കരയിലെ സ്ഥലം ഏറ്റെടുത്തു. ഏറ്റെടുത്ത സ്ഥലത്തിന്റെ കുറച്ചു ഭാഗത്ത് നഗരസഭ ഷോപ്പിങ് കോംപ്ലക്സ് പണിതു. ശേഷിച്ച പഴയ അനുബന്ധ കെട്ടിടം വെസ്റ്റ് പൊലീസ് സ്‌റ്റേഷനു വാടകയ്ക്ക് നൽകി. കാലങ്ങൾ കഴിഞ്ഞപ്പോൾ പൊലീസ് സ്റ്റേഷൻ കോടിമതയിലേക്ക് മാറ്റി. കെട്ടിടം പൊളിച്ചുനീക്കി മൈതാനമാക്കി. എന്നാൽ, തിരുനക്കരയിലെ സ്ഥലം മുഴുവൻ നഗരസഭയ്ക്ക് അന്നു നൽകിയിരുന്നില്ലെന്നാണ് റവന്യു വകുപ്പിന്റെ പുതിയ കണ്ടെത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com