ADVERTISEMENT

കോട്ടയം ∙ ശ്രീനാരായണ ഗുരുവിന് ആനന്ദമേകിയ ആനന്ദാശ്രമ സന്ദർശനത്തിന് ശതാബ്ദി. 1923ലാണ് ഗുരു ചങ്ങനാശേരി ആനന്ദാശ്രമത്തിൽ ആദ്യം എത്തിയത്. പിന്നീട് 1924ലും  സന്ദർശനം നടത്തി. ഫലവൃക്ഷങ്ങളാൽ പ്രകൃതി സുന്ദരമായ ആശ്രമവും പരിസരവും ഗുരുവിന് പ്രിയപ്പെട്ടതായിരുന്നു. ഇവിടെ കാറ്റേറ്റ് വിശ്രമിക്കുമ്പോഴാണ് 'ഇവിടെ നമുക്ക് ആലുവ പോലെ ആനന്ദകരമാണ്' എന്ന് ഗുരു പറഞ്ഞതും തുടർന്ന് ആനന്ദാശ്രമമെന്ന് നാമകരണം ചെയ്തതും.

ഗുരുവിന്റെ സന്ദർശനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷം 24ന് ആരംഭിക്കും.വൈകിട്ടു 4ന് ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ  ബംഗാൾ ഗവർണർ  ഡോ.സി.വി.ആനന്ദബോസ് ആഘോഷം ഉദ്ഘാടനം ചെയ്യും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 

എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്  അധ്യക്ഷത വഹിക്കും. 1934 ജനുവരി 19നു മഹാത്മാഗാന്ധിയാണ് ആനന്ദാശ്രമം ഉദ്ഘാടനം ചെയ്തത്. ആനന്ദാശ്രമം ഉദ്ഘാടനത്തിന്റെ നവതിയോടനുബന്ധിച്ച് നിർമിച്ച ഗാന്ധി പ്രതിമയുടെ അനാഛാദനം  ഡോ.സി.വി.ആനന്ദബോസ് നിർവഹിക്കും.

ആഘോഷത്തിന്റെ ഭാഗമായി കാർഷിക വിപണനമേള, വിജ്ഞാനോത്സവം, യുവജന –വനിതാ സമ്മേളനം, തൊഴിൽ മേള, മെഡിക്കൽ ക്യാംപുകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, കലാമത്സരങ്ങൾ എന്നിവ നടത്തുമെന്ന് എസ്എൻഡിപി  ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, 1 (എ) ശാഖാ പ്രസിഡന്റ് ടി.‍ഡി.രമേശൻ തടത്തിൽ എന്നിവർ പറഞ്ഞു.

ചരിത്രവഴിയിലൂടെ...

∙ശ്രീനാരായണ ഗുരുവിനു താമസിക്കാൻ നിർമിച്ച കെട്ടിടം പിന്നീട് ക്ഷേത്രമാക്കി മാറ്റി. അദ്ദേഹം ഉപയോഗിച്ച വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

∙ശ്രീനാരായണ ഗുരുവിന്റെ ആജ്ഞാനുസരണം ഈഴവ സമാജം എന്ന സംഘടന പ്രവർത്തിച്ചിരുന്നു. 1908 മുതൽ ഈ സംഘടന സദാചാര പ്രകാശിനി സഭ എന്ന പേരിൽ പ്രവർത്തിച്ചു.

∙ഗുരുവിന്റെ നിർദേശപ്രകാരം സത്യവ്രത സ്വാമികളാണ് ആനന്ദാശ്രമം മുഖമണ്ഡപത്തിന്റെ ശിലാന്യാസം നിർവഹിച്ചത്. 1926 സെപ്റ്റംബർ 2ന് ഇദ്ദേഹം ആശ്രമത്തിൽ വച്ച്  സമാധിയായി. ഇദ്ദേഹത്തിന്റെ സമാധി സ്ഥലം ആശ്രമത്തിലാണ്. പിന്നീട് ഗുരുവിന്റെ ശിഷ്യരിൽ പ്രമുഖനായ ശ്രീനാരായണ തീർഥർ സ്വാമിയാണ് നിർമാണം പൂർത്തിയാക്കിയത്.

∙ദർശനമാല എന്ന കൃതി ഗുരുവിൽനിന്നുകേട്ട് പകർത്തിയെഴുതിയ ശിഷ്യൻ മാമ്പലം വിദ്യാനന്ദ സ്വാമിയുടെ സമാധിയും ഇവിടെയാണ്.

∙ഹിന്ദുമഹാ മണ്ഡല സമ്മേളന വേദിയും വൈക്കം സത്യഗ്രഹത്തിന് പങ്കെടുക്കാൻ യാത്ര ചെയ്തവരുടെ പ്രധാന ഇടത്താവളവും ആനന്ദാശ്രമമായിരുന്നു.

∙എസ്എൻഡിപിയുടെ ആദ്യ യൂണിയനായ കുട്ടനാട് യൂണിയന്റെ രൂപീകരണ യോഗം നടന്നതും നിവർത്തന പ്രക്ഷോഭത്തിനുള്ള തീരുമാനമെടുത്തതും ഇവിടെയാണ്.

∙മുൻ മുഖ്യമന്ത്രി ആർ.ശങ്കറിനെ എസ്എൻഡിപി  ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നതിനും ആനന്ദാശ്രമം വേദിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com