കൈലാസിനു ‘മരണമില്ല;’ ജീവിക്കും, ഏഴുപേരിലൂടെ

Mail This Article
ഏറ്റുമാനൂർ ∙ വാഹനാപകടത്തെ തുടർന്നു ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച യുവാവ് ഇനി 7 പേരിലൂടെ ജീവിക്കും. കോട്ടയം താഴത്തങ്ങാടി പ്ലാന്തറയിൽ മനോജിന്റെ മകൻ കൈലാസ്നാഥിന്റെ (24) അവയവങ്ങളാണു ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം അറിയിച്ചത്.
കരൾ, കണ്ണ്, ഒരു വൃക്ക എന്നിവ കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്കും മറ്റൊരു വൃക്ക എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുമാണു മൃതസഞ്ജീവനി പദ്ധതി വഴി നൽകുന്നത്. അവയവമാറ്റ ശസ്ത്രക്രിയ ഇന്നു രാവിലെ ആരംഭിക്കുമെന്നു കോട്ടയം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.ശനിയാഴ്ച രാത്രി 11.30നു കോട്ടയം പുത്തനങ്ങാടി ഭാഗത്താണ് അപകടം ഉണ്ടായത്. കൈലാസും സുഹൃത്ത് ഗോവിന്ദനും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു നാലോടെ കൈലാസിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഗോവിന്ദ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.തിരുനക്കരയിലെ എവിൻ മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനായിരുന്നു കൈലാസ്. സംസ്കാരം ഇന്നു വൈകിട്ട് 5നു വീട്ടുവളപ്പിൽ. പിതാവ് മനോജ് താഴത്തങ്ങാടി എസ്എൻ ബൈൻഡിങ് സെന്ററിലെ ജീവനക്കാരനാണ്. മാതാവ്: വെള്ളൂർ പുത്തൻപറമ്പിൽ പ്രസന്ന. സഹോദരി: പൂജ.