ADVERTISEMENT

കോട്ടയം∙ ആ കൂറ്റൻ ഇലഞ്ഞിമരം തന്റെ ചുവട്ടിലെത്തിയ വിശിഷ്ടാതിഥിയെ തണലിൽ ചേർത്തുനിർത്തി. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അതിനു കീഴെ നിന്ന് മെല്ലെ ഒരു ഇലഞ്ഞിപ്പൂവ് കയ്യിലെടുത്തു. മുത്തശ്ശിയുടെ സ്നേഹച്ചൂടിലെന്ന പോലെ ആ മരത്തണലിൽ ഇത്തിരിനേരമിരുന്നു. തന്റെ കഥാസമാഹാരത്തിനു പേരിടാൻ നിമിത്തമായ ആ ഇലഞ്ഞിമരത്തെക്കുറിച്ച് താൻ എഴുതിയ കവിത അദ്ദേഹം ആലപിച്ചുകേട്ടു. കവിത ചൊല്ലിയ കൊച്ചുമിടുക്കിയെ മനസ്സുനിറഞ്ഞ് അഭിനന്ദിച്ച അദ്ദേഹം കൊൽക്കത്തയിലെ രാജ്ഭവനിലേക്ക് ക്ഷണിച്ചു. അവിടെ വിശിഷ്ടാതിഥികൾക്കു മുന്നിൽ കവിത അവതരിപ്പിക്കണമെന്ന് അഭ്യർഥിച്ചു.

1. ബെൽവ മറിയം ബിജുവിനെ (ഇടത്തു നിന്നു രണ്ടാമത്) ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് അഭിനന്ദിക്കുന്നു. കെ.ജെ ജേക്കബ്, അദ്ദേഹത്തിന്റെ ഭാര്യ എൽസി ജേക്കബ്, മരുമകൾ അമൽ ബിബിൻ ജേക്കബ്എന്നിവർ സമീപം. 2. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഒരു ഇലഞ്ഞിപ്പൂവ് കയ്യിലെടുക്കുന്നു.

ചിങ്ങവനം ക്ലീമീസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ബെൽവ മറിയം ബിജുവിന് ആ ക്ഷണം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇത്തരമൊരു അപൂർവ സംഗമത്തിന് വേദിയൊരുക്കിയ താഴത്തങ്ങാടി കൊച്ചേട്ടു വീട്ടിൽ കെ.ജെ.ജേക്കബിനും (രാജു കൊച്ചേട്ട്) കുടുംബത്തിനും ഇതെല്ലാം വിസ്മയം പോലെ.

ഇലഞ്ഞിമരച്ചുവട്ടിൽ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. ചിത്രം ∙ റിജോ ജോസഫ്

‘എന്റെ മുത്തശ്ശി ഗൗരിയമ്മയ്ക്ക് ഇലഞ്ഞിമാല കൊരുക്കുന്നത് ഇഷ്ടമായിരുന്നു. മുത്തശ്ശിയെ ഓർക്കുമ്പോഴെല്ലാം വീട്ടിലെ ഇലഞ്ഞിമരവും ഓർമയിലെത്തും. ആ മരം പട്ടു പോയി. പിന്നീട് രാജുവിന്റെ വീട്ടിൽ ഒരിക്കൽ എത്തിയപ്പോഴാണ് കൂറ്റൻ ഇലഞ്ഞിമരം കണ്ടത്. അതെന്നെ നനുത്ത ഓർമകളിലേക്കു കൊണ്ടുപോയി. ഇലഞ്ഞിപ്പൂക്കൾ ചിരിക്കും കാലം എന്ന വാക്ക് അറിയാതെ മനസ്സിൽ തെളിഞ്ഞു. കഥാസമാഹാരത്തിന് ആ പേരു നൽകി. അതിലെ രണ്ടു കഥകൾ മനോരമ ഞായറാഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കഥകൾ ഇപ്പോൾ ബംഗാളി ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയാണ്.

ജേക്കബിന്റെ സ്ഥാപനത്തിന്റെ വാർഷികത്തിന് എത്തുമ്പോൾ ആ ഇലഞ്ഞിമരം ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹിച്ചു. അതെക്കുറിച്ച് കഴിഞ്ഞദിവസം കൊൽക്കത്തയിലിരുന്ന് കവിതയുമെഴുതി. ആ കവിത ഇവിടെ ആലപിച്ചു കേട്ടപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ല’-വികാരവായ്പോടെ ആനന്ദബോസ് പറഞ്ഞു.ഒന്നര നൂറ്റാണ്ടിലധികം പഴക്കമുണ്ട് വീട്ടുമുറ്റത്തെ ആ ഇലഞ്ഞിക്കെന്ന് ജേക്കബ് പറഞ്ഞു. ‘ പിതാവ് ഈ വസ്തു വാങ്ങുമ്പോഴും ഇലഞ്ഞിമരം ഉണ്ടായിരുന്നു. ഈ മരത്തിൽ ഇരുമ്പ് തൊടീക്കരുതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതു കൊണ്ടാണ് ഇതു വെട്ടാതെ നിർത്തിയിരിക്കുന്നത്.

ഇങ്ങനെയൊരു സംഗമത്തിനു സാക്ഷിയാകാൻ കഴിഞ്ഞതും അതിനാലാണല്ലൊ’-ഇലഞ്ഞിയെച്ചൂണ്ടി ജേക്കബ് ആഹ്ലാദത്തോടെ പറഞ്ഞു. കൊൽക്കത്തയിലേക്കുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ് ബെൽവ. 22ന് രാജുവും കുടുംബവും കൊൽക്കത്തയിലേക്കു പോകുമ്പോൾ ഒപ്പം പോകാൻ ഉറച്ചിരിക്കുകയാണ് ഈ മിടുക്കി. സംഗീതാധ്യാപിക കെ.ദേവികയാണ് വരികൾക്ക് ഈണമിട്ടത്. സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം കവിതാലാപനത്തിൽ രണ്ടാംസ്ഥാനം നേടിയ ബെൽവ പാമ്പാടി മൂലക്കാട്ട് ബിജു തോമസിന്റെയും അനുവിന്റെയും മകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com