ADVERTISEMENT

കോട്ടയം ∙ പേരു കൊണ്ടും പൊരുൾ കൊണ്ടും വ്യത്യസ്തയാണ് റവ. എസ്തേർ ഭാരതി. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ പുരോഹിതയായ റവ. എസ്തേറിന് 2011ൽ പുരോഹിതയായപ്പോൾ സ്വീകരിക്കേണ്ട പേരിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ബൈബിളിലെ ധീരവനിതയായ എസ്തേറിന്റെ പേരല്ലാതെ വേറെ എതു പേര് സ്വീകരിക്കും!

തനിക്ക് കിട്ടിയ ദൈവിക പ്രസാദം സമൂഹത്തിനായി വിനിയോഗിച്ച ധീരവനിതയുടെ പേരു തന്നെ തിരഞ്ഞെടുത്തു. വിളിപ്പേരായിരുന്നു ഭാരതി. തൂത്തുക്കുടി സ്വദേശിയായ എസ്തേറിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന തമിഴ് സ്വത്വബോധവും വിപ്ലവ ബോധവും കവി ഭാരതിയാറോടുള്ള ആദരവും എല്ലാം ചേർന്ന പേര്.

നാലു മക്കളിൽ മൂന്നാമതായി ജനിച്ച എസ്തേറിന് ഒൻപതാം വയസ്സിലാണ് തന്നിലെ സ്ത്രീത്വത്തെക്കുറിച്ച് തിരിച്ചറിവുണ്ടായിത്തുടങ്ങിയത്. 19-ാം വയസ്സിൽ പഠനം പൂർത്തിയാക്കിയപ്പോൾ വീടുവിട്ട് ചെന്നൈയിലേക്ക് പോയി ട്രാൻസ് ജെൻഡർ സമൂഹത്തിനൊപ്പം ചേർന്നു. ഭിക്ഷയെടുത്തും മറ്റും അവർക്കൊപ്പം ഒരു വർഷം. സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ റവ. എസ്തേർ, ജീവിതത്തിൽ താൻ സഞ്ചരിച്ച വഴികളെക്കുറിച്ചും പുതിയ പാതയിൽ എത്തിയതിനെക്കുറിച്ചും സംസാരിക്കുന്നു.

പൗരോഹിത്യപാതയിൽ എത്തിയതെങ്ങനെ?

ഭിക്ഷാടനം നടത്തി ജീവിക്കുന്ന കാലത്ത് ഒരിക്കൽ ബസിൽ സ്ത്രീകളുടെ സീറ്റിൽ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത് ഒരു സ്ത്രീ വന്നിരുന്നു. എന്നെ കണ്ടതും അവർ ഞെട്ടിയെഴുന്നേറ്റ് സീറ്റുമാറി. അത് ഒരു തിരിച്ചറിവായി. ട്രാൻസ്ജെൻഡറുകളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന രാജൻ ഇമ്മാനുവൽ വഴിയാണ് സെമിനാരിയിൽ ചേർന്നത്. 2007ൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയിലെ ബിഷപ് എസ്ര സദ്ഗുണത്തിന്റെ അടുത്ത് പോയി. നാലുവർഷത്തെ സെമിനാരി പഠനം. പിന്നീട് പൗരോഹിത്യം.

ട്രാൻസ്ജെൻഡർ സമൂഹത്തിനായുള്ള പദ്ധതികൾ?

ചെന്നൈ, തൂത്തുക്കുടി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക കൂട്ടായ്മകൾ രൂപീകരിച്ച് അവരെ പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. പള്ളിയുടെ ചുമതല ഉണ്ടായിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ട്രാൻസ്ജെൻഡർ സമൂഹത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതിനാൽ അതു വിട്ടു. കൂടുതൽ കൂട്ടായ്മകൾ രൂപീകരിക്കണം.

സമൂഹത്തോടുള്ള, ട്രാൻസ്ജെൻഡറുകളോടുള്ള സന്ദേശങ്ങൾ?

ഭൂമി എല്ലാവർക്കും വേണ്ടിയുള്ളതാണ്. ആരും ശാപം കൊണ്ടല്ല ട്രാൻസ്ജെൻഡറുകളാകുന്നത്. ദൈവത്തിന്റെ പ്രത്യേക മക്കളാണവർ. ഈ ജീവിതം ഒരു ശാപമല്ല, ദൈവത്തിന് വിലപ്പെട്ടതാണ് എന്നു തിരിച്ചറിയണം. ആണോ പെണ്ണോ ട്രാൻസ്ജെൻഡറോ എന്ന് നോക്കിയല്ല, നിരുപാധികമായി എല്ലാവരെയും സ്നേഹിക്കാൻ കഴിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com