ADVERTISEMENT

കുമരകം ∙ നെൽവിത്തു വില നാഷനൽ സീഡ്സ് കോർപറേഷൻ ഒറ്റയടിക്കു 4 രൂപ വർധിപ്പിച്ചു. കഴിഞ്ഞ വർഷം കിലോയ്ക്കു 39 രൂപയ്ക്കു നൽകിയ വിത്ത് ഇനി 43 രൂപയ്ക്കാണു നൽകുന്നത്. വർധിപ്പിച്ച വില വിരിപ്പുകൃഷി മുതൽ ഈടാക്കിത്തുടങ്ങും. നേരത്തെ 42 രൂപയായി വില വർധിപ്പിച്ചപ്പോൾ കർഷകരുടെ പ്രതിഷേധത്തെത്തുടർന്നു 39 രൂപയാക്കിയത്. കർഷകരിൽ നിന്നാണു വിത്തിനായി നെല്ല് സംഭരിക്കുന്നത്.

ഈ നെല്ല് ഗോഡൗണിൽ ശാസ്ത്രീയമായി സൂക്ഷിച്ചാണു നെൽവിത്താക്കുന്നത്. കർഷകരിൽ നിന്നു നെല്ല് ശേഖരിക്കുന്നതു മുതൽ വിറ്റഴിക്കുന്നതു വരെയുള്ള ചെലവ് സഹിതമാണു വിത്തിന്റെ വില കോർപറേഷൻ ഈടാക്കുന്നത്. ഒരു ഏക്കർ പാടശേഖരം വിതയ്ക്കാൻ 40 കിലോ വിത്താണു കൃഷിഭവൻ നിർദേശിക്കുന്നത്. 43 രൂപ തോതിൽ ഒരു ഏക്കർ വിതയ്ക്കാൻ 1720 രൂപയുടെ വിത്ത് വേണം. കർഷകർക്കു സബ്സിഡി നൽകുന്നതിനാൽ കിലോയ്ക്ക് 21.50 രൂപ നൽകിയാൽ മതിയാകും. 

നേരത്തെ 19.50 രൂപ നൽകിയാൽ മതിയായിരുന്നു. കൂടുതൽ വിത്തു വേണമെങ്കിൽ സബ്സിഡി ഇല്ലാതെ ഉള്ള 43 രൂപ കർഷകർ നൽകണം. കൃഷിഭവൻ സഹകരണ ബാങ്കുകൾ വഴിയാണു വിത്ത് ശേഖരിച്ചു കർഷകർക്കു സബ്സിഡി നിരക്കിൽ നൽകുന്നത്. ബാങ്കുകൾ നാഷനൽ സീഡ്സ് കോർപറേഷനിൽ 43 രൂപ കണക്കിൽ പണം അടച്ചാണു നെൽവിത്തു വാങ്ങുന്നത്. കർഷകരിൽ നിന്നു ബാങ്ക് സബ്സിഡി കഴിച്ചുള്ള തുകയാകും വാങ്ങുക. 

ബാങ്കുകൾക്കു സബ്സിഡി തുക സർക്കാർ പിന്നീട് നൽകും. പാടശേഖര സമിതികൾ കോർപറേഷനിൽ നിന്നു നെൽവിത്ത് നേരിട്ടു വാങ്ങി കർഷകർക്കു നൽകാറുണ്ട്. പടിഞ്ഞാറൻ മേഖലയിൽ മാത്രം 650 ടൺ നെൽവിത്തു  വേണ്ടി വരും. പുഞ്ചക്കൃഷിയുടെ നെല്ലിന്റെ വില പോലും കിട്ടാതെ വിഷമിക്കുന്ന കർഷകർക്കാണു വിരിപ്പു കൃഷി ഇറക്കുന്നതിനുള്ള നെൽവിത്തു കൂടിയ വില നൽകി വാങ്ങേണ്ടി വരുന്നത്.

കൃത്യസമയത്തു നെൽവിത്ത് കിട്ടാതെ വരുന്നതു പ്രശ്നമാകുന്നു. ‌കഴിഞ്ഞ പുഞ്ചക്കൃഷിക്കു ബുക്ക് ചെയ്തിരുന്ന നെൽവിത്ത് കിട്ടാതെ വന്നതിനെത്തുടർന്നു കൃഷിയിറക്കുന്നതു വൈകി. നെൽവിത്തിനു വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷകർ പ്രതിഷേധത്തിനൊരുങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com