ADVERTISEMENT

അരീപ്പറമ്പ് ∙ നവീകരണം കാത്ത് തകർന്നു കിടക്കുന്ന ഒറവയ്ക്കൽ – കൂരാലി റോഡിൽ കലുങ്ക്  ഇടിഞ്ഞു. ഇതോടെ ഗതാഗതം കൂടുതൽ ദുരിതമായി. ഇന്നലെ പുലർച്ചെ 5.30യോടെ അരീപ്പറമ്പ് അമ്പലം ജംക്‌ഷനും തുണ്ടിയിൽപ്പടിക്കും മധ്യേയാണ് കലുങ്ക് ഇടി​ഞ്ഞു താഴ്ന്നത്. ഇവിടെ നാളുകളായി കലുങ്ക് ചെറുതായി താഴ്ന്നിരുന്നു. ഇന്നലെ രാവിലെ മണ്ണ് കയറ്റിയ ടോറസ് ലോറി കടന്നു പോയ ഉടനാണ് സംഭവം നടന്നതെന്നു നാട്ടുകാർ പറഞ്ഞു. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ചെറിയ ശബ്ദം കേട്ടു പരിസരവാസികൾ നോക്കുമ്പോഴാണ് കലുങ്ക് ഇടിഞ്ഞത് കണ്ടത്. ഉടൻ തന്നെ കമ്പ്, കല്ല് എന്നിവ വച്ചു അപകട മുന്നറിയിപ്പു നൽകിയതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. 

തകർന്നു കിടന്ന റോഡിൽ കൂടി മണ്ണുമായി ടോറസ് ലോറികളുടെ അമിത ഓട്ടം കൂടി ആയതാണ് കലുങ്ക് തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. കലുങ്ക് തകർന്നതിനാൽ ഈ ഭാഗത്ത് ഒരു വശത്തു കൂടി മാത്രമാണ് ഗതാഗതം സാധിക്കുക. 1975 കാലഘട്ടത്തിൽ നിർമിച്ച കലുങ്ക് ആണ് ഇതെന്നു നാട്ടുകാർ പറഞ്ഞു.മാസങ്ങൾക്കു മുൻപ് കലുങ്കിന്റെ അപകടസാധ്യത നാട്ടുകാർ ജനപ്രതിനിധികളെ അറിയിച്ചിരുന്നു. ഇതേ തുടർ‌ന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കുകയും പുതിയ കലുങ്ക് നിർമിക്കുന്നതിനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ തുടർ നടപടികൾ വൈകി. കലുങ്ക് ഇടിഞ്ഞ ഭാഗത്തു കൂടി വാഹനങ്ങൾ ചാടി പോകുമ്പോൾ സമീപ വീടുകളിലെ ജനൽപാളികൾ ഉൾപ്പെടെ കുലുങ്ങുന്ന സാഹചര്യവും നിലനിന്നിരുന്നു. 2 വർഷം മുൻപ് ടാറിങ്ങിനു നടപടിയായിട്ടും സാങ്കേതിക കാരണങ്ങളാൽ പണികൾ തടസ്സപ്പെട്ട റൂട്ടാണിത്. ആദ്യം എടുത്ത കരാറുകാരനെ ഒഴിവാക്കി പുതിയ കരാറിനു ടെൻഡർ വിളിക്കുന്നതിനു നടപടിക്രമങ്ങൾ ആയി വരികയാണ്. ഇതിനിടെയാണ് റോഡിൽ കലുങ്ക് തകർച്ച കൂടി ഉണ്ടായിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. അപകട മുന്നറിയിപ്പു സ്ഥാപിക്കുന്നതിനും ഭാരവാഹനങ്ങൾ കടന്നു പോകാതിരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com