കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കൂത്തമ്പലത്തിനുള്ളിൽ ഇന്നലെ പുലർച്ചെ തീപിടിത്തം. സുരക്ഷാ ജീവനക്കാർ അറിയിച്ചതോടെ അഗ്നിരക്ഷാസേനയും ഭക്തരും എത്തി തീയണച്ചു. വൈദ്യുതി ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. രംഗപീഠം, പ്രേക്ഷകഗൃഹം, അണിയറ എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ചേർന്നതാണു കൂത്തമ്പലം. ഇതിൽ അണിയറ ഭാഗത്തിനാണ് തീപിടിച്ചത്. വാതിൽ കത്തിനശിച്ചു. മിഴാവണയ്ക്കും മിഴാവിനും കേടു സംഭവിച്ചിട്ടില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊതുമരാമത്ത് വിഭാഗവും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കൂത്തമ്പലത്തിനു കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നു ദേവസ്വം അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾ വേഗം നടത്തുമെന്നും അധികൃതർ പറഞ്ഞു. തടിയിൽ കൊത്തിയെടുത്ത പുരാണകഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും ഏറെ ശ്രദ്ധയാകർഷിക്കുന്നവയാണ്. ഇവയ്ക്കൊന്നിനും കേടുപാടുകൾ സംഭവിച്ചിട്ടില്ല.