സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസി; പടിഞ്ഞാറൻ മേഖലയിൽ യാത്രാദുരിതം

kannur news
SHARE

ചങ്ങനാശേരി ∙ കെഎസ്ആർടിസി ബസ് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതും സർവീസുകൾ മുടങ്ങുന്നതും പതിവാകുന്നു. പടിഞ്ഞാറൻ മേഖലയിൽ യാത്രാദുരിതം രൂക്ഷം. രാവിലെയും വൈകിട്ടും തിരക്കേറെയുള്ള സമയത്താണു ബസുകൾ മുടങ്ങുന്നത് എന്നതു പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. ഇന്നു പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ പ്രശ്നത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ ബസുകളുടെ സർവീസ് സംബന്ധിച്ച അനിശ്ചിതത്വം വിദ്യാർഥികളെയും സാരമായി ബാധിക്കാനാണു സാധ്യത.

രാവിലെ 8ന് ചമ്പക്കുളത്തു നിന്ന് ചങ്ങനാശേരിയിലേക്കുള്ള സർവീസ് മുടങ്ങുന്നതോടെ ഓഫിസുകളിലേക്കും മറ്റും പോകുന്ന ആളുകൾ ഏറെ വൈകിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഡ്രൈവർമാരുടെ കുറവാണ് സർവീസ് മുടങ്ങുന്നതിനു കാരണമായി അധികൃതർ യാത്രക്കാർക്കു നൽകുന്ന വിശദീകരണം. വൈകിട്ട് 7.20നാണു പെരുന്നയിൽ നിന്ന് ചമ്പക്കുളത്തേക്കുള്ള അവസാന സർവീസ്. എന്നാൽ, ഇതു  സമയക്രമം പാലിക്കാറില്ലെന്നും സർവീസ് മുടക്കം വരുത്തുന്നതായും പരാതി ഉണ്ട്. 

വൈകിട്ട് വീടുകളിലേക്ക് മടങ്ങാൻ മാർഗമില്ലാതെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വിഷമിക്കുന്നത് പതിവ് കാഴ്ചയാണ്. പടിഞ്ഞാറൻ മേഖലയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മറ്റു റൂട്ടുകളിലേക്ക് മാറ്റി ഓടിക്കുന്നതായും പരാതി ഉണ്ട്. മണിക്കൂറുകൾ കാത്തു നിന്നാൽ മാത്രമേ ചങ്ങനാശേരിയിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ബസ് ലഭിക്കൂ എന്നതാണ് നിലവിലെ അവസ്ഥയെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു. 

പലപ്പോഴും പെരുന്ന ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുന്നവരും കെഎസ്ആർടിസി ജീവനക്കാരുമായി തർക്കങ്ങൾ ഉണ്ടാകുന്നതു പതിവാണ്. കഴിഞ്ഞ വർഷം ആലപ്പുഴ ഭാഗത്തേക്കുള്ള ബസുകൾ മുടങ്ങിയതോടെ യാത്രക്കാർ എംസി റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചിരുന്നു.

എസി റോഡിലെ നിർമാണ ജോലികൾ നടക്കുന്നതിനാൽ പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതായും ഇതു സമയക്രമത്തെ ബാധിക്കുന്നതായും കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. ജീവനക്കാരുടെ കുറവും സർവീസുകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. 

എന്നാൽ കെഎസ്ആർടിസിയെ മാത്രം ആശ്രയിക്കുന്ന മേഖല എന്നതു കണക്കിലെടുത്ത് ബദൽ സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടതെന്നും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS