
കടുത്തുരുത്തി∙പുത്തനുടുപ്പും സ്കൂൾ ബാഗും പുസ്തകങ്ങളുമായി അറിവിന്റെ പുതു ലോകത്തേക്കു എത്തുന്ന നവാഗതരെ മധുരം നൽകിയും പാട്ടുപാടിയും കേക്കു മുറിച്ചുമൊക്കെ സ്വീകരിക്കാൻ സ്കൂൾ അധികൃതർ തയാറെടുക്കുന്നു. കാർട്ടൂൺ കഥാപാത്രങ്ങളും വന്യ മൃഗങ്ങളുമടക്കമുള്ളവയുടെ ചിത്രങ്ങളുമായാണ് ക്ലാസ് മുറികൾ നവാഗതരെ വരവേൽക്കുന്നത്. ക്ലാസ് മുറികളിൽ ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിക്കുന്ന ജോലികളിലായിരുന്നു ഇന്നലെ അധ്യാപകർ.
സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തിയും ഭിത്തികളിൽ ചായമടിച്ചും, ചിത്രങ്ങൾ വരച്ചു ചേർത്തുമൊക്കെ മനോഹരമാക്കി. ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദേശപ്രകാരം മൂത്രപ്പുരകളിലും ശുചിമുറികളിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. സർക്കാർ നിർദേശ പ്രകാരം ഇത്തവണ സ്കൂൾ തുറക്കുന്ന ദിവസം മുതൽ ഉച്ച ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരങ്ങളിലുള്ള കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ലഹരി വസ്തുക്കളും പുകയില ഉൽപന്നങ്ങളും വിൽക്കുന്നത് തടയാൻ എക്സൈസ് വിഭാഗവും പരിശോധന നടത്തി. ഗവ.സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഇത്തവണ വർധനയുണ്ട്.
എയ്ഡഡ് സ്കൂളുകളിലും സിബിഎസ്ഇ സ്കൂളുകളിലും 20 മുതൽ 35 വരെ കുട്ടികൾ ഒന്നാം ക്ലാസിലേക്കു പ്രവേശനം തേടിയിട്ടുണ്ട്. സ്കൂൾ തുറക്കുന്നതോടെ കുട്ടികളുടെ എണ്ണം കൂടുമെന്നാണ് സ്കൂൾ അധികൃതരുടെ പ്രതീക്ഷ. എല്ലാ സ്കൂളുകളും നവാഗതരെ സ്വീകരിക്കുന്നതിനായി പ്രവേശനോത്സവച്ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ തല പ്രവേശനോത്സവം തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.