ADVERTISEMENT

കോട്ടയം ∙ തിരുനക്കര ബസ് സ്റ്റാൻഡും ടാക്സി സ്റ്റാൻഡും അടയ്ക്കുന്നതു രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു. ബസ്–ടാക്സി തൊഴിലാളി സംഘടനകളുമായും ഉടമകളുമായും ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നു നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനും വൈസ് ചെയർമാൻ ബി.ഗോപകുമാറും പറഞ്ഞു. വ്യാപാരിസംഘടനകളുടെ അഭിപ്രായവും സ്വീകരിക്കും. 

തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സ്റ്റാൻഡുകൾ പൂട്ടാൻ നഗരസഭ തീരുമാനിച്ചത്. ജൂൺ ഒന്നിനു പൂട്ടുമെന്നു നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ അറിയിച്ചിരുന്നു. എന്നാൽ പുതിയ അധ്യയനവർഷാരംഭം എന്ന നിലയിൽ തീരുമാനം പുനഃപരിശോധിക്കണമെന്നു രക്ഷിതാക്കളും വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു.

കെട്ടിടസമുച്ചയത്തിനു ബലക്ഷയമുണ്ടെന്നു ഹൈക്കോടതി മുൻപാകെ നഗരസഭ റിപ്പോർട്ട് നൽകിയിരുന്നു. ഇതുപ്രകാരം കെട്ടിടം പൊളിച്ചുനീക്കണമെന്നു ഹൈക്കോടതിയുടെ ഉത്തരവുണ്ട്. മുൻകരുതലെന്ന നിലയിൽ മുഴുവൻ വ്യാപാരികളെയും ഒഴിപ്പിച്ചു. എന്നിട്ടും സ്റ്റാൻഡുകൾ പൂട്ടാതിരുന്നതു മൂലം ഇവിടെ തിരക്കേറാൻ കാരണമായെന്നും പരാതി ഉയർന്നിരുന്നു.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണു സ്റ്റാൻഡുകൾ പൂട്ടുന്നതെന്നും നഗരസഭാധികൃതർ വിശദീകരിച്ചു. ടാക്സി സ്റ്റാൻഡ് നാഗമ്പടത്തേക്കു മാറ്റാനാണു നഗരസഭാ നിർദേശം.കച്ചവടക്കാരെ മാത്രം ഒഴിപ്പിച്ച നഗരസഭയുടെ നടപടി പ്രതിഷേധാർഹമാണെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. കോടതി ഉത്തരവു പൂർണമായും നടപ്പാക്കണം. അല്ലെങ്കിൽ വ്യാപാരികൾക്കു പുനരധിവാസ പാക്കേജ് നടപ്പാക്കണം. സമരപരിപാടികൾ ഉടൻ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

''ദീർഘദൂര പ്രൈവറ്റ് ബസുകൾ പോസ്റ്റ് ഓഫിസിനു മുൻവശത്തു കൂടിയും മെ‍ഡിക്കൽ കോളജ് വഴിയുള്ള ലോക്കൽ സർവീസുകൾ തിരുനക്കര ടെംപിൾ കോർണർ വഴി പോസ്റ്റ് ഓഫിസിനു പിൻവശത്തെ റോഡു വഴിയും കടത്തിവിടണം. പോസ്റ്റ് ഓഫിസിനു മുൻവശത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.''

കെ.എസ്.സുരേഷ് 

(ജില്ലാ ജനറൽ സെക്രട്ടറി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ)

 

''വ്യാപാരസമുച്ചയത്തിന്റെ കെട്ടിടം ഘട്ടങ്ങളായി മാത്രമേ പൊളിക്കാവൂ. ആദ്യം പഴയ കൽപകയുടെ കെട്ടിടം പൊളിക്കണം. ഇവിടെ താൽക്കാലിക ബസ്ബേയും ഷെഡും പണിയണം. നഗരസഭയുടെ ചെലവിൽ വ്യാപാരികളെ പുനരധിവസിപ്പിക്കണം.''

എ.കെ.എൻ.പണിക്കർ

(ജില്ലാ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com