വൈക്കം കോവിലകത്തുംകടവ് മീൻമാർക്കറ്റിനു സമീപം വേമ്പനാട്ടുകായലിന്റെ തീരം മാലിന്യംതള്ളൽ കേന്ദ്രമായി മാറി. മീൻ കേടുവരാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന തെർമോകോൾ ഉൾപ്പെടെ കായലിൽ തള്ളുകയാണ്. മാസങ്ങൾക്കു മുൻപു മാലിന്യം നഗരസഭ നീക്കിയെങ്കിലും ഇപ്പോൾ കാര്യങ്ങൾ വീണ്ടും പഴയപടിയായി.
തെർമോകോൾ ബോക്സിൽ മത്സ്യം എത്തിക്കുന്നവർ അതു തിരികെക്കൊണ്ടുപോകണമെന്നും അല്ലാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മാർക്കറ്റിനു സമീപം മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ദിവസം ആയിരക്കണക്കിന് ആളുകൾ വന്നു പോകുന്ന മാർക്കറ്റിലെ ആവശ്യങ്ങൾക്കായി കായലിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.