ADVERTISEMENT

കോട്ടയം ∙ വഴിയില്ലാതെ പാലം പണി തുടങ്ങി. ഒടുവിൽ കുടുങ്ങി. തെറ്റുതിരുത്താൻ വേണ്ടി വന്നത് 9 വർഷം. സർക്കാരിനു അധികച്ചെലവ് 8 കോടി രൂപ. പാലം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് 8 കോടി രൂപയ്ക്കു പുതിയ എസ്റ്റിമേറ്റ് തയാറാക്കി. 10 കോടിയിൽ നിർമാണം പൂർത്തിയാകേണ്ടിയിരുന്ന പാലത്തിന് ഇപ്പോൾ 18 കോടിയാണ് ആകെ ചെലവു കണക്കാക്കുന്നത്.

സമീപനപാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തില്ലെന്ന കാര്യം ഉദ്യോഗസ്ഥർ മറച്ചുവച്ചു പണി തുടങ്ങിയതാണ‌ു കോടിമത സമാന്തര പാലത്തിന്റെ നിർമാണം പാതിവഴിയിൽ മുടങ്ങാൻ കാരണം. യുഡിഎഫ് ഭരണകാലത്ത് 2014ൽ ആണു പാലം പണി തുടങ്ങാൻ കരാർ നൽകിയത്. സമീപനപാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തതിനു ശേഷമേ പാലം പണിക്കു കരാർ നൽകാവൂ എന്നാണു ചട്ടം. സ്ഥലം ഏറ്റെടുത്തു നൽകേണ്ടിയിരുന്നത് റവന്യു വകുപ്പാണ്. അന്നു 10 കോടി രൂപയ്ക്കു കരാർ നൽകുമ്പോൾ പാലത്തിന് ഇരുവശവും 100 മീറ്റർ വീതം സ്ഥലം ഉണ്ടെന്നു പൊതുമരാമത്ത് വകുപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കാൻ കഴിയാതെ വന്നതോടെ പണി മുടങ്ങി. സമീപനപാതയിലെ പുറമ്പോക്കിലെ 2 കുടുംബങ്ങളെ ഒഴിപ്പിക്കാനുമായില്ല.

വർഷങ്ങൾ കഴിഞ്ഞതോടെ,  പഴയ നിരക്കിൽ നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നു കാണിച്ചു കരാറുകാരൻ പിൻവാങ്ങി. ഏകദേശം 20 ലക്ഷം രൂപ കരാറുകാരനു കുടിശികയുണ്ട്. ഇതിനിടെ, സന്നദ്ധ സംഘടന ഇടപെട്ടു പുറമ്പോക്കിലെ കുടുംബങ്ങളെ ഒഴിപ്പിച്ചു. തുടർന്നാണു സ്ഥലം ഏറ്റെടുത്ത് എസ്റ്റിമേറ്റ് പുതുക്കിയത്. വൈകിയെങ്കിലും സർക്കാരിനു നല്ല ബുദ്ധി ഉദിച്ചതിൽ സന്തോഷമുണ്ടെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. എംഎൽഎയുടെ നിരന്തര ഇടപെടൽ മൂലമാണു പണി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com