ADVERTISEMENT

കുമരകം ∙ മാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ വീട്ടമ്മ ഒറ്റയ്ക്കു നേരിട്ടു. കുമരകം– ചേർത്തല റോഡിൽ കവണാറ്റിൻകര പാലത്തിൽ ഇന്നലെ പുലർച്ചെ 5.30നാണു സംഭവം. കവണാറ്റിൻകര മറ്റത്തിൽ ലളിത (78)യുടെ മാല പൊട്ടിക്കാനായിരുന്നു ശ്രമം. ലളിത വീട്ടിൽ നിന്നു കവണാറ്റിൻകര സർക്കാർ ഫാമിലേക്കു പാൽ വാങ്ങാൻ പോവുന്നതിനിടെ പാലത്തിനു നടുക്ക് എത്തിയപ്പോൾ ഇരുചക്ര വാഹനത്തിൽ എത്തിയ മോഷ്ടാവ് ‘അമ്മ രാവിലെ നടക്കാനിറങ്ങിയതാണോ’ എന്നു ചോദിച്ചു.

പരിചയമുള്ള ആരെങ്കിലുമാണോ എന്നറിയാൻ തിരിഞ്ഞതും കഴുത്തിലെ മാലയിൽ മോഷ്ടാവ് പിടിച്ചു. ലളിത മോഷ്ടാവിന്റെ ഹെൽമറ്റിൽ പിടിക്കാൻ ശ്രമിച്ചു. മോഷ്ടാവ് വാഹനത്തിൽ നിന്ന് ഇറങ്ങാതെ തന്നെ മാല വലിച്ചെടുക്കാൻ ശ്രമിച്ചു.  

ഇതിനിടെ ലളിത മോഷ്ടാവിന്റെ കയ്യിൽ കടിച്ചു. ഈ സമയം വെച്ചൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശാന്തിക്കാരൻ എ.എസ് സന്ദീപ് ബൈക്കിൽ വന്നു. ഇതുകണ്ട മോഷ്ടാവ് ലളിതയെ തള്ളിയിട്ടു. മാല പൊട്ടി ഒരു ഭാഗം യുവാവിന്റെ കൈവശവും മറ്റൊരു ഭാഗം ലളിതയുടെ കയ്യിലുമായി.  മോഷ്ടാവ് വേഗത്തിൽ കുമരകം ഭാഗത്തേക്കു വാഹനം ഓടിച്ചുപോയി. 

വാഹന നമ്പർ സന്ദീപിനും ലളിതയ്ക്കും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. മുഖത്തിനും ഇടതുതോളിനും പരുക്കേറ്റ ലളിത കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.  സാധാരണ അയൽവാസികളുമൊത്താണു പാൽ വാങ്ങാൻ പോവുക. ഇന്നലെ തനിച്ചായിരുന്നു യാത്ര.   കുമരകം പൊലീസ് അന്വേഷണം ആരംഭിച്ചു. 

കവണാറ്റിൻകര പാലത്തിനു തെക്കേക്കരയിലെ ക്യാമറ പ്രവർത്തനരഹിതം

കവണാറ്റിൻകര പാലത്തിനു തെക്കേക്കരയിലെ, ടൂറിസം പൊലീസിന്റെ ക്യാമറ പ്രവർത്തന രഹിതം.   മോഷണം അന്വേഷിക്കുന്നതിനു പൊലീസിന് ആശ്രയം റോഡരികിലെ കടകളിലെയും വീടുകളിലെയും ക്യാമറകൾ മാത്രമാണ്. പാലത്തിലെ ക്യാമറ മരശിഖരങ്ങൾ കൊണ്ടു മറഞ്ഞിരിക്കുകയാണ്. ക്യാമറ പ്രവർത്തനരഹിതമായി നാളുകളേറെയായിട്ടും നന്നാക്കിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com