ADVERTISEMENT

മുണ്ടക്കയം ∙ കുടുംബത്തോടൊപ്പം യാത്ര ചെയ്ത കുമരകം സ്വദേശിയായ മുഹമ്മദ് ഹാത്തീം എന്ന യുവാവ്, കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോയ സഫിയ എന്ന വീട്ടമ്മ – 15 ദിവസത്തിനുള്ളിൽ റോഡിൽ പൊലിഞ്ഞ 2 ജീവനുകളാണ്. ഇനി എത്ര ജീവനുകൾ ഇവിടെ നഷ്ടമാകണം വാഹനങ്ങളുടെ വേഗനിയന്ത്രണത്തിന് മൂക്ക് കയറിടാൻ? ദേശീയപാതയിൽ ചോറ്റിക്കും ചിറ്റടിക്കും ഇടയിലുള്ള 2 കിലോമീറ്റർ റോഡിൽ അപകടങ്ങൾ ആവർത്തിക്കുമ്പോൾ മരണത്തിന്റെ കണക്കു പുസ്തകത്തിൽ ഇൗ രണ്ടു പേരുകൾ മാത്രമല്ല ഉള്ളത്.

ദേശീയപാതയിൽ ചോറ്റിക്കും ചിറ്റടിക്കും ഇടയിൽ സ്ഥിരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങളിലൊന്ന്.
ദേശീയപാതയിൽ ചോറ്റിക്കും ചിറ്റടിക്കും ഇടയിൽ സ്ഥിരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങളിലൊന്ന്.

ബൈക്കിൽ സഞ്ചരിച്ച കേബിൾ ടിവി ഓഫിസ് മാനേജർ സുലൈമാൻ, തമിഴ്നാട് സ്വദേശിയായ മുരുകൻ, 2019ൽ മകളുടെ കല്യാണത്തിന്റെ പിറ്റേന്ന് ക്ഷേത്രത്തിൽ നിന്നു മക്കൾക്കൊപ്പം കാറിൽ മടങ്ങിയ ശ്രീധരൻ പിള്ള, ‘ജോലിക്ക് പോയിവരാം’ എന്നു പറഞ്ഞ് വെംബ്ലിയിലെ വീട്ടിൽ നിന്നു ബൈക്കിൽ ഇറങ്ങിയ അരുൺ, ഷാജി എന്നീ യുവാക്കൾ ഇങ്ങനെ നീളുകയാണ് ഇൗ റോഡിൽ മരണം തട്ടിയെടുത്തവരുടെ നീണ്ട നിര. ഇത് അടുത്ത കാലത്തു സംഭവിച്ച ചില അപകടങ്ങളുടെ ഓർമപ്പെടുത്തലുകൾ മാത്രം. 

വാഹനങ്ങൾ കൂട്ടിയിടിച്ചും നടന്നുപോകുന്നതിനിടെ വാഹനങ്ങൾ പാഞ്ഞു കയറിയും പരുക്കേറ്റവരും നിരവധിയാണ്. ചിറ്റടി മുതൽ ചോറ്റി വരെയും അവിടെ നിന്നു വെളിച്ചിയാനി വരെയും നിരപ്പായ റോഡിൽ അപകടങ്ങൾക്ക് എന്താണ് കാരണം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ – അമിത വേഗം. അത് ഒഴിവാക്കിയില്ലെങ്കിൽ ഇനിയും അപകടങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും. വാഹനങ്ങൾ അതിവേഗത്തിൽ പോകുന്നതിനാൽ കാൽനട യാത്രക്കാ‌രും ഭീതിയോടെയാണ് നടക്കുന്നത്. ഒരാഴ്ചയിൽ രണ്ട് എന്ന ശരാശരി കണക്കിൽ ഇവിടെ അപകടങ്ങൾ നടക്കുന്നു. 

മുൻപ് ഹൈവേ പൊലീസിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ഇവിടെ ചില സമയങ്ങളിൽ വേഗ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ പരിശോധനയില്ല. അതു പെറ്റി കേസുകളുടെ എണ്ണം തികയ്ക്കാനുള്ള നടപടി മാത്രമായി ഒതുങ്ങി. വളരെ ദൂരത്തിൽ നേർരേഖയിൽ കിടക്കുന്ന റോഡിൽ ഡിവൈഡറുകൾ സ്ഥാപിക്കാം, വേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറുകൾ നിർമിക്കാം, അപകട മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കാം ഇങ്ങനെ ഒരുപാട് പരിഹാര നിർദേശങ്ങൾ ഉണ്ടെങ്കിലും നടപടികൾ ഇനിയും നീളുകയാണ്. ഇനിയെങ്കിലും ഇവ സ്ഥാപിക്കുമോ എന്നാണ് അപകടങ്ങൾ കണ്ടു മനസ്സ് മരവിച്ച നാട്ടുകാരുടെ ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com