ADVERTISEMENT

കുറവിലങ്ങാട് ∙ നവകേരളം കർമപദ്ധതി 2ന്റെ ഭാഗമായി ഹരിത കേരള മിഷൻ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതി നടത്തിപ്പിനായി സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത പഞ്ചായത്തുകളുടെ പട്ടികയിൽ വെളിയന്നൂർ പഞ്ചായത്തും. കാർബൺ ഡയോക്സൈഡ്, മീഥൈൽ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിനു താങ്ങാൻ കഴിയുന്ന രീതിയിൽ പരിമിതപ്പെടുത്തുകയാണ് നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ലക്ഷ്യം.

പൈതൃക വൃക്ഷത്തിൽ തുടക്കം

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 50 വർഷത്തിലധികം പ്രായമുള്ള മരങ്ങൾ പൈതൃക വൃക്ഷങ്ങളായി പ്രഖ്യാപിച്ചു. വൃക്ഷങ്ങൾക്കു പൈതൃക പദവി നൽകുന്ന ആദ്യ പഞ്ചായത്താണ് വെളിയന്നൂർ. പൊതുസ്ഥലങ്ങളിലെയും ഉഴവൂർ - കൂത്താട്ടുകുളം, രാമപുരം - കൂത്താട്ടുകുളം, പുതുവേലി - വൈക്കം റോഡരികുകളിലെയും മാവ്, ആൽ, ആഞ്ഞിലി മരങ്ങളെയുമാണ് പൈതൃക വൃക്ഷങ്ങളായി തിരഞ്ഞെടുത്തത്.

∙ പൈതൃക വൃക്ഷത്തിനു പ്രത്യേക സംരക്ഷണം നൽകും. ഒരു പൈതൃക മരം മുറിക്കുമ്പോൾ കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും.

∙ സംസ്ഥാനത്ത് നിലവിലുള്ള നഷ്ടപരിഹാര പ്ലാന്റേഷൻ അനുസരിച്ച് മുറിക്കുന്ന ഓരോ മരത്തിനും ഒരു തൈ വീതമാണു കണക്ക്. പൈതൃക മരം പദ്ധതിയിൽ നട്ടുപിടിപ്പിക്കുന്ന മരങ്ങളുടെ എണ്ണം മുറിക്കുന്ന പൈതൃക മരത്തിന്റെ പ്രായത്തിനു തുല്യമായിരിക്കും.

∙ നഷ്ടപരിഹാര മരങ്ങളായി നട്ടുപിടിപ്പിക്കുന്നവയുടെ നിലനിൽപ് ഉറപ്പാക്കും. ചെയ്യുന്ന പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ ഭാഗമായുള്ള മരങ്ങൾ ജിയോ ടാഗ് ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സീറോ കാർബൺ പുറന്തള്ളൽ

മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം, വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, ഊർജ സംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിലെ ഇടപെടലിലൂടെയാണ് ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്നത്. തിരുവനന്തപുരത്ത് ഏതാനും ദിവസം മുൻപ് നടന്ന ശിൽപശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി പദ്ധതി അവതരിപ്പിച്ചു.

∙ സ്ഥാപനങ്ങൾ, കാർബൺ പുറന്തള്ളുന്ന മറ്റു സ്രോതസ്സുകൾ എന്നിവയെ ആദ്യഘട്ടത്തിൽ തരംതിരിക്കും. ഓരോ വിഭാഗത്തിലും ആവശ്യമെങ്കിൽ വീണ്ടും വിഭജനം നടത്തും. പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളെ യൂണിറ്റായി കണക്കാക്കും. സ്കൂൾ ആണെങ്കിൽ സ്കൂളും അതിനു ചുറ്റുമുള്ള പ്രദേശവും വീടാണെങ്കിൽ വീടും ഭൂമിയും എന്നിങ്ങനെയായിരിക്കും യൂണിറ്റുകൾ രൂപീകരിക്കുക.

∙ തദ്ദേശ ഭരണ സ്ഥാപന ഓഫിസ്, തദ്ദേശ ഭരണ സ്ഥാപനത്തിനു കൈമാറിയിട്ടുള്ള ഓഫിസുകൾ, സ്കൂളുകൾ, കല്യാണ മണ്ഡപങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ജലാശയങ്ങൾ, തരിശുഭൂമി, ജലനിർഗമന സംവിധാനങ്ങൾ എന്നിവയാണ് നെറ്റ് സീറോ കാർബൺ എമിഷൻ പ്രവർത്തനത്തിനായി ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്ന യൂണിറ്റുകൾ.

∙ യൂണിറ്റുകളിൽ ഇടപെടേണ്ട ജനവിഭാഗങ്ങൾ ഏതൊക്കെയെന്ന് നിർണയിച്ച് യൂണിറ്റിന്റെ പ്രവർത്തന മേഖലകളും പരിധികളും നിർണയിക്കും.

∙ പ്രാദേശിക ഭൂപ്രകൃതി, കാലാവസ്ഥ, ജനവാസം, സമൂഹിക – സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് ഹ്രസ്വകാല ലക്ഷ്യങ്ങൾ, ഇടക്കാല ലക്ഷ്യങ്ങൾ, ദീർഘകാല ലക്ഷ്യങ്ങൾ എന്നിങ്ങനെ 3 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ഒരു വർഷം മുതൽ 2 വർഷം വരെയുള്ള കാലയളവിൽ പൂർത്തിയാക്കുന്നതിനു സാധിക്കുന്നതും ചെലവ് കുറഞ്ഞതുമായ പ്രവർത്തനങ്ങൾ ഹ്രസ്വകാല ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തും.

∙ 2 മുതൽ 5 വരെ വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്നതും കൂടുതൽ ധനവിനിയോഗം ആവശ്യമുള്ളതുമായ പ്രവർത്തനങ്ങളെ ഇടക്കാല ലക്ഷ്യങ്ങൾ എന്ന ഘട്ടത്തിൽ ഉൾപ്പെടുത്തും. 5 വർഷമോ അതിനു മുകളിലോ കാലയളവ് ആവശ്യമായതും കൂടുതൽ ഗവേഷണവും ആസൂത്രണവും ചെലവും വേണ്ടിവരുന്നതുമായവയെ ദീർഘകാല ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തും.

∙ ആദ്യഘട്ടത്തിൽ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായിരിക്കും മുൻഗണന. അതിന്റെ ഭാഗമായാണ് പൈതൃക മരങ്ങളുടെ സംരക്ഷണം ഏറ്റെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com