ADVERTISEMENT

എരുമേലി ∙ ശബരിമല പാതയിൽ വെള്ളക്കെട്ടും മൺകൂനകളും അപകടക്കെണിയാകുന്നു. കരിങ്കല്ലുമ്മൂഴി മുതൽ മുക്കൂട്ടുതറ വരെയാണു ഏറ്റവും കൂടുതൽ അപകടക്കെണികൾ ഉള്ളത്. 3 മാസത്തിനുളളിൽ 2 ഇരുചക്രവാഹന യാത്രക്കാരാണ് ഈ റോഡിൽ അപകടങ്ങളിൽ മരണപ്പെട്ടത്. സീസൺ കാലത്ത് ആയിരക്കണക്കിനു തീർഥാടക വാഹനങ്ങൾ കടന്നു പോകുന്ന  റോഡിൽ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കൊടും വളവുകൾ നിവർക്കുന്നതിനു നടപടികളില്ല.

ശബരിമല പാതയിൽ മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് മുന്നിൽ റോഡിലെ വെള്ളക്കെട്ട്.
ശബരിമല പാതയിൽ മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് മുന്നിൽ റോഡിലെ വെള്ളക്കെട്ട്.

ഓടയില്ല റോഡിൽ വെള്ളക്കെട്ട്.

മുക്കൂട്ടുതറ അസീസി ആശുപത്രി ജംക്‌ഷൻ ഉൾപ്പെടെ പല സ്ഥലത്തും റോഡിൽ മഴ പെയ്താൽ ഉടൻ വെള്ളക്കെട്ടാണ്. ഓടയില്ലാത്തതു മൂലം വെള്ളം റോഡിലൂടെയാണ് ഒഴുകി കെട്ടിക്കിടക്കുകയാണ്. മഴക്കാലമാകുന്നതോടെ റോഡിന്റെ ഒരു ഭാഗത്തെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും ശക്തിയായ ഉറവ വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. ഈ വെള്ളത്തിനൊപ്പം കല്ലും മണ്ണും റോഡിലേക്ക് ഒഴുകിയെത്തുകയാണ്. ഇത്തരത്തിൽ റോഡിൽ വീണ മണലിൽ തെന്നി വീണാണ് ഏതാനും മാസത്തിനുള്ളിൽ 2 ബൈക്ക് യാത്രക്കാർ ഈ റോഡിൽ മരണപ്പെട്ടത്.

കാട് കയറി റോഡ്

റോഡിന്റെ ഇരുവശങ്ങളിലും കാടും പടലും വളർന്ന് റോഡിലേക്ക് കയറിയതോടെ റോഡിന്റെ വീതി കുറഞ്ഞ നിലയിലാണ്. പല സ്ഥലത്തും വെള്ള വര മൂടി കാട് കയറിയ നിലയിലാണ്. പൊതുമരാമത്തു വകുപ്പ് റോഡ് റോഡിന്റെ സംരക്ഷണ നടപടികൾ ചെയ്യുന്നില്ലെന്ന് പരാതിയുണ്ട്.

കരിങ്കല്ലുമ്മൂഴി അപകട വളവിന് പരിഹാരം വൈകുന്നു.

ശബരിമല പാതയിൽ ഏറ്റവും അപകടകരമായ വളവും കയറ്റവും കരിങ്കല്ലുമ്മൂഴി ഭാഗത്താണ്. ഈ അപകട ഭാഗം ഒഴിവാക്കി സമാന്തര റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് പൊതുമരാമത്ത് വകുപ്പിന്റെ മുന്നിൽ എത്തിയത്. ജനപ്രതിനിധികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ സ്ഥലം സന്ദർശിക്കുകയും സമാന്തര റോഡിനുള്ള പഠനം നടത്തുകയും ചെയ്തതല്ലാതെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സമാന്തര റോഡ് നിർമാണത്തിനായി സൗജന്യമായി സ്ഥലം വിട്ടു നൽകാമെന്ന് അറിയിച്ച് സമീപവാസികൾ കത്ത് നൽകിയെങ്കിലും പൊതുമരാമത്ത് വകുപ്പ് ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നില്ല. കയറ്റവും വളവുമായ ഇവിടെ നിരവധി വാഹനങ്ങളാണ് ബ്രേക്ക് തകരാറിലായി അപകടമുണ്ടാക്കിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com