ചങ്ങനാശേരി ∙ വാഴൂർ റോഡിൽ തെങ്ങണ ജംക്ഷനു സമീപം ജലവിതരണ പൈപ്പ് ലൈൻ ഇടുന്നതിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടെ സമീപത്തെ വൈദ്യുതി പോസ്റ്റും ലൈൻ കമ്പികളും റോഡിലേക്ക് മറിഞ്ഞു വീണു. തിരക്കേറിയ റോഡിലേക്ക് 11 കെവി ലൈൻ ഉൾപ്പെടെ വീണത് ആശങ്കയ്ക്കിടയാക്കിയെങ്കിലും നാട്ടുകാരുടെയും കെഎസ്ഇബി ജീവനക്കാരുടെയും അവസരോചിതമായമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. 70,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കെഎസ്ഇബി അധികൃതർ പറഞ്ഞു.പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നതിനു സമീപത്ത് കുഴി എടുക്കുന്നതും മറ്റുമുള്ള ജോലികൾ സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ട ആരും അറിയിച്ചിരുന്നില്ലെന്നും സംഭവത്തിൽ പൊലീസിൽ കേസ് നൽകുമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.
ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കെഎസ്ഇബിയുടെ എ പോൾ ആണ് വീണത്. ഇതോടെ 11 കെവി, എൽടി കേബിളുകൾ എന്നിവയ്ക്കും നാശം സംഭവിച്ചു. അപകട സമയത്ത് റോഡിൽ കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ആശ്വാസമായി. പെരുമ്പനച്ചിയിലുള്ള കെഎസ്ഇബി ഓഫിസിൽ അറിയിച്ചതനുസരിച്ച് ഉടൻ തന്നെ വൈദ്യുതി ബന്ധം വിഛേദിച്ചു. പോസ്റ്റും കേബിളുകളും റോഡിലേക്ക് വീണതോടെ ഗതാഗതം തടസ്സപ്പെട്ടു.
വിദ്യാർഥികളും ജോലിക്ക് പോകുന്ന ആളുകളും ഗതാഗക്കുരുക്കിൽ വലഞ്ഞു. സമീപ റോഡുകളിലേക്ക് വാഹനങ്ങൾ തിരിച്ചു വിട്ടതോടെ ഈ വഴികളിലെല്ലാം ഗതാഗതക്കുരുക്ക് ഉണ്ടായി. പ്രദേശത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വൈകിട്ടോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.