എരുമേലി ∙ ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയിൽ മൊബൈൽ ഫോൺ റേഞ്ച് ലഭിക്കുന്ന വിധം ബിഎസ്എൻഎൽ കാളകെട്ടിയിൽ ടവർ സ്ഥാപിക്കുന്നു. ഇതോടെ കാനനപാതയിൽ 12 കിലോമീറ്റർ ദൂരത്തിൽ മൊബൈൽ റേഞ്ച് ലഭിക്കും. കല്ലിടാംകുന്ന് ടോപ് വരെ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാളകെട്ടി ക്ഷേത്രത്തിന്റെ കവാടത്തിന് സമീപമാണ് ഇതിനായി സ്ഥലം നോക്കുന്നത്. സ്ഥലം വനം വകുപ്പിന്റേതാണ്. ഇത് അനുയോജ്യമെന്നാണു ബിഎസ്എൻഎൽ കണ്ടെത്തിയത്. ഇതിനു വനാവകാശ ഊരുകൂട്ടം അനുമതി ലഭ്യമാക്കി.
പരമ്പരാഗത കാനനപാത വഴി കാൽനടയായി പോകുന്ന തീർഥാടകരും സന്നദ്ധ പ്രവർത്തകരും സർക്കാർ ഏജൻസി പ്രവർത്തകരും നേരിടുന്ന പ്രതിസന്ധി മൊബൈൽ ഫോൺ സിഗ്നലില്ല എന്നതാണ്. കഴിഞ്ഞ മണ്ഡല, മകരവിളക്ക് സീസൺ കാലത്ത് മാത്രം 4.15 ലക്ഷം പേരാണു കാനനപാത വഴി പോയത്. കാളകെട്ടി ശിവപാർവതി ക്ഷേത്രം മുതൽ അഴുതക്കടവ് വരെ കാനനപാതയിൽ തീർഥാടകർ തിങ്ങിനിറഞ്ഞതോടെ മണിക്കൂറുകളോളം യാത്രാതടസ്സം ഉണ്ടായി.
തീർഥാടകർക്കു യാത്രയ്ക്കിടയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആശുപത്രിയിൽ എത്തിക്കുന്നതിനും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും മൊബൈൽ ഫോൺ സേവനം ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പരമ്പരാഗത പാതയിൽ മൊബൈൽ സേവനം ഇല്ലാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വോക്കി ടോക്കിയാണു ഉപയോഗിച്ചിരുന്നത്.കോവിഡ് കാലത്ത് ഏറെ പ്രതിസന്ധി നേരിട്ടത് കാളകെട്ടി മേഖലയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഇല്ലാതെ വന്നതാണ്.
85 കുടുംബങ്ങൾ താമസിക്കുന്ന ആദിവാസി ഊരിൽ ഇവിടത്തെ വിദ്യാർഥികൾക്ക് കംപ്യൂട്ടറുകളും മറ്റു പഠനോപകരണങ്ങളും ലഭ്യമാക്കിയെങ്കിലും നെറ്റ്വർക്ക് കവറേജ് ഇല്ലാത്തുമൂലം ഇവർക്ക് ഓൺലൈൻ പഠനം നടത്താൻ കഴിഞ്ഞില്ല. ടവർ സ്ഥാപിക്കുന്നതോടെ ഈ പ്രതിസന്ധി പരിഹരിക്കപ്പെടും.