ADVERTISEMENT

കോട്ടയം ∙ താപനില നിയന്ത്രിക്കാനും വെള്ളമിറങ്ങിയുണ്ടാകുന്ന പ്രശ്നങ്ങളും തീപിടിത്തവും അതിജീവിക്കാനും റോക്‌വൂൾ പാനൽ സ്ഥാപിച്ചിട്ടും വിജയപുരത്തെ ലൈഫ് മിഷൻ ഫ്ലാറ്റിനു ചോർച്ചയുണ്ടായതു സംബന്ധിച്ച അന്വേഷണത്തിനു തിരുവനന്തപുരത്തു നിന്നു വിദഗ്ധ സംഘം 12ന് എത്തും. 

എൻജിനീയർമാർ ഉൾപ്പെടുന്ന സംഘം സമുച്ചയത്തിലെ ചോർച്ചയും തകരാറും പരിശോധിക്കും. സോളർ പാനലുകൾ സ്ഥാപിക്കുന്നതിനായി മുകളിൽ ദ്വാരങ്ങൾ ഇട്ടിട്ടുണ്ട്. ഇതു ചോർച്ചയ്ക്കു കാരണമായോയെന്നു പരിശോധിക്കും. പൈപ്പ് പൊട്ടി ശുചിമുറിയിൽ നിന്നുള്ള മലിനജലം മുറിക്കുള്ളിലേക്കു വരുന്നുണ്ട്. 

ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫ്ലാറ്റ് പദ്ധതിയിൽ തുടക്കത്തിലേ പരാതി ഉയർന്നതിൽ സർക്കാരിന് അതൃപ്തിയുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയാണു  നിർമാണം നടത്തിയത്. കമ്പനി കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. കരാർ അനുസരിച്ച് ഇവർക്ക് 5 വർഷം പരിപാലനച്ചുമതലയുണ്ട്. 42 കുടുംബങ്ങൾക്കു നൽകുന്നതിനായാണു നിർമാണം നടത്തിയത്. പഞ്ചായത്തിന്റെ  55.80 സെന്റ് ഭൂമിയിലാണു 2,446 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 4 നിലക്കെട്ടിടം നിർമിച്ചത്. 7.35 കോടിയാണ്  ചെലവായത്. 44 ഹൗസിങ് യൂണിറ്റുകളാണ് നിർമിച്ചതെങ്കിലും ഇതിൽ രണ്ടെണ്ണം അങ്കണവാടി, വയോജന കേന്ദ്രം എന്നിവയ്ക്കായി മാറ്റി. 

15 കുടുംബങ്ങളാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. ബാക്കി കുടുംബങ്ങൾ താമസത്തിന് എത്താനിരിക്കെയാണു ചോർച്ച. ലൈഫ് മിഷനിലെ ബഹുനില സമുച്ചയങ്ങളുടെ നിർമാണം ആസ്ഥാന ഓഫിസ് കേന്ദ്രീകരിച്ചാണ്. ഭവന പദ്ധതിയിൽ നിർമിക്കുന്ന വീടുകളുടെ മേൽനോട്ടമാണു ജില്ലയിലെ ലൈഫ് മിഷൻ ഓഫിസുകൾക്കുള്ളത്.  

ഓരോ ഫ്ലാറ്റിനും 512 ചതുരശ്രയടി വിസ്തീർണമുണ്ട്. ഒരു ഹാൾ, 2 കിടപ്പുമുറികൾ, അടുക്കള, ശുചിമുറി, ബാൽക്കണി സൗകര്യം എന്നിവയുണ്ട്.  കുഴൽക്കിണർ, ജലസംഭരണി, മഴവെള്ള സംഭരണി, ശുദ്ധജല പദ്ധതി എന്നിവയുമുണ്ട്. ഇവിടത്തേക്കായി കെഎസ്ഇബി ട്രാൻസ്ഫോമർ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു തകരാർ സംഭവിച്ചാൽ പരിഹാരത്തിനായി ജനറേറ്ററുമുണ്ട്.

ഏപ്രിൽ എട്ടിനാണു കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്.  പ്രശ്നം പരിഹരിക്കാൻ പൈപ്പ് മാറ്റിസ്ഥാപിക്കും. വെള്ളം, മണൽ എന്നിവയുടെ കുറഞ്ഞ ഉപയോഗമുള്ള പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക ഉപയോഗിച്ചായിരുന്നു നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com