സോളർ: ഉമ്മൻ ചാണ്ടിയെച്ചൊല്ലി കോൺഗ്രസിൽ തിരുവഞ്ചൂർ – കെ.സി.ജോസഫ് തർക്കം

SHARE

കോട്ടയം ∙ സോളർ കമ്മിഷൻ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളെച്ചൊല്ലി, കോൺഗ്രസിൽ മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ – കെ.സി.ജോസഫ് എന്നിവർ തമ്മിൽ തർക്കം. സോളർ വിഷയത്തിൽ  കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നു ശക്തമായ പ്രതികരണമുണ്ടായില്ലെന്ന കെ.സി. ജോസഫിന്റെ വിമർശനം തിരുവഞ്ചൂർ തള്ളി. 

സോളർ കേസിൽ ജുഡീഷ്യൽ കമ്മിഷനായിരുന്ന ജസ്റ്റിസ് ജി.ശിവരാജൻ 5 കോടി രൂപ വാങ്ങിയാണ് ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് തയാറാക്കിയതെന്നു സിപിഐ നേതാവ് സി.ദിവാകരനും കമ്മിഷനു മസാലക്കഥകളിൽ മാത്രമേ താൽപര്യമുണ്ടായിരുന്നുള്ളൂ എന്നു മുൻ ഡിജിപി എ.ഹേമചന്ദ്രനും  ഈയിടെ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിന് അനുകൂലമായ ഈ വെളിപ്പെടുത്തലുകളെക്കുറിച്ചു കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നു വേണ്ടത്ര പ്രതികരണം വന്നതായി കാണുന്നില്ലെന്നായിരുന്നു കെ.സി.ജോസഫിന്റെ വിമർശനം. 

എന്നാൽ, എ.കെ.ആന്റണിയും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കെ.സി.വേണുഗോപാലും ഉൾപ്പെടെ ശക്തമായ ഭാഷയിലാണു പ്രതികരിച്ചതെന്നു തിരുവഞ്ചൂർ പറഞ്ഞു. ‘‘പാർട്ടി നേതാക്കൾ പരസ്പരവിശ്വാസത്തിലും സ്നേഹത്തിലുമാണ് ഉമ്മൻ ചാണ്ടിയുമായി ചേർന്നു പ്രവർത്തിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ പൊതുസ്വത്താണ്. അദ്ദേഹത്തിന്റെ പേരിൽ വിവാദത്തിനു പ്രസക്തിയില്ല’’–തിരുവഞ്ചൂർ പറഞ്ഞു. 

‘‘സോളർ കമ്മിഷൻ റിപ്പോർട്ടിൽ നടപടിയെടുക്കണമെന്നു പരാമർശമുള്ള 5 പേരിൽ ഒരാൾ ഞാനാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ അവിഹിതമായി സഹായിച്ചുവെന്നാണ് എനിക്കെതിരെ കമ്മിഷൻ കണ്ടെത്തിയ കുറ്റം. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ എന്നെ വിമർശിക്കുന്ന ആരുടെയും പേര് ആ റിപ്പോർട്ടിലില്ല എന്നു കൂടി മനസ്സിലാക്കണം’’ – തിരുവഞ്ചൂർ പറഞ്ഞു.  

ഉമ്മൻ ചാണ്ടിയെ പൂർണമായും വിശ്വസിച്ചാണു കോൺഗ്രസ് മുന്നോട്ടുപോകുന്നത്. ഗ്രൂപ്പ് വ്യത്യാസം മറന്നാണു സോളർ കേസിൽ കോൺഗ്രസ് ഉമ്മൻ ചാണ്ടിക്കു പിന്തുണ നൽകിയത്. ജസ്റ്റിസ് ശിവരാജനെ സോളർ അന്വേഷണ കമ്മിഷൻ ആക്കുന്നതിൽ തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്നും തിരുവഞ്ചൂർ ആവർത്തിച്ചു. 

എന്നെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയിട്ട് എന്തുണ്ടായി: തിരുവഞ്ചൂർ 

സോളർ‌ കേസിനെത്തുടർന്ന് 2014ൽ തന്നെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നു നീക്കിയതുകൊണ്ട് എന്തെങ്കിലും പ്രത്യേകതയുണ്ടായോ എന്നു കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സോളർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിലെ ടെനി ജോപ്പനെ അന്ന് അറസ്റ്റ് ചെയ്തത് വിവാദമുണ്ടാക്കിയിരുന്നു. അറസ്റ്റിന്റെ കാര്യം ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിനെയും അറിയിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഡിജിപി എ.ഹേമചന്ദ്രനും അറസ്റ്റ് വിവരം ഉമ്മൻ ചാണ്ടി  അറിഞ്ഞത് ടിവി ചാനലുകളിലൂടെയാണെന്നു കെ.സി.ജോസഫും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

‘‘ടെനി ജോപ്പനെ സോളർ കേസിൽ അറസ്റ്റ് ചെയ്യുകയാണെന്ന വിവരം ആഭ്യന്തര മന്ത്രിയായിരുന്ന എന്നെ അറിയിക്കാതിരുന്നതിന് എ.ഹേമചന്ദ്രനെ അന്വേഷണത്തലവൻ സ്ഥാനത്തുനിന്നു മാറ്റിയിരുന്നെങ്കിൽ മാധ്യമങ്ങളും പ്രതിപക്ഷവും അടക്കം എല്ലാവരുടെയും വിമർശനത്തിനു ഞാൻ വിധേയനാകുമായിരുന്നു. കൃത്യമായ തെളിവുകളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നോ അറസ്റ്റ് എന്ന് അന്നു ഹേമചന്ദ്രനോടു ചോദിച്ചിരുന്നു.

അതെ എന്നായിരുന്നു മറുപടി. സോളർ അന്വേഷണസംഘത്തിനു വീഴ്ചയുണ്ടായതായി ഇതുവരെ ആരും പരാതി പറഞ്ഞ​ിട്ടില്ല. അന്വേഷണസംഘത്തെക്കുറിച്ചു പെറ്റിക്കേസ് പരാതി പോലും ഇതുവരെ ഉണ്ടായിട്ടില്ല. സത്യം എന്തായാലും പുറത്തുവരുമെന്ന് എനിക്കുറപ്പായിരുന്നു’’– തിരുവഞ്ചൂർ പറഞ്ഞു. തിരുവഞ്ചൂരിനെ മാറ്റി പകരം രമേശ് ചെന്നിത്തലയെയാണ് അന്ന് ആഭ്യന്തരമന്ത്രിയാക്കിയത്.

സോളർ കമ്മിഷൻ പറഞ്ഞതിനോടെല്ലാംയോജിപ്പില്ല: കാനം

സോളർ കമ്മിഷൻ റിപ്പോർട്ടിലെ എല്ലാ നിഗമനങ്ങളോടും യോജിക്കാൻ കഴിയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം അതിൽ പറഞ്ഞിട്ടുണ്ട്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥർ സർവീസ് സ്റ്റോറി എഴുതുന്ന രീതി ഇപ്പോഴുണ്ട്. അങ്ങനെയുള്ള പുസ്തകങ്ങളിൽ പറയുന്നതെല്ലാം സത്യമാണോ എന്നു പറയാൻ കഴിയില്ലെന്ന് മുൻ ഡിജിപി എ.ഹേമചന്ദ്രന്റെ ആത്മകഥയുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി കാനം പ്രതികരിച്ചു. 

സോളർ സമരവുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് സി.ദിവാകരൻ നടത്തിയ പ്രതികരണങ്ങളെ കാനം തള്ളി. അദ്ദേഹം പറയുന്നതൊന്നും വസ്തുതയ്ക്കു നിരക്കുന്നതല്ല. പുസ്തകം വിൽക്കാനുള്ള വിപണന തന്ത്രവും പ്രതികരണങ്ങളിൽ ഉണ്ടാകാം. ദൈനംദിനം ഭരണ ‍നിർവഹണവുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലോക കേരള സഭയിൽ വലിയ സ്ഥാനമില്ലെന്നു സിപിഐ മന്ത്രിമാർ അതിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനു മറുപടിയായി കാനം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS