ADVERTISEMENT

കോട്ടയം: കിടിലൻ ഫുഡ്കോർട്ട്, പുത്തൻ ലൈബ്രറി. പൗരാണിക പ്രൗഢിക്കു കോട്ടം തട്ടാതെ സിഎംഎസ് കോളജ് ആധുനികത അണിയുന്നു. കോളജിന്റെ പ്രവേശന കവാടം കടന്നു വലതു ഭാഗത്തേക്കു നടന്നാൽ പഴയ കന്റീനിനു പകരം പുതിയ ഭക്ഷണശാല. ഗ്രേറ്റ് ഹാളിന്റെയും ക്യാംപസിലെ മറ്റു കെട്ടിടങ്ങളുടെയും അതേഭംഗിയിലാണു കന്റീൻ കെട്ടിടത്തിന്റെയും നിർമിതി. നാനൂറുപേർക്കു ഭക്ഷണം കഴിക്കാം. ഭക്ഷണശാലയുടെ ഉള്ളിൽ രണ്ടാംനില പോലെ കുഞ്ഞനൊരു ആഡംബര ഡൈനിങ് ഏരിയയുമുണ്ട്. ഭക്ഷ്യവിഷബാധ ഇല്ലാതാക്കി കോളജിന് ഒരു ഭക്ഷ്യനയം ഉണ്ടാക്കിയതിന്റെ ഭാഗമാണ് ഫുഡ്കോർട്ട് എന്നു പ്രിൻസിപ്പൽ ഡോ.വർഗീസ് സി.ജോഷ്വ പറഞ്ഞു. മൂവായിരം വിദ്യാർഥികളും 210 ജീവനക്കാരുമുള്ള കോളജിൽ മൂന്നു ഹോസ്റ്റലുകളുണ്ട്. ഇവിടേക്ക് എല്ലാമുള്ള ആഹാരം ഫുഡ്കോർട്ടിൽ നിന്നു വിളമ്പും.

കോളജിലെ പരിപാടികൾക്കും ഇവിടെനിന്നു ഭക്ഷണം ബുക്ക് ചെയ്യാം. കൈകഴുകാൻ സെൻസർ പൈപ്പ് സംവിധാനം കുറഞ്ഞ ചെലവിൽ കോളജിൽ വികസിപ്പിച്ചു. ഫുഡ്കോ‍ർട്ടിനു മുന്നിലെ പൂന്തോട്ടവും അരികെ നിൽക്കുന്ന വൻമരങ്ങളുമെല്ലാം ചേർന്നു കാട്ടിനുള്ളിലെ റസ്റ്ററന്റ് പോലെ തോന്നും! ഫുഡ്കോർട്ട് നാളെ വിദ്യാർഥികൾക്കു തുറന്നു നൽകും. ഒരു ലക്ഷം പുസ്തകങ്ങളും അതിലധികം ഡിജിറ്റൽ പുസ്തകങ്ങളുമുള്ള സിഎംഎസ് കോളജ് ലൈബ്രറിയും മുഖം മിനുക്കി. കൊച്ചി മെട്രോ സ്റ്റേഷനിൽ കയറുന്നതു പോലെ തോന്നും പ്രവേശന കവാടം. വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡ് സ്വൈപ് ചെയ്താലേ വാതിൽ തുറക്കൂ. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കു ലിഫ്റ്റുണ്ട്.

സിഎംഎസ് കോളജ് ലൈബ്രറിയിലേക്കു പ്രവേശിക്കാനുള്ള 
ഇലക്ട്രോണിക് ഫ്ലാപ് ഗേറ്റ് 
വിദ്യാർഥികൾ പരിശോധിക്കുന്നു. പ്രിൻസിപ്പൽ ഡോ.വർഗീസ് 
സി. ജോഷ്വയും പ്രഫ.ഷാവാസ് 
ഷെരഫുംസമീപം.
സിഎംഎസ് കോളജ് ലൈബ്രറിയിലേക്കു പ്രവേശിക്കാനുള്ള ഇലക്ട്രോണിക് ഫ്ലാപ് ഗേറ്റ് വിദ്യാർഥികൾ പരിശോധിക്കുന്നു. പ്രിൻസിപ്പൽ ഡോ.വർഗീസ് സി. ജോഷ്വയും പ്രഫ.ഷാവാസ് ഷെരഫുംസമീപം.

21000 ചതുരശ്രയടി വലുപ്പമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അതിപുരാതന ഗ്രന്ഥങ്ങൾ ഈർപ്പം കൂടാതെ സൂക്ഷിക്കാനുള്ള ഫ്യുമിഗേഷൻ ചേംബറുണ്ട്. ഈർപ്പം ഒപ്പിയെടുക്കാൻ ശേഷിയുള്ളതും ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തതുമായ പ്രത്യേകതരം ടിഷ്യു പേപ്പർ പഴയ പുസ്തകങ്ങളുടെ ഓരോ പേജിലും ലാമിനേറ്റ് ചെയ്തതു പോലെ പിടിപ്പിക്കുന്നു. സുതാര്യമായ ഈ പേപ്പറിൽ പൊതിഞ്ഞാലും തടസ്സമില്ലാതെ പുസ്തകം വായിക്കാം.ലൈബ്രറിയുടെ ഉള്ളിൽ 10 അടി ഉയരത്തിൽ പടിക്കെട്ടുകളുമുണ്ട്. അവിടെ ഇരുന്നും വായിക്കാം. ലാപ്ടോപ് ഉപയോഗിക്കുകയും ചെയ്യാം. ലൈബ്രറിയുടെ മുൻവശത്തു വനംവകുപ്പുമായി ചേർന്നു വിദ്യാവനം വളർത്തുകയാണ്. ഏഴു സെന്റ് സ്ഥലത്ത് 165 അപൂർവ മരങ്ങളുടെ കാടാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com