ADVERTISEMENT

ചങ്ങനാശരി ∙ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ പി.എൻ.പണിക്കരുടെ ജന്മഗൃഹം തനിമ നഷ്ടമാകാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക്. നാളെ വായനദിനമാണ്. തീർഥാടനം പോലെ പുസ്തകപ്രേമികളും അക്ഷരസ്നേഹികളും നീലംപേരൂർ പഞ്ചായത്ത് 3–ാം വാർഡിലുള്ള പി.എൻ.പണിക്കരുടെ ജന്മഗൃഹമായ പുതുവായിൽ വീട്ടിലെത്തുമ്പോൾ ഈ കാഴ്ച കാണാം.വീട് നിൽക്കുന്ന ആറര സെന്റ് സ്ഥലം മ്യൂസിയം ഉൾപ്പെടെ‌ നിർമിക്കാനായി കുടുംബാംഗങ്ങൾ വർഷങ്ങൾക്കു മുൻപു സർക്കാരിനു കൈമാറിയിരുന്നു. 

ഒന്നും നടന്നില്ല. വീടു നശിക്കാനും തുടങ്ങി. കഴിഞ്ഞ വർഷത്തെ മഴക്കാലത്തു മേൽക്കൂരയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഇതോടെയാണു പി.എൻ.പണിക്കരുടെ കുടുംബാംഗങ്ങളുടെയും ഫൗണ്ടേഷന്റെയും കോട്ടയം പബ്ലിക് ലൈബ്രറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും സഹകരണത്തോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.അടിത്തറ ബലപ്പെടുത്തി, തറയോട് പാകി. ഭിത്തികൾ വീണ്ടും കെട്ടിയുറപ്പിച്ചു. ദ്രവിച്ച ജനലുകളും വാതിലുകളും മാറ്റി. മേൽക്കൂര പൂർണമായും മാറി. പെയ്ന്റിങ് ജോലികളും പൂർത്തിയാക്കി. പരിസരത്തെ കാടു വെട്ടിത്തെളിച്ചു. 

പഴമയുടെ പ്രൗഢി നിലനിർത്തി ഹാബിറ്റാറ്റിന്റെ ചുമതലയിലായിരുന്നു പുനർനിർമാണം. ഏകദേശം 10 ലക്ഷം രൂപ ജോലികൾക്കായി ചെലവായി. മതിലിന്റെയും മുറ്റത്തിന്റെയും പണി ബാക്കിയുണ്ട്.പുതുക്കിപ്പണിത വീടിന്റെ ഉദ്ഘാടനം ഇത്തവണത്തെ വായനമാസാചരണ കാലയളവിൽ നിർവഹിക്കാനാണു ഫൗണ്ടേഷൻ ഭാരവാഹികളുടെ ശ്രമം. പി.എൻ.പണിക്കരുടെ അർധകായപ്രതിമയും ഇവിടെ സ്ഥാപിക്കും. പി.എൻ.പണിക്കർ ഉപയോഗിച്ചിരുന്ന വസ്തുക്കളും പ്രദർശിപ്പിക്കും.കഴിഞ്ഞ വർഷം നനഞ്ഞ പുസ്തകം പോലെയുള്ള വീടു കണ്ടു വിഷമിച്ചാണ് ആളുകൾ മടങ്ങിയതെങ്കിൽ ഇത്തവണ കാഴ്ചകൾ വ്യത്യസ്തമാണ്. വരുന്നവർക്കു സന്തോഷം തോന്നും, ചരിത്രസ്മാരകം വീണ്ടെടുത്തതിന്റെ സന്തോഷം.

പി.എൻ.പണിക്കരുടെ ജന്മഗൃഹം സംരക്ഷിക്കും. മൂന്നു നിലകളുള്ള കെട്ടിടം കൂടി നിർമിക്കാനാണ് ആഗ്രഹം. പി.എൻ.പണിക്കർ മ്യൂസിയം, ഡിജിറ്റൽ ലൈബ്രറി, പി.എൻ.പണിക്കർ ഗവേഷണകേന്ദ്രം, ലൈബ്രറി, ഹാൾ എന്നിവ ഉൾപ്പെടുന്നതാകും പുതിയ കെട്ടിടസമുച്ചയം. പി.എൻ.പണിക്കർ ഫൗണ്ടേഷൻ നൽകിയ പ്രോജക്ട് സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്കാരിക വകുപ്പിനും പ്രോജക്ട് നൽകിയിട്ടുണ്ട്. അവരും താൽപര്യം അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com