ADVERTISEMENT

വൈക്കം ∙ മറവൻതുരുത്ത് പഞ്ചായത്തിൽ തെരുവുനായ ഇന്നലെയും ഒരാളെ കടിച്ചു. ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ കടിയേറ്റവരുടെ എണ്ണം പതിനൊന്നായി. പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപത്തെ കല്ലുങ്കൽ ഗേറ്റ് കീപ്പറായ പൂച്ചാക്കൽ പുന്നക്കാത്തറ ലിജിയോ ജോസഫിനെയാണു (41) ഇന്നലെ രാവിലെ നായ കടിച്ചത്. ജോലിക്കു പോകുന്നതിനിടെ രാവിലെ 7.20നു മണിയശേരി ക്ഷേത്രത്തിനു സമീപമാണു ലിജിയോയെ നായ ആക്രമിച്ചത്. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലിജിയോയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മണിയശേരി ക്ഷേത്രത്തിനു സമീപമായിരുന്നു ആക്രമണം. പ്രദേശത്ത് ഒരാൾ കടിയേൽക്കാതെ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്.

മറവൻതുരുത്ത് അപ്പക്കോട്ട് കോളനിയിൽ നിലയുറപ്പിച്ച തെരുവുനായ്ക്കൾക്കു സമീപത്തു കൂടി ഭീതിയോടെ നടന്നുപോകുന്ന പെൺകുട്ടി.

കഴിഞ്ഞ ദിവസം പഞ്ചായത്തിൽ 10 പേരെ ഇതേ നായ കടിച്ചിരുന്നു. ഈ നായയെ ഇന്നലെ രാവിലെ എട്ടരയോടെ പിടികൂടി. പ്രത്യേകം പരിശീലനം നേടിയ ഉദയനാപുരം ഇത്തിപ്പുഴ വടക്കേതിൽ അനീഷ് സോമന്റെ നേതൃത്വത്തിലുള്ള സംഘമാണു നായയെ പിടികൂടിയത്. ആദ്യം നായയെ വലയ്ക്കുള്ളിലാക്കിയെങ്കിലും വലയുടെ കണ്ണി കടിച്ചു മുറിച്ച് പുറത്തു കടക്കാൻ ശ്രമം നടത്തി. പിന്നീട് മറ്റൊരു വലയുംകൂടി ഇട്ടാണു നായയെ കൂട്ടിലാക്കിയത്. കൂട്ടിലേക്കു മാറ്റിയ നായയ്ക്കു തീറ്റയും വെള്ളവും നൽകിയെങ്കിലും കഴിച്ചില്ല. ഇതു പേവിഷ ബാധയുടെ ലക്ഷണമാണെന്നാണു പ്രാഥമിക നിഗമനം.

ഒരു കുടുംബത്തിലെ മൂന്നു പേരെ വളർത്തുനായ കടിച്ചു

കാണക്കാരി ∙ ഒരേ കുടുംബത്തിലെ 3 പേരെ വിവിധ ദിവസങ്ങളിലായി വളർത്തുനായ കടിച്ചു. നായ പേവിഷബാധ ലക്ഷണം കാണിച്ചതിനെത്തുടർന്നു പിടികൂടി വെമ്പള്ളി മ‍ൃഗാശുപത്രിയിലേക്കു മാറ്റി. കാണക്കാരി മൈലക്കുഴിയിൽ നാരായണൻ (75), ഭാര്യ രത്നമ്മ (70), നാരായണന്റെ സഹോദരി കല്യാണി (85) എന്നിവർക്കാണു കടിയേറ്റത്. മൂവരും ചികിത്സ തേടി. നായ നിരീക്ഷണത്തിലാക്കി.

തെരുവുനായ വട്ടംചാടി; സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരുക്ക്

പാഴുത്തുരുത്ത് ∙ തെരുവുനായ വട്ടം ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മണ്ണുമാന്തിയന്ത്രം ഓപ്പറേറ്റർക്ക് ഗുരുതര പരുക്ക്. ഇടുക്കി സ്വദേശി വെട്ടിയാർ വച്ചിലമ്പു മലയിൽ പി.സി. ഷിജോ ( 40)യ്ക്കാണ് പരുക്കേറ്റത്. രണ്ടു പല്ല് നഷ്ടമായ ഷിജോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 7.30 ന് കടുത്തുരുത്തി– ഞീഴൂർ റോഡിൽ പാഴുത്തുരുത്ത് കവലയിലായിരുന്നു സംഭവം. കടുത്തുരുത്തിയിൽ നിന്നു മഠത്തിപ്പറമ്പിലുള്ള താമസസ്ഥലത്തേക്കു സ്കൂട്ടറിൽ വരികയായിരുന്നു ഷിജോ. പാഴുത്തുരുത്ത് ഭാഗത്തുവച്ച് സ്കൂട്ടറിനു മുൻപിൽ തെരുവുനായ വട്ടംചാടി. നായയെ ഇടിച്ചതോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു. ഷിജോ മുഖമടിച്ചു റോഡിൽ വീഴുകയായിരുന്നു. മുഖത്താകെ പരുക്കുണ്ട്.

വെള്ളിയാഴ്ച രാത്രി കടുത്തുരുത്തി ടൗണിൽ തെരുവുനായ ബൈക്കിൽ ഇടിച്ച് കാക്കനാട് സ്വദേശികളായ ദമ്പതികൾക്ക് റോഡിൽ വീണ് പരുക്കേറ്റിരുന്നു. മൂന്നു ദിവസം മുൻപ് കല്ലറ പെരുംതുരുത്തിൽ പെയിന്റിങ് ജോലിക്കാരനായ യുവാവിന്റെ സ്കൂട്ടറിൽ തെരുവു നായ ഇടിച്ച് യുവാവിന് റോഡിൽ വീണ് സാരമായി പരുക്കേറ്റു. തെരുവുനായ്ക്കൾ രാത്രിയും പകലും റോഡുകളിലൂടെ അലഞ്ഞു തിരിയുന്നത് ഇരുചക്ര വാഹനയാത്രക്കാർക്ക് ഭീഷണിയാവുകയാണ്. ദിവസങ്ങൾക്കു മുൻപ് കല്ലറയിൽ നാലു വയസ്സുകാരനെ തെരുവു നായ ആക്രമിച്ചിരുന്നു. ഏതാനും മാസം മുൻപ് പെരുവയിൽ തെരുവുനായയിൽ നിന്നു രക്ഷപ്പെടാൻ ഓടിയ വിദ്യാർഥി കിണറ്റിൽ വീണിരുന്നു.

English Summary: Stray dog ​​attack in Maravanthuruth Panchayat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com