ADVERTISEMENT

ചങ്ങനാശേരി ∙ രാജ്യത്തെ ജനങ്ങൾക്കു ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കേണ്ടതു ഭരണാധികാരികളുടെ ബാധ്യതയാണെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മണിപ്പുരിൽ ക്രൈസ്തവർക്കും ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചും മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മണിപ്പുരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫിന്റെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും ജില്ലയിലെ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പെരുന്തോട്ടം.

നമ്മുടെ രാജ്യം സുരക്ഷിതമാണെന്ന് ഇവിടത്തെ ഭരണാധികാരികൾ ആവർത്തിച്ചു പറയുമ്പോഴും ഒരു സംസ്ഥാനത്ത് 2 വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന കലഹത്തെ ഇല്ലാതാക്കാൻ 2 മാസമായിട്ടും സാധിച്ചില്ല എന്നത് ആശങ്ക ഉയർത്തുന്നു. ചൈനയെയും പാക്കിസ്ഥാനെയും പ്രതിരോധിക്കാൻ സന്നദ്ധരാണെന്നു പറയുമ്പോഴും ഒരു സംസ്ഥാനത്തിന്റെ സമാധാനം സംരക്ഷിക്കാൻ കഴിയാതെ പോകുന്നു. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ അതിനെ നിയന്ത്രിക്കാൻ കഴിയാത്തവർക്ക് എങ്ങനെ രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു പറഞ്ഞ് അഭിമാനിക്കുമ്പോഴും മതനിരപേക്ഷത എവിടെയും കൊട്ടിഘോഷിക്കുമ്പോഴും ഇവിടെ മതത്തിന്റെ പേരിൽ വിവേചനം നടമാടുന്നു എന്നതും മതപീഡനങ്ങൾ നടക്കുന്നു എന്നതും യാഥാർഥ്യമാണ്.  2 വിഭാഗങ്ങൾ തമ്മിലുള്ള കലഹം നടന്നപ്പോൾ ജീവൻ നഷ്ടപ്പെട്ടവരിൽ അധികവും ക്രൈസ്തവരാണ്. ക്രൈസ്തവ ഭവനങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. ഇതിനെയാണു മതവിവേചനമെന്നു പറയുക.

ഇതിനെ ക്രൈസ്തവപീഡനമെന്നും വിളിക്കുന്നതിൽ തെറ്റുണ്ടോ? മണിപ്പുരിൽ മാത്രമല്ല, മറ്റു പലയിടങ്ങളിലും ഇതു സംഭവിക്കുന്നുണ്ട് എന്നതു യാഥാർഥ്യമാണെന്നും മാർ പെരുന്തോട്ടം പറഞ്ഞു. വൈകിട്ട് യുഡിഎഫ് സംസ്ഥാന സെക്രട്ടറി സി.പി.ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപിക്കു നാരങ്ങനീരു നൽകി ഉപവാസം അവസാനിപ്പിച്ചു.

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ.നൗഷാദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എം.എം.ഹസൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാണി സി.കാപ്പൻ, പി.ഉബൈദുല്ല, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്, ഫ്രാൻസിസ് ജോർജ്, ജോസഫ് വാഴയ്ക്കൻ, പ്രഫ. പി.ജെ.കുര്യൻ, ജോസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ്, ഇമാം കൗൺസിൽ ചെയർമാൻ മുഹമ്മദ് നദീർ മൗലവി, പഴയപള്ളി ഇമാം ഡോ. ജുനൈദ് ജൗഹരി അൽ അസ്ഹരി, മാളികപ്പുറം മുൻ മേൽശാന്തി മനു നമ്പൂതിരി, ടി.എ.സലീം, ടോമി കല്ലാനി, സജി മഞ്ഞക്കടമ്പിൽ, ഫിൽസൺ മാത്യൂസ്, അസീസ് ബഡായിൽ, ജോസഫ് എം.പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com