ADVERTISEMENT

കോട്ടയം ∙ ബാലഗോകുലത്തിനു 50 വയസ്സ്. 2025 ലെ ആഘോഷത്തിനു വിപുലമായ ഒരുക്കൾ. 2025 ൽ 5000 ബാലഗോകുലങ്ങൾ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങാൻ 48–ാം സംസ്ഥാന സമ്മേളനത്തിൽ തീരുമാനം.

 

‘ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ

ഒരു മയിൽപ്പീലിയുണ്ടെന്നുള്ളിൽ

വിരസ നിമിഷങ്ങൾ സരസമാക്കു

വാനിവ ധാരാളമാണെനിക്കെന്നും’ എന്നു പാടിയ കവി കുഞ്ഞുണ്ണിമാഷും

‘കാലമിനിയുമുരുളും, വിഷുവരും

വർഷം വരും, തിരുവോണം വരും, പിന്നെ

യോരോ തളിരിനും പൂ വരും, കായ് വരും

balagokulam-3
ഓർമയുടെ മയിൽപീലി അഴക് : ബാലഗോകുലം പഴയകാല ചിത്രം

 

അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം? എന്നു എഴുതിയ കവി എൻ.എൻ. കക്കാടും പഴയകാലത്ത് നേതൃത്വം കൊടുത്ത ബാലഗോകുലം. ഈ കവികൾക്ക് പ്രായമായപ്പോഴും കുട്ടികളുടെ മനസ്സുണ്ടായിരുന്നതു കൊണ്ടാണ് ആർദ്രമായി എഴുതാനും ബാലഗോകുലത്തെ നയിക്കാനുമായതെന്നു സംഘാടകർ. അൻപതിന്റെ നിറവിലെത്തുന്ന ബാലഗോകുലമെന്ന സാംസ്കാരിക ‘ആർദ്രയെ ശാന്തരായ് സൗമ്യരായ് എതിരേൽക്കാ’നുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോൾ നേതൃനിരയിലുള്ളവർ കുട്ടികളുടെ മനസ്സുള്ളവരായി തീരണമെന്നാണ് 48–ാം സംസ്ഥാന സമ്മേളനം നൽകുന്ന സന്ദേശം.

സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത സ്വാമി അധ്യാത്മാനന്ദ സരസ്വതിയുടെ പ്രസംഗത്തിന്റെ കാതലും ഇതുതന്നെയായിരുന്നു. ബാലഗോകുലം നയിക്കുന്നവർക്കു കുട്ടികളുടെ മനസ്സ് ഉണ്ടായിരിക്കണം. ഇതിനായി അദ്ദേഹം നേതൃനിരയിലുള്ളവർക്കായി ഒരു കഥയും പറഞ്ഞു.

balagokulam-4
ഓർമയുടെ മയിൽപീലി അഴക് : ബാലഗോകുലം പഴയകാല ചിത്രങ്ങളിലൂടെ...

ഒരിടത്ത് ഒരു ചിത്രകാരനുണ്ടായരുന്നു. ചിത്രം വരയിലൂടെ മാത്രമുള്ള സമ്പാദ്യത്തിലൂടെ ജീവിക്കാൻ കഴിയില്ലെന്ന ബോധ്യം വന്നതിനാൽ അദ്ദേഹം എൻജിനീയറിങ് കോഴ്സ് പൂർത്തിയാക്കി. താമസിയാതെ സൈനികനായി ജോലി കിട്ടി. ജോലിയിലിരിക്കെ ഒരു പുതിയ പാലം നിർമിക്കാനുള്ള പ്ലാനും സ്കെച്ചും തയാറാക്കാനുള്ള ചുമതല കിട്ടി. ചിത്രകാരൻ കൂടിയായതിനാൽ വിശദമായ പ്ലാനിനു പുറമേ സ്കെച്ചും വരച്ചു. സ്കെച്ചിൽ പാലവും പുഴയും പുഴയിലെ മീനുകളും പാലത്തിനു മുകളിൽ കളിക്കുന്ന 3 കുട്ടികളുമെല്ലാം തെളിഞ്ഞു നിന്നു. മേലധികാരികൾക്ക് പ്ലാൻ ഇഷ്ടപ്പെട്ടു.

പക്ഷേ, സ്കെച്ച് മാറ്റി വരയ്ക്കണമെന്നു നിർദേശം വന്നു. പുഴയും മീനും തുടങ്ങിയ വിശദാംശങ്ങൾ വേണ്ട. മാറ്റി വരച്ചു. പുഴയില്ല; മീനില്ല. പാലവും കുട്ടികളഉം മാത്രം ബാക്കിയായി. ഇതുകണ്ട മേലധികാരി വീണ്ടും ക്ഷുഭിതനായി. സ്കെച്ചിൽ നിന്നു കുട്ടികളെയും മാറ്റണം. മൂന്നാമതും മാറ്റി വരച്ചു. പക്ഷേ, 3 മൺകൂനകൾ പുതിയതായി സ്കെച്ചിൽ സ്ഥാനം പിടിച്ചു. ഫൈനൽ സ്കെച്ചിലെ മൺകൂനകളും മാറ്റണമെന്നു മേധാവിക്കു ശാഠ്യം. ഇതു കേട്ടതോടെ സ്കെച്ച് വരച്ച സൈനികൻ താഴ്മയായി ഇങ്ങനെ പറഞ്ഞു: ‘പാലത്തിലുണ്ടായിരുന്ന 3 കുട്ടികളെ സംസ്കരിച്ച മൺകൂനകളാണ് സ്കെച്ചിലുള്ളത്. അത് മാറ്റാൻ ആവശ്യപ്പെടരുത്.’ കഥ പറഞ്ഞു നിർത്തിയ സ്വാമി അധ്യാത്മാനന്ദ സരസ്വതി ഇത്രയും കൂടി കൂട്ടിച്ചേർത്തു:

balagokulam-6

‘ മുതിർന്നവരെല്ലാം കുട്ടികളെ മനസ്സിൽ നിന്നു മറവ് ചെയ്തിരിക്കുന്നു. കുട്ടികൾ വഴിതെറ്റി പോകുന്നതിനു കാരണം ഇതാണ്. അവരെ നേർവഴിക്ക് നടത്താൻ മുതിർന്നവർ കുട്ടികളുടെ മനസ്സുള്ളവരായി മാറണം.’

സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ സംഘചാലക് ഡോ.വന്നിയ രാജൻ ‘കുട്ടികളെ ദേവതുല്യരായി കാണണമെന്ന’ സന്ദേശമാണ് കൈമാറിയത്. രാജ്യസ്നേഹവും അനുബന്ധ മൂല്യങ്ങളും കുട്ടികളിൽ വളർത്തണം. ഇതിനു വഴികാട്ടിയായി ബാലഗോകുലം മാറണം. ആഴ്ച തോറും സാംസ്കാരിക, സന്മാർഗ ക്ലാസ്സുകൾ സംഘടിപ്പിക്കണം. 18 വയസ്സുവരെയുള്ള കുട്ടികൾക്കു ഹിന്ദു മതബോധനം നൽകുകയായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

∙ ബാലഗോകുലം: നാൾ വഴികൾ

balagokulam-7

കോട്ടയം ∙ സംഘപരിവാർ മാസികകളിലൂടെയും വാരികകളിലൂടെയും 1950 കളിൽ കുട്ടികൾക്കായി പ്രത്യേക പംക്തി തുടങ്ങി. ബാലഗോകുലമെന്ന ആശയം പങ്കുവച്ചു. 1970 കളുടെ തുടക്കത്തിൽ കേരളത്തിലെ പല സ്ഥലങ്ങളിലും ബാലഗോകുലം യൂണിറ്റുകൾ ആരംഭിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മകൾ മൂലമുള്ള സാംസ്കാരിക അപചയത്തുനെതിരെ ശബ്ദമുയർത്തി. പ്രസിദ്ധീകരണങ്ങളുടെ തലപ്പത്തുണ്ടായിരുന്ന എം.എ. കൃഷ്ണൻ ഇതിനു മുൻകൈയെടുത്തു. കുഞ്ഞുണ്ണി മാഷ്, മാലി, എൻ.എൻ.കക്കാട് തുടങ്ങി ഒട്ടേറെപ്പേർ ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തിപകർന്നു.

balagokulam-5

1977 ൽ ജന്മാഷ്ടമി ദിനത്തിൽ ബാലഗോകുലം ആദ്യത്തെ ശോഭായാത്ര കോഴിക്കോട് നഗരത്തിൽ നടത്തി. ദ്വാപരയുഗ സ്മരണകളുണർത്തി നൂറുകണക്കിനു കുട്ടികളും രക്ഷിതാക്കളും നീങ്ങിയപ്പോൾ കേരളത്തിന് അതൊരു പുതിയ അനുഭവമായി. തുടർന്ന്, ശ്രീകൃഷ്ണ ജയന്തി കേരളമാകെ വ്യാപിച്ചു. ഇന്നു സർക്കാർ അവധിയായി. 1980-ൽ മഹാകവി അക്കിത്തം ഉദ്ഘാടനം ചെയ്ത ഗുരുവായൂരിൽ നടന്ന ആദ്യ വാർഷിക പൊതുയോഗത്തോടെ ബാലഗോകുലം സംസ്ഥാന വ്യാപകമായി ഒരു സംഘടനയായി മാറി.

ദേശീയ സാംസ്കാരിക പ്രസ്ഥാനമായി 1981 ൽ ഇത് രജിസ്റ്റർ ചെയ്തു. തുടർന്നു ശ്രീകൃഷ്ണ ജയന്തിക്ക് എല്ലായിടവും അമ്പാടിമുറ്റങ്ങൾ ഒരുങ്ങി. ശ്യാമവർണന്റെ മയിൽപ്പീലിത്തിരുമുടിയും ഓടക്കുഴലും ഗോകുലസ്മരണകളായി നിറഞ്ഞു. ഉറിയും ഊഞ്ഞാലും കൃഷ്ണകുടീരവും ചമച്ച വീട്ടുമുറ്റങ്ങളിൽ ഉണ്ണിക്കണ്ണന്മാർക്കു യശോദയുടെ വേഷത്തിൽ അമ്മമാർ വെണ്ണയൂട്ടു നടത്തുന്നതും ആഘോഷത്തിനു പതിവായി. ബാലഗോകുലത്തിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനു തുടക്കം കുറിക്കുന്നതു ബാലപതിഭകളെ അനുമോദിച്ചു കൊണ്ടാണ്. വർഷാവസാനം ഗുരുപൂജയോടെ പ്രവർത്തനങ്ങൾക്കു സമാപനമാകും.

∙ എം.എ. കൃഷ്ണൻ: ബാലഗോകുലത്തിനു സാംസ്കാരിക മയിൽപീലി നൽകിയ വ്യക്തിത്വം

കോട്ടയം ∙ ബാലഗോകുലത്തിന്റെ സ്ഥാപകനെന്ന നിലയിൽ അറിയപ്പെടുന്നയാളാണ് നവതി പിന്നിട്ട മറവുതോട്ടത്തിൽ അയ്യപ്പൻ കൃഷ്ണൻ. (എം.എ.കൃഷ്ണൻ). ബാലഗോകുലത്തിനു സാംസ്കാരിക മയിൽപീലി നൽകിയ വ്യക്തിത്വം. വാഴൂരിലെ സ്കൂളിൽ സംസ്ക‍ൃതാധ്യാപകനായിരുന്ന കാലത്ത് കോട്ടയത്ത് ആർഎസ്എസ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. തിരുവനന്തപുരത്ത് ഒരേ ആർഎസ്എസ് ശാഖയിൽ പി.പരമേശ്വരൻ മുഖ്യ ശിക്ഷകും എം.എ.കൃഷ്ണൻ ശിക്ഷകുമായി പ്രവർത്തിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രാന്തീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ്, പ്രചാർ പ്രമുഖ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം ഇപ്പോൾ ബാലഗോകുലത്തിന്റെ രാജ്യാന്തര ശ്രീകൃഷ്ണ കേന്ദ്രം അധ്യക്ഷനാണ്. എളമക്കരയിലെ ആർഎസ്എസ് കാര്യാലയമായ മാധവ നിവാസിലാണ് താമസം.

English Summary: Fifty years of balagokulam, Elaborate preparations for 2025 celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com