ADVERTISEMENT

കല്ലറ ∙ മഴ മാറി വെയിൽ തെളിഞ്ഞെങ്കിലും പഞ്ചായത്തിലെ താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിൽ. ഉദയംതറ, പറവൻതുരുത്ത്, പാലച്ചുവട്, എക്കമ്മ, മുണ്ടാർ പാറയിൽ കോളനി, മീനിക്കോണം തുടങ്ങിയ മേഖലകളിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. വീടുകളിൽ വെള്ളം നിറഞ്ഞതിനൊപ്പം വ്യാപകമായ കൃഷിനാശവും ഉണ്ട്. ഉദയംതറയിൽ ലൂക്കോസ് മുണ്ടാമറ്റം പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലെ ചേനക്കൃഷി വെള്ളത്തിലാണ്. 200 ചേനകളാണ് വെള്ളത്തിലായി പഴുത്ത് നശിക്കുന്നത്.

പുരയിടത്തിലെ മീൻകുളത്തിൽ വെള്ളം കയറി 9 മാസം പ്രായമായ ആയിരത്തോളം കാരിമീൻ കുഞ്ഞുങ്ങൾ നഷ്ടമായി. മഞ്ഞൾ, ഇഞ്ചി തുടങ്ങിയ കൃഷികളും വെള്ളത്തിലാണ്. പ്രദേശത്തെ നിരവധി വാഴകളും കാറ്റിൽ നിലംപൊത്തി. മീനിക്കോണം ഭാഗത്ത് പാറേമ്യാലിയിൽ ജോസിന്റെ മരച്ചീനി തോട്ടവും പാവൽ കൃഷിയും വെള്ളം കയറി നശിച്ചു. മുണ്ടാർ മേഖലയിൽ 9 പാടശേഖരങ്ങളിൽ വിരിപ്പ് കൃഷിക്കായി വിതച്ച നെൽവിത്തുകൾ വെള്ളത്തിലായി.

ചില പാടശേഖരങ്ങളിൽ വിതയ്ക്കാൻ കെട്ടിവച്ച നെൽവിത്ത് നശിച്ചു. മുണ്ടാർ പറമ്പൻകരി, പുലയർ കോളനി ഭാഗത്തെ തകർന്ന മുട്ട് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ വി.കെ.ശശികുമാറിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ അടിയന്തരമായി പുനഃസ്ഥാപിച്ചത് പുറംബണ്ടിലും ഉൾച്ചിറകളിലും താമസിക്കുന്ന 60 കുടുംബങ്ങൾക്ക് ആശ്വാസമായി. താഴ്ന്ന പ്രദേശങ്ങളിൽ കൃഷി ചെയ്ത നിരവധി കർഷകരുടെ കപ്പക്കൃഷി നശിച്ചിട്ടുണ്ട്.

പലരും വെള്ളത്തിൽ നിന്ന കപ്പ പറിച്ചു റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. പെരിയാർ കുളങ്ങര പറവൻതുരുത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. ഇതിനാൽ പറവൻതുരുത്ത് ഒറ്റപ്പെട്ട നിലയിലാണ്. തോടുകളിൽ ശക്തമായ ഒഴുക്ക് ഉണ്ടെങ്കിലും മുല്ലമംഗലം കളമ്പുകാട് തോട്ടിൽ പോളയും പായലും നിറഞ്ഞുകിടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com