ADVERTISEMENT

വൈക്കം ∙ മൃദംഗം കണ്ടാൽ 92–ാം വയസ്സിലും വാദ്യ കലാകാരനായ നാരായണ പ്രഭു പ്രായാധിക്യം മറന്ന് യുവത്വത്തിലെത്തും. പഴയകാലത്ത് മൃദംഗത്തിൽ ശബ്ദ പെരുമഴ തീർത്തിരുന്ന കലാകാരനാണ് വൈക്കം കൊച്ചു കവല വേക്കേൽപടി കെ.നാരായണ പ്രഭു. പ്രായാധിക്യത്താലുള്ള ശാരീരിക അവശതകൾ ഉണ്ടെങ്കിലും ഇന്നും മൃദംഗത്തെ നെഞ്ചോട് ചേർത്ത് താളം പിടിക്കുമ്പോൾ പഴയകാല അനുഭവങ്ങൾ ഓർത്തെടുക്കാൻ മറക്കാറില്ല. പിതാവിന്റെ ഇംഗിതം അറിഞ്ഞു മകൾ സുജാതയും ഭർത്താവ് രാമചന്ദ്ര പ്രഭുവും ശിഷ്യനായ രാധ കൃഷ്ണ റാവുവും മൃദംഗം വായിക്കാൻ പാകത്തിന് ഒരുക്കി നൽകിയാൽ നിറ പുഞ്ചിരിയോടെ ഇന്നും വായന ആരംഭിക്കും.

പിതാവായ കൃഷ്ണ പ്രഭുവിൽ നിന്നാണ് മ്യദംഗത്തിന്റെ ആദ്യപാഠം അഭ്യസിച്ചത്. തുടർന്ന് കലാമണ്ഡലം ശ്രീധരൻ നായർ, ഗഞ്ചിറ കൃഷ്ണയ്യർ, വൈക്കം കൃഷ്ണൻ കുട്ടി നായർ എന്നിവരുടെ ശിഷ്യനായി. എഴുപതു വർഷം മുൻപ് വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. പ്രശസ്ത കലാകാരന്മാരായിരുന്ന വി.ദക്ഷിണാമൂർത്തി, വൈക്കം വാസുദേവൻ നായർ, അഷ്ടപദി ശങ്കരൻ നമ്പൂതിരി, എന്നിവരുടെ കൂടെ മൃദംഗം വായിച്ച നാരായണ പ്രഭു കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

പഴയകാലത്ത് വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നിറ സാന്നിധ്യമായിരുന്ന നാരായണ പ്രഭുവിന് വൈക്കം സുരേഷ് കെ.പൈ, വൈക്കം ഗോപാലകൃഷ്ണൻ എന്നിവരടക്കം നിരവധി ശിഷ്യ സമ്പത്തുണ്ട്. അനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ടെങ്കിലും. സാംസ്കാരിക വകുപ്പിൽ നിന്നും ലഭിക്കുന്ന പെൻഷനാണ് ഏക വരുമാനം.

ഇത് വാർധക്യസഹജമായ അസുഖങ്ങൾക്ക് മരുന്നു മേടിക്കാൻ പോലും തികയാറില്ലെന്ന് ഈ കലാകാരൻ പറയുന്നു. പ്രായം ഏറിയതോടെ അസുഖത്തിന്റെ വ്യാപ്തിയും കൂടി. ടിവി ചാനലിലും റേഡിയോ പരിപാടികളിലും പങ്കെടുത്തിട്ടുള്ള ഈ കലാകാരൻ ഇന്ന് സ്വന്തം ചികിത്സയ്ക്കു പോലും പണം കണ്ടെത്താൻ മാർഗം ഇല്ലാതെ വിഷമിക്കുകയാണ്. വാസന്തിയാണ് ഭാര്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com