ADVERTISEMENT

കോട്ടയം ∙ വിക്ടറിന്റെ ചിത്രങ്ങളിലുള്ളവർ പുനരവതരിച്ചു. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ വിക്ടർ ജോർജിന്റെ സ്മരണയ്ക്കു പ്രസ്ക്ലബ്ബിൽ ഒരുക്കിയ വിക്ടർവോളിന്റെ ഉദ്ഘാടനച്ചടങ്ങിനാണ് ചിത്രങ്ങളിലുള്ളവർ നേരിട്ടെത്തിയത്. വിക്ടർ എടുത്ത ചിത്രങ്ങളിൽ നിന്നു മകൻ നീൽ വിക്ടർ തിരഞ്ഞെടുത്ത 10 ചിത്രങ്ങളാണു ചുമരിൽ സ്ഥാപിച്ചത്. രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.കരുണാകരനുമൊത്തു തൂശനിലയിൽ ഇഡ്ഡലി കഴിക്കുന്ന ചിത്രം നോക്കി രമേശ് വാചാലനായി. 1984ൽ സിഎംഎസ് കോളജിലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ വിദ്യാർഥിനിയോടു വോട്ടു ചോദിക്കുന്ന ചിത്രത്തിലുണ്ടായിരുന്ന മെറിമോൾ ഫിലിപ്, ഡോ. ജോളി കെ.ജോൺ, റോയ് വി.ജേക്കബ്, നിസാം സയിദ്, ഡോ. എം.കുര്യൻ തോമസ് എന്നിവരും എത്തിയിരുന്നു. ആ തിരഞ്ഞെടുപ്പിൽ റോയ് ചെയർമാനായും ജോളി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടു. ചങ്ങനാശേരിയിൽ അച്ഛന്റെ ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചതിനു ശേഷം ബൺ വാങ്ങിക്കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തിലെ പൊലീസുകാരൻ കെ.സി.മാത്യുവും എത്തിയിരുന്നു.

2006ൽ എഎസ്ഐയായി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് മാത്യു വിരമിച്ചത്.വിക്ടറിന്റെ ഭാര്യ ലില്ലി വിക്ടർ, മകൻ നീൽ, മരുമകൻ ഏലിയാസ് പയസ്, ലില്ലിയുടെ സഹോദരനും മുൻ എംപിയുമായ ജോയി ഏബ്രഹാം എന്നിവരും പങ്കെടുത്തു. ഒരു ഫൊട്ടോഗ്രഫർ എങ്ങനെയാകണം എന്നതിന്റെ മാതൃകയാണ് വിക്ടർ ജോർജെന്ന് അനുസ്മരണവും പത്രപ്രവർത്തക ദിനാചരണവും ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യ ജീവിതത്തിലെ അമൂല്യ സന്ദർഭങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലുള്ളത്. സ്വതന്ത്ര പത്രപ്രവർത്തനം സാധ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് എം.വി.വിനീത അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, മലയാള മനോരമ ഡപ്യൂട്ടി ന്യൂസ് എഡിറ്റർ മുഹമ്മദ് അനീസ്, പ്രസ് ക്ലബ് സെക്രട്ടറി റോബിൻ തോമസ്, നിസാം സയിദ്, കെ.എസ്.സുരേഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com