ADVERTISEMENT

കോട്ടയം ∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ എന്നിവരും ഉണ്ടായിരുന്നു. രാവിലെ പള്ളിയിൽ പ്രാർഥന ഉണ്ടായിരുന്നതിനാൽ അവിടെയെത്തിയ വിശ്വാസികളും കല്ലറ സന്ദർശിച്ചതിനു ശേഷമാണു മടങ്ങിയത്. ബാരിക്കേഡുകൾ എല്ലാം മാറ്റി. കുഞ്ഞുങ്ങളുമായി എത്തി മെഴുകുതിരി കത്തിച്ചു പ്രാർഥിക്കുന്ന മാതാപിതാക്കളെയും കാണാമായിരുന്നു.

ഉമ്മൻ ചാണ്ടി രാഷ്ട്രീയവിസ്മയം: സുധീരൻ
കോട്ടയം ∙ ഉമ്മൻ ചാണ്ടി ഒരു രാഷ്ട്രീയവിസ്മയമാണെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും സമചിത്തത കൈവിടാതെ ഉമ്മൻ ചാണ്ടി പ്രവർത്തിച്ചു. തന്നെ കല്ലെറിഞ്ഞ ചെറുപ്പക്കാരനോടു പോലും ക്ഷമിച്ചു. മനുഷ്യത്വമാണ് ഉമ്മൻ ചാണ്ടിയെ നയിച്ചത്. എംഎൽഎ ആയപ്പോഴും മന്ത്രിയായപ്പോഴും ആ പദവിയുടെ മറ്റൊരു മുഖം കാണിച്ചുതരാൻ സാധിച്ചു. കാര്യങ്ങൾ പെട്ടെന്നു ഗ്രഹിച്ച് പെട്ടെന്നു നടപ്പാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും സുധീരൻ പറഞ്ഞു.

എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, പി.സി.വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയം ഉമ്മൻ, കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, കുര്യൻ ജോയി, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, പി.എ.സലീം, സിഎസ്ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറി നെൽസൺ ചാക്കോ, മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.കെ.ശശിധരൻ, ലിജിൻ ലാൽ, പി.കെ.ആനന്ദക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.

വയലിനിൽ ഹൃദയാഞ്ജലിയുമായി ഡോ. ജയപ്രകാശ്

∙ കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗവിഭാഗം മുൻമേധാവി ഡോ. വി.എൽ.ജയപ്രകാശ് വയലിനിൽ ഉമ്മൻ ചാണ്ടിക്കു ഹൃദയാഞ്ജലി അർപ്പിച്ചു. ‘ലോകം മുഴുവൻ സുഖം പകരാൻ’ എന്ന ഗാനത്തിന്റെ അനുപല്ലവിയാണ് അദ്ദേഹം വയലിനിൽ വായിച്ചത്. ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പം പുലർത്തിയ ഡോ. ജയപ്രകാശ്, മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉമ്മൻ ചാണ്ടിക്ക് കോട്ടയം മെഡിക്കൽ കോളജിൽ ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. 


 ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്(ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ)

ശാരീരികമായി അസ്തമിച്ചപ്പോൾ പ്രഭ വർധിപ്പിച്ച സൂര്യനാണ് ഉമ്മൻ ചാണ്ടി.  ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്

മാർ ജോസ് പുളിക്കൽ (കാഞ്ഞിരപ്പള്ളി ബിഷപ്)

മുൻപേ പറക്കുന്ന പക്ഷികൾക്കു പ്രതിസന്ധികളും അപകടങ്ങളും ഒട്ടേറെ ഏറ്റെടുക്കേണ്ടിവരും. അങ്ങനെ മുൻപേ പറന്ന പക്ഷിയാണ് ഉമ്മൻ ചാണ്ടി.

ഡോ. തോമസ് മാർ തിമോത്തിയോസ് (യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ)

വരുംതലമുറകൾ ഉമ്മൻ ചാണ്ടിയെ മനസ്സിലാക്കുന്നതിനായി വസ്തുനിഷ്ഠവും സമഗ്രവുമായ ജീവചരിത്രം തയാറാക്കണം. അതിനായി കെപിസിസിയും ഡിസിസിയും അതിന്റെ ചുമതല ഏറ്റെടുക്കണം.

സുരേഷ് കുറുപ്പ് (മുൻ എംഎൽഎ)

അധികാരത്തിന്റെ ഗർവ് ആരോടും കാണിക്കാത്ത അസാധാരണ മനുഷ്യസ്നേഹി. തന്നെ ആക്രമിച്ചവരെപ്പോലും അദ്ദേഹം തിരിച്ച് ആക്രമിച്ചില്ല.     

മുഹമ്മദ് നദീർ മൗലവി (ഇമാം ഏകോപന സമിതി ചെയർമാൻ)              

100 കുട്ടികളിൽ കൂടുതലുള്ള സ്പെഷൽ സ്കൂളുകൾ എയ്ഡഡ് ആക്കാൻ ഉമ്മൻ ചാണ്ടി നടപടിയെടുത്തു. തുടർന്നുവന്ന ഭരണാധികാരി അതു പക്ഷേ നടപ്പാക്കിയില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com