ADVERTISEMENT

എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തിന്റെ റിപ്പോർട്ട് വിലയിരുത്താൻ നിയോഗിച്ച വിദഗ്ധ സമിതി ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളിൽ നിന്നു തെളിവെടുപ്പു നടത്തി. എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് അസിസ്റ്റന്റ് പ്രഫസർ ഡോ. എം.വി.ബിജുലാലിന്റെ നേതൃത്വത്തിലുള്ള സമിതി നൂറിൽപരം തൊഴിലാളികളെ നേരിൽക്കണ്ടു. സാമൂഹികാഘാത പഠനസംഘം ശേഖരിച്ച വിവരങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണു വിവരശേഖരണം.‌

വിമാനത്താവള നിർമാണത്തിന് എതിരല്ലെന്നും ഉചിതമായ നഷ്ടപരിഹാരം ലഭിക്കാതെ ലയങ്ങളിൽ നിന്ന് ഒഴിയില്ലെന്നും തൊഴിലാളികൾ പറഞ്ഞു. സാമൂഹികാഘാത പഠന റിപ്പോർട്ടിൽ തങ്ങളുടെ ആശങ്കകളും നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്നു തൊഴിലാളികൾ ആരോപിച്ചു. പദ്ധതി നേരിട്ടു ബാധിക്കുന്ന 250ൽ പരം തൊഴിലാളി കുടുംബങ്ങളെ കേൾക്കാൻ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയാറായിട്ടില്ലെന്നും കുറ്റപ്പെടുത്തി.

അന്തിമ റിപ്പോർട്ട് 4 ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്നു ബിജുലാൽ പറഞ്ഞു.സിഎംഎസ് കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. സിബിൻ മാത്യു മേടയിൽ (സോഷ്യൽ സയന്റിസ്റ്റ്), എംജി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് അസോഷ്യേറ്റ് പ്രഫസർ ഡോ. ബിജി ലക്ഷ്മണൻ (പുനരധിവാസ വിദഗധൻ), പഞ്ചായത്തംഗങ്ങളായ റോസമ്മ ജോൺ (മണിമല), അനിശ്രീ സാബു (എരുമേലി), സാങ്കേതിക വിദഗ്ധൻ കെ.പി.ജോസ് എന്നിവരാണു സംഘത്തിലുള്ളത്.

തൊഴിലാളികളുടെ ആശങ്കകൾ

∙ നഷ്ടപരിഹാര പാക്കേജിൽ വ്യക്തതയില്ല.

∙ എസ്റ്റേറ്റിൽ നിന്നു കുടിയിറക്കപ്പെട്ടാൽ വീടില്ല.

∙ തൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കോളനി പോലെ വീടു നൽകിയാലും ഫ്ലാറ്റുകൾ നൽകിയാലും സ്വീകരിക്കില്ല.

∙ തൊഴിലാളികളുടെ മറ്റൊരു വരുമാനമാർഗമായ കാലി വളർത്തൽ നിലയ്ക്കും. ഇതിനു പരിഹാരം വേണം.

∙ മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി വലിയ ബാങ്ക് വായ്പകൾ എടുത്തിട്ടുണ്ട്. തൊഴിലും കിടപ്പാടവും നഷ്ടപ്പെടുന്നതോടെ ഇതെല്ലാം തിരിച്ചടയ്ക്കുന്നത് പ്രതിസന്ധിയിലാകും. ഇതിനു പരിഹാരം കാണണം.

തൊഴിലാളി യൂണിയനുകളുടെ ആവശ്യങ്ങൾ

∙ തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിരം തൊഴിലാളിക്ക് 75 ലക്ഷം രൂപയും പുനരധിവാസത്തിനായി ഒരു ഏക്കർ സ്ഥലവും വീടും നൽകണം.

∙ പിഎഫ് പിടിച്ച മുഴുവൻ താൽക്കാലിക തൊഴിലാളികൾക്കും 40 ലക്ഷം രൂപയും സ്ഥലവും വീടും നൽകണം.

∙ പല കാരണങ്ങൾ കൊണ്ട് എസ്റ്റേറ്റിൽ നിന്ന് ഡിസ്മിസ് ചെയ്ത തൊഴിലാളികൾക്കും സ്ഥിരം തൊഴിലാളികളുടെ പാക്കേജ് ലഭ്യമാക്കണം.

∙ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഒരു കുടുംബത്തിൽ 2 പേർക്കു വീതം ജോലി നൽകണം.

∙ വിമാനത്താവള പദ്ധതിയിൽ തൊഴിലാളികൾക്കും ഓഹരി പങ്കാളിത്തം നൽകണം.

∙ പദ്ധതി യാഥാർഥ്യമാകുമ്പോൾ എസ്റ്റേറ്റ് ജീവനക്കാർക്ക് ഇവിടെ സർവീസ് നടത്തുന്നതിനു ടാക്സി പെർമിറ്റ് നൽകണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com