ADVERTISEMENT

പുതുപ്പള്ളി ∙ ചില പൂമരങ്ങൾ അങ്ങനെയാണ്. അവസാനത്തെ ഇലയും കൊഴിഞ്ഞെന്നു വിചാരിക്കുമ്പോൾ അവ പൂത്തുലഞ്ഞ് മണ്ണിൽ പൂമെത്ത തീർക്കും. അങ്ങനെയൊരു പൂമരമായി ജനസേവനത്തിന്റെ സുഗന്ധം പരത്തിയ ഉമ്മൻ ചാണ്ടി ഈ മണ്ണിൽ ഉറങ്ങുകയാണ്. പുതുപ്പള്ളിയുടെ മണ്ണിൽ ഉമ്മൻ ചാണ്ടി ഉണരാഉറക്കം തുടങ്ങിയിട്ട് ഇന്നു നാൽപതു നാൾ. വള്ളിയിൽ നിന്ന് കൊഴിയാൻ മടിച്ചു നിൽക്കുന്ന പൂക്കൾ പോലെ ആളുകൾ ഇപ്പോഴും പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിലെ കല്ലറയ്ക്കു സമീപമുണ്ട്. മാനത്ത് ചില്ലകളും മണ്ണിലേക്ക് ആഴത്തിൽ വേരുകളും പടർത്തിയ ഉമ്മൻ ചാണ്ടിയെന്ന വൻമരത്തിന്റെ തണൽ വിടാൻ മടിച്ചതു പോലെ.

കരഞ്ഞും പറഞ്ഞും തീരാഞ്ഞ് ആളുകൾ എഴുതിയ കുറിപ്പുകൾ ഈ കല്ലറയുടെ ചുറ്റുമുണ്ട്. ചിലർ ഇപ്പോഴും ആവശ്യങ്ങൾ എഴുതിയിട്ടിട്ടുണ്ട്. അവ കേൾക്കാൻ ഇപ്പോഴും അദ്ദേഹം കാതും ഹൃദയവും നൽകുമെന്ന വിശ്വാസത്തിൽ എഴുതിയവ. വീടിനുള്ള സഹായ അഭ്യർഥന മുതൽ ജോലി ലഭിക്കാൻ പ്രാർഥിക്കണമെന്ന അപേക്ഷ വരെ അതിലുണ്ട്. ഉമ്മൻ ചാണ്ടി ഇപ്പോഴും ജനമധ്യത്തിലാണ്. പുതുപ്പള്ളി പയ്യപ്പാടിക്കാരി കെ.പി ഓമന (56) കല്ലറയ്ക്കു സമീപം നിന്ന് പ്രാർഥനാഗാനം പാടി. അമ്മ രാജമ്മയ്ക്കും സഹോദരി ബിനു രാധാകൃഷ്ണനുമൊപ്പം എത്തിയതാണ് അവർ. കാഴ്ചയ്ക്കു പരിമിതിയുള്ള കെ.പി ഓമനയുടെ നാളുകളായുള്ള ആഗ്രഹമാണ് ഇന്നലെ സഫലമായത്.

“ഞങ്ങളുടെ റേഷൻ കാർഡിനു പ്രശ്നമുണ്ടായപ്പോൾ ശരിയാക്കിത്തന്നത് അദ്ദേഹമാണ്. മരുന്നു വാങ്ങാൻ എപ്പോഴും സഹായം തരുമായിരുന്നു” - കണ്ണുകൾ നിറഞ്ഞ് രാജമ്മ പറഞ്ഞു. തൃശൂർ അയ്യന്തോളിൽ നിന്നെത്തിയ പ്രീജയുടെ രണ്ടുവയസ്സുള്ള മകൻ ശ്രീഹരിക്കു കല്ലറയിൽ നിന്ന് തൊഴുതു പ്രാർഥിച്ചതു മതിയായില്ല. തിരുവനന്തപുരത്തു പോയി മടങ്ങുംവഴി അവർ കല്ലറ കാണാൻ എത്തിയതാണ്. കോട്ടയം താഴത്തങ്ങാടിയിൽ നിന്നുള്ള സൈനബയും കുടുംബവും പലതവണ വരാൻ ആഗ്രഹിച്ചെങ്കിലും ഇന്നലെയാണു സാധിച്ചത്. ഷാർജയിൽ നിന്ന് അവധിക്കെത്തിയ കറ്റാനം സ്വദേശി ഷാജിയും കുടുംബവും പോസ്റ്ററുമായാണു കല്ലറയിലെത്തിയത്.

അവർ അത് കല്ലറയ്ക്കു സമീപം വച്ചു. “അദ്ദേഹത്തിന്റെ 40 ആചരിക്കുന്ന ഇന്ന് വലിയ ജനത്തിരക്കാണു പ്രതീക്ഷിക്കുന്നത്. അതിനുള്ള ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്” - പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി വികാരി  ഫാ. ഡോ. വർഗീസ് വർഗീസും പള്ളി ഭാരവാഹികളും പറഞ്ഞു. വരുന്നവർക്കെല്ലാം പ്രഭാതഭക്ഷണവും ഒരുക്കുന്നുണ്ട്. അൻപതിനായിരം അപ്പവും അതിനുവേണ്ട കറിയുമാണു തയാറാക്കുന്നത്. ജോർജിയൻ സ്കൂൾ, എരമല്ലൂർ ചിറ എന്നിവിടങ്ങളിലാണു വാഹന പാർക്കിങ്.

ദേവാലയത്തിലെ പ്രാർഥനയ്ക്കു ശേഷം വീട്ടിലെ ചടങ്ങുകളും നടക്കും. കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും ഇന്നു സ്മൃതിയാത്രകളും അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടക്കും. ഇതിനുള്ള ചിത്രങ്ങളെല്ലാം എത്തിച്ചു നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ഉമ്മൻ ചാണ്ടി നടന്നുതീർത്ത വഴികളിലൂടെ അദ്ദേഹത്തിന്റെ ഓർമകളിൽ ഇന്നു നാടു നടക്കും. തങ്ങളെ കേൾക്കാൻ എന്നും വാതിലുകൾ തുറന്നിട്ട ഉമ്മൻ ചാണ്ടിക്കായി ഹൃദയകവാടങ്ങളിൽ ഓർമത്തിരികൾ തെളിയും.

യുഡിഎഫ് പ്രചാരണം ഇന്നില്ല

ഉമ്മൻ ചാണ്ടിയുടെ 40–ാം ഓർമദിനമായ ഇന്നു രാവിലെ 6.30ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രാർഥന നടക്കും. തുടർന്നു കുർബാനയ്ക്കു ഡോ. യാക്കോബ് മാർ ഐറേനിയസ് മുഖ്യകാർമികത്വം വഹിക്കും. കല്ലറയിലെ ധൂപപ്രാർഥനയിൽ ഡോ. യൂഹാനോൻ‌ മാർ ദിയസ്കോറസും പങ്കെടുക്കും. വീട്ടിലും പ്രാർഥനയുണ്ടാകും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഇന്ന് ഉണ്ടാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com