ADVERTISEMENT

മാനം മുഖം കറുപ്പിച്ചുനിന്നെങ്കിലും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ കാണാനെത്തിയ എല്ലാവരുടെയും മുഖത്ത് നല്ല തെളിച്ചം. ഹരിയാന മുതൽ വയനാട്ടിൽ നിന്നുവരെയുള്ളവർ വീട്ടുമുറ്റത്തുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഞായറാഴ്ചസദസ്സിനെ ഓർമിപ്പിച്ച ആൾക്കൂട്ടം. വയനാട് പടിഞ്ഞാറെത്തറയിൽ നിന്നെത്തിയ നാസറും യൂനുസും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരാണ്. തങ്ങളെ സഹായിച്ച ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ എത്തിയവർ. മടങ്ങാനൊരുങ്ങുമ്പോൾ സ്ഥാനാർഥി വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞ് വന്നതാണ്. ചെങ്ങന്നൂർ ബുധനൂർ പെനിയേൽ അജിഭവനിൽ ജസിക്ക് ചാണ്ടി ഉമ്മനെ കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു.

മകന്റെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളിയത് ഉമ്മൻ ചാണ്ടി സാറാണ്-കുടുംബസമേതം എത്തിയ ജസി ചാണ്ടി ഉമ്മന് ആശംസ നേർന്നു. ഡൽഹിയിൽ എൻഐഎയിൽ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി മെൽവിൻ സാം സ്വയം വരച്ച ഉമ്മൻ ചാണ്ടിയുടെ  ചിത്രം ചാണ്ടി ഉമ്മന് സമ്മാനിച്ചു.  ഹരിയാനയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായ പ്രമോദ് റാവലും സംഘവും ആറു ദിവസമായി മണ്ഡലത്തിലുണ്ട്.  സഹോദരൻ മനോജ് റാവലിനൊപ്പം ഡൽഹി സെന്റ് സ്റ്റീഫൻസിൽ പഠിച്ചതാണ് ചാണ്ടി ഉമ്മൻ. സ്ഥാനാർഥിയോടുള്ള ആളുകളുടെ സ്നേഹം കണ്ടപ്പോൾ പ്രമോദിനും കൂട്ടർക്കും ഏറെ ആഹ്ലാദം. 

സ്ഥാനാർഥി പുതുപ്പള്ളി പള്ളിയിലേക്ക്. പിതാവിന്റെ കല്ലറയിൽ  പ്രാർഥന നടത്തിയാണു പ്രചാരണത്തുടക്കം. കോൺഗ്രസ് വക്താവും എഐസിസി കോർഡിനേറ്ററുമായ അനിൽ ബോസ്, ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന ശ്രീകുമാർ എന്നിവരും  കാറിൽ. പിന്നീടു യാത്ര മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക്. പടിഞ്ഞാറെ വാതിലിൽ നിന്ന് ഉള്ളിലേക്ക് കടന്നു. അപ്പോൾ മാതാവിനോടുള്ള പ്രാർഥനയുടെ ഭാഗമാണ് ആലപിക്കുന്നത്. 

‘വാഴ്​വായിത്തീരണമേ മറിയാമിന്നോർമ...’ (പരിശുദ്ധ മറിയത്തോടുള്ള പ്രാർഥന കോട്ടയായിരിക്കട്ടെ എന്നർഥം). കുർബാനയിൽ പങ്കുകൊണ്ട ശേഷം മണർകാട് ദേവീക്ഷേത്രത്തിലേക്ക്.    അകലക്കുന്നം മണ്ണൂർപ്പള്ളി ജംക്‌ഷനിലാണ് ആദ്യ സ്വീകരണം.  അവിടേക്ക് അതിവേഗം പാഞ്ഞു. പെട്ടെന്ന് വണ്ടി നിന്നു.  വന്ന വഴി കുറച്ചു ദൂരം തിരികെ ഓടി അകം റോഡിലേക്ക് പ്രവേശിച്ചു. തോട്ടപ്പള്ളി ഭാഗം പ്ലാച്ചേരി വീട്ടിൽ മത്തായി ദാനിയേൽ(77) മരിച്ച വാർത്തയറിഞ്ഞ് ആ വീട്ടിലേക്ക് പോവുകയാണ്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം വീണ്ടും അകലക്കുന്നത്തേക്ക്.

മണ്ണൂർപള്ളിയിൽ ജനമൊന്നാകെ കാത്തുനിൽപുണ്ട്. മാലപ്പടക്കം പൊട്ടി. ചെണ്ടമേളം കൊഴുത്തു. മുൻ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി സ്ഥാനാർഥിയെ സ്വാഗതം ചെയ്തു.   അഴിമതിയും കർഷക ദ്രോഹ നടപടികളും എണ്ണിയെണ്ണി പറഞ്ഞായിരുന്നു യുഡിഎഫ് കൺവീനർ എം.എം.ഹസന്റെ ഉദ്ഘാടന പ്രസംഗം. ‘അപ്പയെ സ്നേഹിച്ചതു പോലെ എന്നെയും സ്നേഹിക്കണം. ജീവിതാവസാനം വരെ നിങ്ങൾക്കൊപ്പമുണ്ടാകും’-ചാണ്ടി ഉമ്മന്റെ വാക്കുകൾ.  മഞ്ഞാമറ്റത്തേക്ക് പര്യടന വാഹനത്തിൽ യാത്ര.

പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനുമുണ്ട് കൂടെ. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വീട്ടുമുറ്റത്തേക്കും വഴിയരികിലേക്കും ഇറങ്ങിനിൽക്കുന്നു. ചിലർ കുട്ടികളെ എടുത്തുയർത്തി സ്ഥാനാർഥിയെ ഹാരം അണിയിക്കും. മാഞ്ഞാമറ്റത്ത്  ചാറ്റൽമഴ നനഞ്ഞ് ആൾക്കൂട്ടം. സ്വീകരണത്തിനുശേഷം  മറ്റക്കര വടക്കടത്തേക്ക്. കഴിഞ്ഞദിവസം അന്തരിച്ച തിരുനിലത്തിൽ കുഴിമറ്റത്തിൽ മറിയക്കുട്ടി സക്കറിയയുടെ(99) വീട്ടിലെത്തി  കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.10.30ന് വടക്കടത്ത് എത്തിയപ്പോഴും ആളുകളേറെ. ആലഞ്ചേരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി  ഹാബേൽ ഒറ്റയ്ക്കു നിന്ന് ഡോലക് കൊട്ടിത്തകർക്കുകയാണ്. ഹാബേലിനും കിട്ടി സ്ഥാനാർഥിയുടെ സമ്മാനഷാൾ.

പര്യടനവാഹനങ്ങളുടെ എണ്ണം കൂടിവരികയാണ്. ബൈക്കിൽ ചെറുപ്പക്കാരുടെ സംഘം കോൺഗ്രസ് പതാകകളുമായി ഒപ്പമുണ്ട്.   മൂഴൂർ കുരിശുപള്ളി ജംക്‌ഷനിലേക്കു പോകും വഴി ഹരികുമാർ പള്ളിയമ്പിൽ വഴിയരികെ നിന്ന് സ്ഥാനാർഥിക്ക് പുഷ്പവൃഷ്ടി നടത്തി. അഞ്ചാം ക്ലാസ് വിദ്യാർഥി ളാക്കാട്ടൂർ ആലയിൽ വിഷ്ണു സ്ഥാനാർഥിക്ക് സ്വന്തമായി വരച്ച ചിത്രം സമ്മാനിച്ചു.  കരിമ്പാനി ജംക്‌ഷനിലും നല്ല ആൾക്കൂട്ടം. അവിടെ ഇടുക്കി മഴുവടി ഉമ്മൻ ചാണ്ടി ട്രൈബൽ കോളനിയിലെ  മൂപ്പൻ സുകുമാരൻ കുന്നുംപുറത്തും സംഘവും സ്ഥാനാർഥിയെ കാണാനെത്തി.  ബിഗ് ജോബ്സ് പ്രവർത്തകരുടെ സാംസ്കാരിക പരിപാടിയും നടന്നു. സ്നേഹമഴയിൽ മുങ്ങി ചാണ്ടി ഉമ്മന്റെ പര്യടനം രാത്രിയോടെ മണൽ ജംക്‌ഷനിലെത്തി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഉശിരൻ സമാപനപ്രസംഗം.    അകലക്കുന്നിലെ പര്യടനം അവസാനിപ്പിച്ചുമടങ്ങുകയാണ് പ്രവർത്തകർ. ആത്മവിശ്വാസം ആകാശത്തോളം.

സിപിഎം പരാജയംസമ്മതിച്ചു: കെ.സി.വേണുഗോപാൽ

കോട്ടയം ∙ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കൂടുതൽ അവകാശവാദങ്ങൾക്ക് ഇല്ലെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവന പരാജയം മനസ്സിലാക്കിയുള്ള മുൻകൂർ ജാമ്യമാണ്. മരിച്ചതിനു ശേഷവും ഉമ്മൻ ചാണ്ടിയെ ആരോപണങ്ങളിലേക്കു വലിച്ചിഴച്ചു കൊണ്ടു വരുന്നവർക്കുള്ള മറുപടിയാകും ജനം നൽകുക. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ബെംഗളൂരുവിലും വിദേശത്തും ചികിത്സ സാധ്യമാക്കി.

ഒരു ഭർത്താവിനെ, അച്ഛനെ ചികിത്സിക്കാൻ ഭാര്യയ്ക്കും മകനും താൽപര്യമില്ലെന്ന് പറഞ്ഞുപ്രചരിപ്പിക്കുന്നതു ക്രൂരതയാണ്. ഇതിനു ജനം മറുപടി നൽകും. കർഷകർക്കു വേണ്ടി നിലകൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കർഷകർ നെല്ലു സംഭരിച്ചതിന്റെ പണം ലഭിക്കുന്നതിന് 8 മാസമായി കാത്തിരിക്കുകയാണ്. കേരളത്തിലെ സിപിഎം കുത്തകമുതലാളിമാരെ സംരക്ഷിക്കുന്ന പാർട്ടിയാണെന്നും വേണുഗോപാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com