ADVERTISEMENT

എരുമേലി ∙ പമ്പാവാലി, എയ്ഞ്ചൽവാലി ബഫർസോൺ – വനമേഖല പ്രതിസന്ധിക്ക് എതിരെ സമരം നടത്തിയ ബഫർസോൺ വിരുദ്ധ ജനകീയ സമരസമിതി പ്രവർത്തകർക്കെതിരെ വിട്ടൊഴിയാതെ കേസുകൾ. കോടതി കയറി വലഞ്ഞ് സമരസമിതി പ്രവർത്തകരും ജനപ്രതിനിധികളും. പ്രതിഷേധ സമരങ്ങൾ നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും വരെ കേസ് എടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് ഉൾപ്പെടെ 3 കേസുകളുടെ സമൻസ് ഇതുവരെ ലഭിച്ചു.

ഇനിയും 3 കേസുകൾ കൂടി ബാക്കിയുണ്ട്. ഓരോ ദിവസവും പുതിയ പുതിയ കേസുകളുടെ സമൻസുകളാണു ലഭിക്കുന്നത്. 10 മുതൽ 15 പ്രതികൾ വരെയാണു ഓരോ കേസിലും ഉൾപ്പെട്ടിരിക്കുന്നത്. വലിയ തുക പിഴയാണ് ഓരോ കേസിനും ചുമത്തുന്നത്. ഇതിനു പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് സമര സമിതി.

പ്രതിഷേധക്കാർ കുളങ്ങരപ്പടിയിൽ വനം വകുപ്പ് സ്ഥാപിച്ചിരുന്ന ബോർഡ് പിഴുതെടുത്ത് എഴുകുമൺ വനംവകുപ്പ് ഓഫിസിനു മുന്നിൽ കൊണ്ടുവന്ന് കരി ഓയിൽ ഒഴിച്ചു. ഈ കേസിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള ഒരു കേസ് എടുത്തത്. വനം വകുപ്പ് ഓഫിസ് ആക്രമിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ബഫർസോൺ വിരുദ്ധ ജനകീയ സമരസമിതി ചെയർമാൻ പി.ജെ. സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വാർഡ് അംഗം മാത്യു ജോസഫ് തുടങ്ങി 64 പേർക്ക് എതിരെ ചുമത്തിയത്. ഈ കേസിൽ എല്ലാ പ്രതികളും മുൻകൂർ ജാമ്യത്തിലാണ്.

പഞ്ചായത്ത് കമ്മിറ്റി നടക്കുന്ന സമയം പഞ്ചായത്ത് ഓഫിസിനു പുറത്ത് എത്തിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചതിനും 14 പേർക്ക് എതിരെ കേസ് റജിസ്റ്റർ െചയ്തു. ഇതിൽ നിന്ന് പഞ്ചായത്ത് അംഗങ്ങളെ മാത്രം ഒഴിവാക്കി. വനം വകുപ്പിന്റെ ബോർഡ് എടുത്തുമാറ്റിയ റവന്യു വക സ്ഥലത്ത് നാട്ടുകാർ പുതിയ ബോർഡ് സ്ഥാപിച്ചതിന് എതിരെയും 15 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തു. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇതുകൂടാതെ സ്വതന്ത്ര കർഷക സംഘടന എയ്ഞ്ചൽവാലിയിൽ നടത്തിയ പ്രതിഷേധ സമരം, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എയ്ഞ്ചൽവാലിയിൽ എത്തിയ ജനകീയ സമരം, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ എയ്ഞ്ചൽവാലിയിൽ നടത്തിയ സമരം എന്നീ പ്രതിഷേധ സമരങ്ങളിലും ബഫർ സോൺ വിരുദ്ധ ജനകീയ സമരസമിതി പ്രവർത്തകർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

പിഴ അടയ്ക്കാൻ പണം കണ്ടെത്താൻ ശ്രമം

ബഫർസോൺ– വനമേഖല പ്രതിസന്ധിക്ക് എതിരെ സമരം ചെയ്ത സമരസമിതി പ്രവർത്തകർക്കും നാട്ടുകാർക്കും എതിരെ ചുമത്തിയിട്ടുള്ള കേസുകളിൽ പിഴ അടയ്ക്കാൻ പണം കണ്ടെത്തുന്നതിനു ജനങ്ങൾക്കിടയിൽ ബക്കറ്റ് പിരിവ് നടത്താനാണ് ആലോചനയെന്ന് സമര സമിതി ചെയർമാൻ പി.ജെ. സെബാസ്റ്റ്യൻ പറ‍ഞ്ഞു. നിലവിൽ സമൻസ് ലഭിച്ചിട്ടുള്ള 2 കേസിൽ മാത്രം 24000 രൂപയോളമാണ് പിഴ അടയ്ക്കേണ്ടത്. ഈ തുക കണ്ടെത്തുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com