ADVERTISEMENT

കാഞ്ഞിരപ്പള്ളി / എരുമേലി ∙ തടയണകളിലും പാലങ്ങളുടെ തൂണുകളിലും തട്ടി ആറുകളിലും തോടുകളിലും വൻ തോതിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി. ജലനിരപ്പ് ഉയരുമ്പോൾ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ തട്ടിനിന്ന് വെള്ളത്തിൽ അടിഞ്ഞു കിടക്കുകയാണ്. മണിമലയാറ്റിൽ പഴയിടം, ചിറ്റാർ പുഴയിലെ അഞ്ചിലിപ്പ പാലങ്ങളിലും വിവിധ തടയണകളിലുമാണു വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയത്. മരക്കഷണങ്ങൾ, ഉപയോഗ ശേഷമുള്ള പ്ലാസ്റ്റിക്, തുണികൾ, ഗൃഹോപകരണ അവശിഷ്ടങ്ങൾ, നിർമാണ അവശിഷ്ടങ്ങൾ തുടങ്ങിയ പാഴ്‌വസ്തുക്കളാണ് അടിഞ്ഞുകിടക്കുന്നത്.

ഇതോടെ പുഴകളുടെയും തോടുകളുടെയും ആഴം കുറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു. മഴ പെയ്താൽ പെട്ടെന്നു ജലനിരപ്പ് ഉയർന്ന് സമീപ സ്ഥലങ്ങളിലേക്കു വെള്ളം കയറി ഒഴുകുന്ന സ്ഥിതിയാണ്. പാലത്തിൽ തങ്ങിനിൽക്കുന്ന മാലിന്യങ്ങൾ പലപ്പോഴും നാട്ടുകാരാണ് നീക്കം ചെയ്യുന്നത്. തടികൾ ഉൾപ്പെടെ ഒഴുകി വന്ന് പാലങ്ങളുടെ തൂണുകളിൽ ഇടിച്ചുകിടക്കുന്നത് തൂണുകളുടെ ബലക്ഷയത്തിനു കാരണമാകുന്നു. തോട്ടിലേക്കും പുഴയിലേക്കും മരങ്ങൾ ഒടിഞ്ഞുവീഴുന്നത് യഥാസമയം എടുത്തു നീക്കാത്തതും വെള്ളമൊഴുക്കിനു തടസ്സമായിരിക്കുകയാണ്. ചിറ്റാർ പുനർജനിയുടെ ഭാഗമായി നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ നിലച്ച നിലയിലാണ് .

ഒഴുക്ക് തടസ്സപ്പെട്ട് എരുമേലിയിലെ തോടുകൾ

എരുമേലിയിലെ മിക്ക ജലസ്രോതസ്സുകളും മഴയിൽ മാലിന്യങ്ങൾ വ്യാപകമായി അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോട്ടിലാണ് ഏറ്റവുമധികം മാലിന്യങ്ങൾ ഒഴുകിയെത്തുന്നത്. തോട്ടിൽ സ്ഥാപിച്ചിട്ടുള്ള തടയണകളിൽ ഇവ തങ്ങിനിൽക്കുകയാണ്. ഏതാനും മാസം മുൻപ് കരിങ്കല്ലുമ്മൂഴി ഭാഗത്ത് തോടരികിലെ മരങ്ങളും ശിഖരങ്ങളും ഒഴുക്ക് തടസ്സപ്പെടുന്ന വിധം തോട്ടിലേക്ക് വെട്ടിയിട്ടിരുന്നു. അതോടെ മരത്തിന്റെ ശിഖരങ്ങളിൽ മാലിന്യങ്ങൾ തങ്ങി ഒഴുക്ക് തടസ്സപ്പെട്ടു. വനം വകുപ്പ് ഓഫിസിനു മുന്നിലെ പാലത്തിന്റെ അടിയിലെ തൂണുകളിൽ കഴിഞ്ഞ മഴക്കാലത്ത് മാലിന്യങ്ങൾ വന്നടിഞ്ഞ് ഒഴുക്ക് തടസ്സപ്പെടുന്ന സ്ഥിതിയുണ്ട്.

എരുമേലി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ശബരിമല തീർഥാടകർ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സാണ് വലിയതോട്. തീർഥാടന കാലത്ത് ലക്ഷക്കണക്കിനു പേരാണ് ഇവിടെ സ്നാനം നടത്തുന്നത്. ഈ തോട് സംരക്ഷിക്കാനോ നവീകരിക്കാനോ സമീപ കാലങ്ങളിൽ നടപടി സ്വീകരിച്ചിട്ടില്ല.സീസൺ കാലത്ത് ക്ഷേത്രക്കടവിനു മുന്നിലെ മണൽ വാരി മാറ്റുന്നതു മാത്രമാണ് ഏക നടപടി. തോടിന്റെ ആഴം കൂട്ടി ശുദ്ധജല ലഭ്യത ഉറപ്പാക്കാനുള്ള നടപടിയും ഉണ്ടായിട്ടില്ല.

ഏതാനും വർഷം മുൻപ് തോടിന്റെ ആഴം കൂട്ടാനും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും തോട്ടിലെ മണ്ണും ചെളിയും നീക്കുന്ന ജോലികൾ നടത്തിയിരുന്നു. എന്നാൽ മണ്ണും ചെളിയും പുറത്തേക്കു നീക്കുന്നതിനു പകരം തോടിന്റെ ഒരു വശത്തേക്ക് കൂട്ടിയിട്ടു. നഗരമധ്യത്തിലൂടെ ഒഴുകുന്ന ചെറിയ തോട്ടിലും മാലിന്യം അടിയുന്നുണ്ട്. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളുടെ പിന്നിലൂടെയാണ് ഈ തോട് ഒഴുകുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് ഒരു വർഷത്തിനുള്ളിൽ 2 തവണ ഈ തോട്ടിലെ മാലിന്യങ്ങൾ നീക്കിയിരുന്നു. എന്നാൽ വീണ്ടും ചാക്കുകളിലും കവറുകളും കെട്ടിയ മാലിന്യം വ്യാപകമായി തോട്ടിലേക്ക് തള്ളുകയാണ്. 

മണ്ഡല – മകരവിളക്ക് കാലം ആരംഭിക്കാൻ രണ്ടു മാസം മാത്രമാണ് ബാക്കിയുള്ളത്. ലക്ഷക്കണക്കിനു തീർ‌ഥാടകർ എത്തുന്ന ഇവിടെ ജലസ്രോതസ്സുകൾ ശുചിയാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. മണിമല ആറ്റിലെ കൊരട്ടി, ഓരുങ്കൽക്കടവ് എന്നിവിടങ്ങളിലും പാലങ്ങളുടെ തൂണുകളിൽ മാലിന്യങ്ങൾ വ്യാപകമായി അടിയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com