ADVERTISEMENT

കുറവിലങ്ങാട് ∙ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പ് ആരംഭിച്ച ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതി ഇഴഞ്ഞു നീങ്ങുന്നു.  ഉഴവൂർ, കാണക്കാരി പഞ്ചായത്തുകൾക്കു ഏപ്രിലിൽ അനുമതി നൽകിയെങ്കിലും തുടർപ്രവർത്തനങ്ങൾ ഉണ്ടായില്ല.പദ്ധതി തുകയുടെ 60 ശതമാനം (പരമാവധി 50 ലക്ഷം രൂപ) വിനോദ സഞ്ചാര വകുപ്പ് വഹിക്കും. ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്നോ സ്പോൺസർഷിപ് വഴിയോ കണ്ടെത്തണം. ഇതുമായി ബന്ധപ്പെട്ട നടപടിയാണ് വൈകുന്നത്. ഉഴവൂർ, കാണക്കാരി പഞ്ചായത്തുകൾക്കു തനത് ഫണ്ടിൽ നിന്നു തുക ചെലവഴിക്കാനുള്ള വരുമാനം ഇല്ല. എംപിമാർ, എംഎൽഎ എന്നിവരുടെ ഫണ്ട് ലഭിച്ചാൽ മാത്രമേ പദ്ധതി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.

പഞ്ചായത്തുകൾ ചെലവഴിക്കേണ്ട തുക ഉപയോഗിച്ചു പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ വിനോദ സഞ്ചാര വകുപ്പിന്റെ ഫണ്ട് ലഭിക്കുകയുള്ളൂ. പദ്ധതി പ്രദേശത്തു നിന്ന് ലഭിക്കുന്ന വരുമാനം പൂർണമായി തദ്ദേശ സ്ഥാപനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഈ തുക പദ്ധതി പരിപാലനത്തിന് ഉപയോഗിക്കണം. ഇതിനായി കൃത്യമായ ബിസിനസ് പ്ലാൻ തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കണം. ജില്ലയിലെ 3 പഞ്ചായത്തുകളിലെ വിനോദസഞ്ചാര പദ്ധതികൾക്കു ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ചു.

ഉഴവൂർ പഞ്ചായത്തിൽ അരീക്കുഴി ടൂറിസം പദ്ധതിക്കു സംസ്ഥാന സർക്കാർ 88 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിൽ 50 ലക്ഷം രൂപ വിനോദസഞ്ചാര വകുപ്പ് നൽകും. ബാക്കി 38 ലക്ഷം രൂപ ലഭ്യമാക്കുന്ന കാര്യത്തിൽ പഞ്ചായത്ത് അന്വേഷണം തുടരുകയാണ്. കാണക്കാരി പഞ്ചായത്തിലെ ചിറക്കുളം മധുരം പൂങ്കാവനം പദ്ധതിക്കു 98.38 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ 50 ലക്ഷം വിനോദസഞ്ചാര വകുപ്പ് നൽകും. 48.83 ലക്ഷം രൂപ പഞ്ചായത്ത് കണ്ടെത്തണം. ഇക്കാര്യത്തിൽ ഇതുവരെ നടപടി ആയിട്ടില്ല. ചിറക്കുളവും പരിസരവും കാടുപിടിച്ച അവസ്ഥയിലാണിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com