ADVERTISEMENT

കുറവിലങ്ങാട് ∙ഏതു സീസണിലും ചെയ്യാവുന്ന മരച്ചീനി കൃഷിയും നഷ്ടത്തിലേക്ക്. മരച്ചീനി കൃഷിക്കു ഭീഷണിയായി ഇത്തവണയും ചീയൽ രോഗം. കോളർ റോട്ട്, കുമിൾ രോഗം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന രോഗം തുടർച്ചയായി എത്താൻ തുടങ്ങിയതോടെ  കളത്തൂർ, കണിയോടി, പാച്ചച്ചിപ്പീടിക തുടങ്ങിയ ഭാഗങ്ങളിലെ പകുതിയിലധികം കർഷകർ മരച്ചീനി കൃഷി നിർത്തി. പച്ചക്കറികൾ ഉൾപ്പെടെ മറ്റു കൃഷികളിലേക്കു മാറി.

∙നഷ്ടം മാത്രം
വെളിയന്നൂർ പഞ്ചായത്തിലെ ഒരു കർഷകൻ കഴിഞ്ഞ ദിവസം പിഴുതുമാറ്റിയത്, ഏതാനും ദിവസം മുൻപ് നട്ട ആയിരത്തിലധികം മൂട് കപ്പ. മുള വന്ന ശേഷം കറുപ്പ് ബാധിച്ചു ചീഞ്ഞു പോകുകയാണ്. പുതിയ തണ്ട് എത്തിച്ചു കൃഷി വീണ്ടും തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. കപ്പ വളർന്നതിനു ശേഷം കാണുന്ന ചീയൽ രോഗമാണ് കളത്തൂർ മേഖലയിൽ കണ്ടെത്തിയത്. മുള പൊട്ടിയ സമയത്തു തന്നെ രോഗം ബാധിച്ച സംഭവം ആണ് വെളിയന്നൂരിൽ കണ്ടത്. മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനവും രോഗബാധയും വർധിച്ചതോടെ മരച്ചീനിക്കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയ കർഷകർ നട്ട പുതിയ ഇനങ്ങളെയും രോഗം ബാധിച്ചു. കഴിഞ്ഞ വർഷം ചീയൽ രോഗം ബാധിച്ചു മരച്ചീനിക്കൃഷി വ്യാപകമായി നശിച്ചതോടെയാണ് തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വിവിധ ഇനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത്. മരങ്ങാട്ടുപിള്ളി പ്രതീക്ഷ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ കുമരകം കാർഷിക സർവകലാശാല കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധരുടെ മേൽ‌നോട്ടത്തിൽ നടത്തിയ കൃഷിയുടെ ആദ്യഘട്ടം വിജയമായിരുന്നു. പക്ഷേ ഇത്തവണ ചീയൽ രോഗം ഇവയെയും ബാധിച്ചതായി കർഷകർ പറയുന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

∙രോഗ കാരണം  വ്യക്തമല്ല
തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ ഉൾപ്പെടെ സന്ദർശനം നടത്തിയെങ്കിലും മരച്ചീനിയുടെ രോഗ കാരണം ഇപ്പോഴും വ്യക്തമല്ല. ഫംഗസ് ആക്രമണം ഉൾപ്പെടെ സംശയിക്കുന്നു. മണ്ണിന്റെ സ്വഭാവം ക്രമാതീതമായ മാറിയതും രോഗകാരണമായി പറയപ്പെടുന്നു. രാസവളം, കളനാശിനി തുടങ്ങിയവയുടെ ഉപയോഗം വർധിച്ചതോടെ മണ്ണിന്റെ ഘടന തന്നെ മാറി. കൂന കൂട്ടി നടുന്ന മരച്ചീനിയിലാണ് രോഗബാധ കൂടുതൽ. മണ്ണിനു രണ്ടോ മൂന്നോ വർഷം വിശ്രമം നൽകണമെന്നും ശാസ്ത്രീയ പരിശോധന നടത്തണമെന്നും കൃഷി വകുപ്പ് പറയുന്നു.

കുറവിലങ്ങാട് കോഴാ ഭാഗത്തു ജില്ല മണ്ണ് പരിശോധന കേന്ദ്രത്തിൽ ഇതിനു ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചീയൽ രോഗം ഇത്തവണയും വ്യാപകമാണ്. ഈ വർഷം മുതൽ നട്ടു മുള പൊട്ടിയ മരച്ചീനിയിൽ പോലും രോഗബാധ കണ്ടെത്തി എന്ന പ്രത്യേകത ഉണ്ട്. പരിഹാര നടപടി ഉണ്ടായില്ലെങ്കിൽ മരച്ചീനി കൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണം ഇനിയും വർധിക്കും.

∙ പരിഹാര നിർദേശങ്ങൾ
ആവർത്തന കൃഷി ഒഴിവാക്കുക. കൂന തയാറാക്കുമ്പോൾ കുമ്മായം ചേർക്കുക.15ദിവസത്തിനു ശേഷം കപ്പത്തണ്ട് നടുമ്പോൾ ചുവട് ഭാഗം കാർബൻഡോസിം (ഒരു ലീറ്റർ വെള്ളത്തിൽ 2 ഗ്രാം) ലായനിയിൽ 15 മിനിറ്റ് മുക്കി വയ്ക്കുക. ട്രൈക്കോഡെർമ ചേർത്ത ജൈവ വളം ഉപയോഗിക്കുക. രോഗബാധയുള്ള തോട്ടങ്ങളിൽ ക്യാപ്റ്റൻ, ഹൈക്സകൊണസോൾ എന്നിവ ചേർത്തു 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിൽ ലായനി തയാറാക്കി ചുവട്ടിൽ ഒഴിക്കുക.

പരിശോധന നടത്തുന്നില്ല
രോഗബാധ വ്യാപകമായിട്ടും അധികൃതർ പരിശോധന നടത്തുന്നില്ല. ആവർത്തന കൃഷി ഒഴിവാക്കണമെന്നും മണ്ണിനു വിശ്രമം നൽകണമെന്നും പറയുന്നു. രോഗത്തിന്റെ കാരണം എന്താണെന്നു ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
-സജി വട്ടമറ്റം,  കർഷകൻ,കളത്തൂർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com