ആക്രമണം നടത്തിയ നായയ്ക്ക് പേവിഷബാധ

Mail This Article
പാമ്പാടി ∙ പാമ്പാടിയിൽ ജനങ്ങളെ ആക്രമിച്ച് പരുക്കേൽപിച്ച ശേഷം ചത്ത നിലയിൽ കണ്ടെത്തിയ തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആശങ്കയിൽ. കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്ന തെരുവുനായ്ക്കളെ കാണാതായതാണ് ആശങ്കയ്ക്കു കാരണം. കഴിഞ്ഞ ദിവസം വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ്, ചത്തനിലയിൽ കണ്ടെത്തിയ തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചത്.
ഇതോടെ തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റ 3 പേർക്കും ഇവരെ ആശുപത്രിയിൽ എത്തിച്ചവർക്കും ആരോഗ്യവകുപ്പും പഞ്ചായത്തും ജാഗ്രതാ നിർദേശം നൽകിയിരുന്നു. എന്നാൽ തെരുവുനായ്ക്കൾക്കെല്ലാം വാക്സീനെടുത്തെന്നാണ് പഞ്ചായത്ത് നൽകുന്ന വിശദീകരണം. ഞായറാഴ്ച രാവിലെയാണ് പാമ്പാടി ടൗണിൽ കാളച്ചന്തയ്ക്ക് സമീപം തെരുവുനായ ആക്രമണം നടന്നത്. പ്രദേശവാസിയായ 63 വയസ്സുകാരിക്കും 2 അതിഥിത്തൊഴിലാളികൾക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.
പ്രതിരോധ കുത്തിവയ്പ് എടുക്കണം
ഒരിക്കൽ കടിയേറ്റ് മുഴുവൻ കുത്തിവയ്പുകളും എടുത്തവർക്ക് 3 മാസത്തിനുള്ളിൽ വീണ്ടും കടിയേറ്റാൽ ഒരിക്കൽ കൂടി കുത്തിവയ്പുകൾ എടുക്കേണ്ടതില്ല. പ്രതിരോധ കുത്തിവയ്പുകൾ മുഴുവൻ ഡോസുകളും ഒരിക്കൽ എടുത്താൽ വർഷങ്ങളോളം പ്രതിരോധശേഷി നിലനിൽക്കുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. എന്നാലും, 3 മാസത്തിനു ശേഷം വീണ്ടുമുണ്ടാവുന്ന കടികൾക്ക് 2 ഡോസുകൾ കൂടി (0,3 ദിവസങ്ങളിൽ) ഒരു തോളിൽ തന്നെ കൊടുക്കാറുണ്ട്. മുൻപ് ഉണ്ടാക്കിയ ആന്റിബോഡികളെ ഒന്നുകൂടി ഉണർത്തി പ്രതിരോധം ശക്തിപ്പെടുത്താനാണിത്.
പേവിഷബാധയുള്ള നായയുടെ ലക്ഷണങ്ങൾ
നായയുടെ വായിൽ നിന്നു നുരയും പതയും വരിക, അക്രമസ്വഭാവം കാണിക്കുക, യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക, പെട്ടെന്ന് ഭക്ഷണം കഴിക്കാതെയാവുക, പിൻകാലുകൾ തളരുക, നടക്കുമ്പോൾ വീഴാൻ പോവുക തുടങ്ങിയവയാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ. നായ്ക്കൾ അനക്കമില്ലാതെ ഒതുങ്ങിക്കൂടുന്നെങ്കിലും ശ്രദ്ധിക്കണം.